സാംസ്കാരിക ബഹുത്വവും മുസ്ലിം ഭരണകൂടങ്ങളും

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍

വൈവിധ്യങ്ങള്‍ തിരസ്കരിക്കപ്പെടുകയും സ്വന്തം അടയാളങ്ങള്‍ക്കപ്പുറത്തുള്ളതിനെ മുഴുവനും അടിച്ചമര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള ഒരു ഏകാധിപത്യ സാമൂഹിക ക്രമം വിവിധ രൂപത്തിലും ഭാവത്തിലും നമ്മുടെ കണ്‍മുന്നില്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണല്ലോ. ഇസ്ലാമോ ഫോബിയയും ഐ.എസും പശു ദേശീയതയും അഭയാര്‍ത്ഥി പ്രശ്നങ്ങളുമെല്ലാം വര്‍ത്തമാനകാലത്തെ അതിന്‍റെ വ്യത്യസ്ത പതിപ്പുകളാണ്. എല്ലാത്തിന്‍റെയും അന്തര്‍ധാര ഒരേ മൂശയില്‍ വാര്‍ക്കപ്പെട്ടതു തന്നെയാണ്. ചരിത്രവും വര്‍ത്തമാനവും ഭാവിയും ഇഴ ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടു തന്നെ ചരിത്ര ബോധം മാത്രമാണ് വര്‍ത്തമാനത്തിന് പരിഹാരമുണ്ടാക്കുന്നതും ഭാവിയുടെ നിലനില്‍പ്പ് സാധ്യമാക്കുന്നതും.

ബഹുസ്വരതയുമായി ബന്ധപ്പെട്ടു ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പുതിയ കാലത്ത്   ഉയര്‍ത്തുന്ന സമസ്യകള്‍ ഇവിടെ ഇസ്ലാമിക ഭരണകൂട ചരിത്ര വായനയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ്.മതകീയമായ വിതാനത്തിലൂടെ ജീവിതം നയിച്ച ഓരോ മുസ്ലിം ഭരണാധികാരികളും അവര്‍ക്ക് കീഴിലുള്ള സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങളെ പരിഗണിക്കുകയും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്തതായും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ബഹുസ്വര മുഖങ്ങളെ ഏതര്‍ത്ഥത്തില്‍ കൈകാര്യം ചെയ്യണമെന്നത് വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും കൃത്യമായി പഠിപ്പിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട പ്രവാചക ചരിത്രം ഏറെ സമ്പന്നവും ഊര്‍ജ്ജദായക ശക്തിയുമാണ്. നബി ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സാമൂഹികവും രാഷ്ട്രീയ പരവും മതപരവുമായ വൈവിധ്യങ്ങളെ കൈകാര്യം ചെയ്തതിന്‍റെ പ്രവാചകനാന്തരമുള്ള കാലഘട്ടത്തിലെ ചില ചരിത്ര നിമിഷങ്ങളെ വിലയിരുത്തുകയാണിവിടെ.ഇസ്ലാമിക ഭരണകൂടങ്ങളെല്ലാം തന്നെ പിന്തുടര്‍ന്നിരുന്നത് പ്രവാചകനും തിരുസ്വഹാബത്തും കാണിച്ചു തന്നിരുന്ന അതേ മാതൃകകള്‍ തന്നെയായിരുന്നു.എല്ലാ മത സമൂഹങ്ങള്‍ക്കും അവരുടേതായ രീതി ശാസ്ത്രങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഓരോ ഭരണാധികാരികളും വക വെച്ചു നല്‍കുകയുണ്ടായി.

നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങളോ അടിച്ചമര്‍ത്തലുകളോ മുസ്ലിം ഖിലാഫത്തുകള്‍ക്ക് കീഴില്‍ ആര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല.പ്രമുഖ പണ്ഡിതനായ ഡോക്ടര്‍ മുസ്തഫാ സിബാഈ പറയുന്നത് കാണുക;ഉമവി കാലം തൊട്ട് കൃസ്ത്യാനികള്‍ തങ്ങളുടെ ചടങ്ങുകളും ഉത്സവങ്ങളും നടത്തിയിരുന്നത് പൊതു നിരത്തുകളില്‍ വെച്ചായിരുന്നു.കുരിശ് ചുമന്ന് ഘോഷയാത്രകള്‍ നടത്തുന്നത് അവര്‍ പതിവാക്കിയിരുന്നു.മത നേതാക്കന്മാര്‍ അതില്‍ സംബന്ധിച്ചിരുന്നത് മത വസ്ത്രങ്ങളണിഞ്ഞായിരുന്നു.ഹാറൂണ്‍ റഷീദിന്‍റെ  കാലത്ത് ഇസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് കൃസ്ത്യാനികള്‍ വലിയ കുരിശ് ചുമന്ന് വമ്പിച്ച പ്രകടനം നടത്തിയിരുന്നു(ഇസ്ലാമിക നാഗരികത; ചില ശോഭന ചിത്രങ്ങള്‍.പേജ്;113)

ഇസ്ലാമിക രാഷ്ട്രം മത മേധാവികള്‍ക്ക് തങ്ങളുടെ മേഖലകളില്‍ പൂര്‍ണ്ണസ്വാതന്ത്ര്യമനുഭവിക്കുകയും തങ്ങളുടെ അനുയായികളുടെ മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കുകയും ചെയ്തിരുന്നു.ഭരണകൂടം അതിലൊന്നും ഇടപെട്ടിരുന്നില്ല.റോമാ ഭരണാധികാരികളുടെ കാലത്ത് അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്ത സ്വാതന്ത്ര്യമാണ് സ്വദേശികളായ കൃസ്ത്യാനികള്‍ക്ക് മുസ്ലിങ്ങളില്‍ നിന്ന് ലഭിച്ചത്( അതേ പുസ്തകം;106/107)

എന്നിരുന്നാലും ഇത്തരം സുന്ദരമായ ചരിത്ര ചിത്രങ്ങളെ അവഗണിക്കുകയും മുസ്ലിങ്ങള്‍ക്കെതിരെയും മുസ്ലിം ഭരണാധികാരികള്‍ക്കെതിരെയും ആരോപണമുന്നയിക്കുകയും ചെയ്യുന്നവരെയും നമുക്ക് ലോകത്ത് കാണാനാവുന്നതാണ്.ഇസ്ലാമിന് കീഴില്‍ മറ്റു സമൂഹങ്ങള്‍ക്ക് പീഢനങ്ങളും പ്രയാസങ്ങളും മാത്രമായിരുന്നു എന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ചരിത്രകാരډാരും നമുക്കിടയില്‍ സുലഭമാണ്.ഇസ്ലാമിന്‍റെ വ്യാപനത്തിന് വാളിന്‍റെ സഹായം അനിവാര്യമായിരുന്നു എന്ന് വാദിക്കുന്നവരെയും ചരിത്രവും വര്‍ത്തമാനവും നമുക്ക് പറഞ്ഞു തരുന്നുണ്ട്.

ഇസ്ലാമിക ചരിത്രത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ മടിയുള്ളവരാണ് ഇതിനൊരുങ്ങുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.എന്നാല്‍ ലോകത്തുടനീളമുള്ള ഇസ്ലാമിക വ്യാപനത്തെക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷം ഗ്രന്ഥമെഴുതിയ ഡോക്ടര്‍ തോമസ് ആര്‍നോള്‍ഡ് പറയുന്നത് കാണുക;ക്രൈസ്തവരോട് മുസ്ലിം ഭരണത്തിന്‍റെ ആദ്യ കാലത്ത് കാണിച്ച സഹിഷ്ണുതയുടെ വെളിച്ചത്തില്‍ വാളാണ് മത പരിവര്‍ത്തനത്തിന്‍റെ മുഖ്യ ഉപകരണം എന്ന വാദം ഒട്ടും തൃപ്തികരമല്ലാത്തതാകുന്നു(ഇസ്ലാം;പ്രബോധനവും പ്രചാരവും)തോമസ് ആര്‍നോള്‍ഡ് ദഹ്നോബിയെ ഉദ്ദരിച്ച് പറയുന്നത് കാണുക;മത വിശ്വാസം രാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്നും മുക്തമായപ്പോള്‍ വ്യക്തിപരമായ വിശ്വാസത്തെ കയ്യേറ്റം ചെയ്യുന്നതില്‍ നിന്നും അകന്ന് നിന്ന ഏറ്റവും ഉദാത്തമായ മതം ഇസ്ലാം മാത്രമായിരുന്നു എന്ന് കാണാം.രാഷ്ട്രത്തിന്‍റെ ഭദ്രത ഭീഷണിക്ക് വിധേയമായപ്പോള്‍ ഇസ്ലാമിക ഭരണകൂടങ്ങള്‍ മതപരമായ ഏകീകരണത്തിന് എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ പ്രേരിതമായി.അപ്പോള്‍ പോലും ഇസ്ലാമിക മൂല്യങ്ങളില്‍ നിന്നും ഉയിര്‍കൊണ്ട ഉദാരതയുടെ ഈ തത്വം അതിന്‍റെ പരമകാഷ്ഠയില്‍ തന്നെയായിരുന്നു.പീഢനത്തിന്‍റെയും ബലാല്‍കാരത്തിന്‍റെയും യാതൊരു ലാഞ്ജനയും എവിടെയും നമുക്ക് കാണാനാകുന്നില്ല( അതേ പുസ്തകം;പേജ് 551)

ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ ആദ്യത്തെ ഖലീഫ സിദ്ദീഖ്(റ) ഹീറാ നിവാസികളോടുണ്ടാക്കിയ സന്ധിയിലിങ്ങനെ കാണാം; “അവരുടെ ആരാധനാലയങ്ങളും കനീസയും ശത്രിക്കളില്‍ നിന്നും രക്ഷ നേടുന്ന  കോട്ടയും പൊളിക്കപ്പെടുന്നതല്ല.മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.”. ഖലീഫ ഉമര്‍(റ)ഈയിലാവാസികളുമായുണ്ടാക്കിയ വ്യവസ്ഥകള്‍ കാണുക; അല്ലാഹുവിന്‍റെ അടിമയും മുഅ്മിനീങ്ങളുടെ നേതാവുമായ ഉമര്‍ ഈലിയാ വാസികള്‍ക്ക് നല്‍കുന്ന സംരക്ഷണമാണിത്.എല്ലാവരുടെയും ചര്‍ച്ചുകള്‍ക്കും കുരിശുകള്‍ക്കും മത സംബന്ധമായ എല്ലാത്തിനും സംരക്ഷണം ഉറപ്പു നല്‍കുന്നു.ആരുടെയും ചര്‍ച്ചുകള്‍ വാസസ്ഥലമാക്കുകയോ നശിപ്പിക്കുകയോ അരുത്.അവയോട് ചേര്‍ന്നു നില്‍ക്കുന്ന വസ്തുവഹകള്‍ കുറച്ച് കളയരുത്.അതുപോലെത്തന്നെ അവരുടെ സ്വത്തുക്കളെയോ കുരിശുകളെയോ പിടിച്ചെടുക്കരുത്.വിശ്വാസ കാര്യങ്ങളില്‍ ആരുടെയും മേല്‍ പ്രതിബന്ധമുണ്ടാക്കുകയോ മതം മാറ്റത്തിന് നിര്‍ബന്ധിക്കുകയോ അരുത്.ആരെയും ഉപദ്രവിക്കാനും പാടില്ല.(ത്വബ്രി) ഉടമ്പടികള്‍ക്ക് വിധേയമായവനെ (ദിമ്മി)ഉപദ്രവിക്കുകയോ അമിതമായ നികുതി ചുമത്തുകയോ ചെയ്യുന്നവനെതിരെ അന്ത്യദിനത്തില്‍ ഞാന്‍ വാദിക്കുന്നതാണെന്ന് മുത്ത് നബി തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട് ( കിതാബുല്‍ ഖറാജ്; പേജ് 71)

ഖാലിദുബ്നുവലീദ്(റ)ഉണ്ടാക്കിയ സന്ധിയില്‍ ഇപ്രകാരമായിരുന്നു; അവരുടെ മഠങ്ങളും ചര്‍ച്ചുകളും നശിപ്പിക്കപ്പെടുകയില്ല.നമസ്കാര വേളയിലൊഴിച്ച് രാത്രിയോ പകലോ അവര്‍ ഇഛിക്കുമ്പോഴെല്ലാം മണിയടിക്കാവുന്നതും വിശേഷ ദിവസങ്ങളില്‍ കുരിശ് എഴുന്നള്ളിക്കാവുന്നതുമാണ് ഫലസ്തീന്‍ കീഴടക്കി ഹിറാക്ലിയസ്സിന്‍റെ മര്‍ദ്ദക ഭരണമവസാനിപ്പിച്ച മഹാനായ ഉമര്‍ (റ)നെ തദ്ദേശ വാസികള്‍ ഹൃദയം തുറന്ന് സ്വീകരിച്ചു.ആ പ്രദേശങ്ങള്‍ ചുറ്റിക്കാണുന്നതിന് വേണ്ടി ഉമര്‍(റ)നോടൊപ്പം ക്രൈസ്തവ പുരോഹിതനായ സഫര്‍ നിയൂസും സംഘവും ഉമര്‍(റ)നെ അനുഗമിച്ചു.നിസ്കാര സമയമായപ്പോള്‍ അതിന് വേണ്ടി സ്ഥലമാവശ്യപ്പെട്ട ഉമര്‍(റ)നോട് അവരുടെ ചര്‍ച്ചില്‍ വെച്ച് നിസ്കരിക്കാനാവശ്യപ്പെട്ടുഎന്നാല്‍ ഉമര്‍ (റ)ഇത് തിരസ്കരിക്കുകയും താനവിടെ വെച്ച് നിസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിങ്ങളാരെങ്കിലും അതിന്‍റെ പേരില്‍ അവകാശമുന്നയിക്കുകയും അത് പളളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കാം എന്ന് പറഞ്ഞ് പള്ളിക്ക് പുറത്ത് വസ്ത്രം വിരിച്ച് നിസ്കരിക്കുകയാണ് ചെയതത്.അംറുബ്നുആസ്(റ)ഒരു ക്രൈസ്തവ സ്ത്രീയുടെ വീട് പൊളിച്ച് നിര്‍ബന്ധപൂര്‍വ്വം പള്ളിയോട് ചേര്‍ത്തു.

ആ സ്ത്രീ ഖലീഫ ഉമര്‍(റ)നോട് പരാതിപ്പെട്ടു.മഹാന്‍ ഗവര്‍ണറെ പരാതിയുടെ അടിസ്ഥാനത്തില്‍ വിചാരണക്ക് വിളിച്ചു.ഖലീഫയോട് അംറ് (റ)ഇപ്രകാരം മറുപടി നല്‍കി;”മുസ്ലിങ്ങളുടെ സംഖ്യ വളരെയേറെ വര്‍ദ്ധിച്ചു.പള്ളിയില്‍ സ്ഥലമില്ലാതെ നിസ്കരിക്കാന്‍ പ്രയാസം നേരിട്ടു.അത് വിശാലമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന്‍റെ അടുത്ത് ആ സ്ത്രീയുടെ വീടുണ്ടായിരുന്നു.അതിന് ന്യായമായ വില നല്‍കാമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് വില്‍ക്കാന്‍ തയ്യാറായില്ല.അതിനാല്‍ വീട് പൊളിച്ച് പള്ളിയോട് ചേര്‍ക്കുകയാണ് ഉണ്ടായത്.

അതിന്‍റെ വില ആ സ്ത്രീക്ക് ഏത് നേരവും സ്വീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പൊതു ഖജനാവില്‍ നിക്ഷേപിച്ചിട്ടുണ്ട്.” എന്നാല്‍ ഈ മറുപടി ഉമര്‍ (റ) സ്വീകരിച്ചില്ല.പ്രസ്തുത പള്ളിയുടെ ഭാഗം പൊളിച്ച് നീക്കി പകരം ആ ക്രൈസ്തവ സ്ത്രീയുടെ വീട് നിര്‍മ്മിച്ച് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.മുസ്ലിങ്ങളുടെ ഈ സ്വഭാവം മൂലം മറ്റു സമുദായങ്ങള്‍ മുസ്ലിങ്ങളുടെ സാന്നിധ്യത്തെ അതിയായി ആഗ്രഹിച്ചിരുന്നു.അബൂ ഉബൈദ(റ)യുടെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം ജോര്‍ദാന്‍ താഴ്വരയിലെത്തിയപ്പോള്‍ തദ്ദേശവാസികളായ ക്രിസ്ത്യാനികള്‍ മുസ്ലിങ്ങള്‍ക്കിപ്രകാരം എഴുതി; മുസ്ലിങ്ങളേ,ഞങ്ങള്‍ ബൈസാന്‍റിയക്കാരെക്കാള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.അവര്‍ ഞങ്ങളുടെത്തന്നെ വിശ്വാസത്തില്‍ ഉള്ളവരാണെങ്കിലും നിങ്ങളാണ് ഞങ്ങളോട് വാക്കുപാലിക്കുകയും കാരുണ്യം കാണിക്കുകയും അനീതി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത്.( ഉദ്ധരണം; ഇസ്ലാം പ്രബോധനവും പ്രചാരവും പേജ്;6).

ഈജിപ്ത് മുതല്‍ അറ്റ്ലാന്‍റിക്ക് തീരം വരെ പരന്ന് കിടക്കുന്ന വിശാല പ്രദേശമാണ് ഉത്തരാഫ്രിക്ക.അംറുബ്നുല്‍ ആസ്(റ),മുആവിയ(റ),ഉഖ്ബത്തുബ്നു നാഫിഅ്(റ),അബുല്‍ മുഹാജിര്‍ ദീനാര്‍, ഹസ്സാദുബ്നു നുഅ്മാന്‍ ,മൂസബ്നു നുസൈര്‍,ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) തുടങ്ങി ഉത്തരാഫ്രിക്ക ഭരിച്ച എല്ലാ ഭരണാധികാരികളുടെ ചരിത്രവും സൗഹാര്‍ദ്ദത്തിന്‍റെതും സഹിഷ്ണുതയുടെയും വൈവിധ്യങ്ങളോടിഴുകിച്ചേര്‍ന്ന് ജീവിതം നയിക്കാനുള്ള മാനസികാവസ്ഥയുടെയും ഉദാത്തമായ വശങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.അബുല്‍ മുഹാജിര്‍ ദീനാര്‍ ഉത്തരാഫ്രിക്കയുടെ ഭരണം കയ്യാളിയിരുന്ന സന്ദര്‍ബത്തില്‍ അവിടത്തെ പ്രമുഖരായിരുന്ന ബര്‍ബറുകള്‍ മുസ്ലിങ്ങളുടെ സ്വഭാവമഹിമയില്‍ ആകൃഷ്ടരായി ഇസ്ലാം പുല്‍കുകയാണ് ചെയ്തത്.യഹൂദരും ക്രൈസ്തവരും ബുദ്ധരും സൗരാഷ്ട്ര മതക്കാരുമായിരുന്നു മുസ്ലിങ്ങള്‍ പേര്‍ഷ്യയിലെത്തുമ്പോള്‍ അവിടെ താമസിച്ചിരുന്നത്.മുസ്ലിങ്ങള്‍ പേര്‍ഷ്യ കീഴടക്കിയ സന്ദര്‍ബത്തിലും ആ മതക്കാര്‍ക്കൊന്നും യാതൊരു വിധ പ്രയാസമോ പ്രതിസന്ധിയോ തടസ്സങ്ങളോ അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല.എല്ലാവരുടെയും വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും ചെയ്തു.

ഉബൈദുല്ലാഹിബ്നുസിയാദ് ബസ്വറയിലെ ഗവര്‍ണറായിരുന്ന കാലത്ത് (ഹിജ്റ;55 മുതല്‍ 64 വരെ)അദ്ദേഹത്തിന്‍റെ തൊഴില്‍ കാര്യ മന്ത്രാലയത്തിലെ പേര്‍ഷ്യന്‍ ഉദ്യോഗസ്ഥരുടെ എണ്ണം 140,000 ആയിരുന്നു.മുസ്ലിം ഭരണകൂടവും മറ്റുള്ളവരും തമ്മിലെ ബന്ധം എത്രമായിരുന്നുവെന്ന് ഇതില്‍ നിന്നും ഊഹിക്കാവുന്നതേയുള്ളൂ.പരസ്പരമുളള ഈ ബന്ധം അവസാനം പേര്‍ഷ്യക്കാരിലെ ഭൂരിഭാഗവും ഇസ്ലാം സ്വീകരിക്കുന്നതിലാണെത്തിപ്പെട്ടത്.ട്രാന്‍സ് ഓക്സിയാന (മാ വറാഅന്നഹ്ര്‍) ഖുതൈബത്തുബ്നുമുസ്ലിമില്‍ ബാഹിലി എന്ന മുസ്ലിം സൈന്യാധിപന്‍ കീഴടക്കിയ ശേഷവും അവിടെയുള്ള നിവാസികളോട് നല്ല രീതിയിലാണ് വര്‍ത്തിച്ചത്.മുസ്ലിങ്ങളുടെ സമീപനത്തിലെ സൗന്ദര്യം കണ്ട് ആ പ്രദേശ വാസികള്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിക്കുകയാണ് ചെയ്തത്.

ആളുകള്‍ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് ഒഴുകിയപ്പോള്‍ പ്രവിശ്യാഭരണത്തിന് സാമ്പത്തിക പ്രയാസം നേരിടുകയുണ്ടായി.ഇതിനെ മറികടക്കാന്‍ ഭരണാധികാരികള്‍ നാട്ടുകാരായ പുതുമുസ്ലിങ്ങളില്‍ നിന്നും ജിസ്യ(കപ്പം)വാങ്ങാന്‍ തുടങ്ങി.ഇസ്ലാമിക ശരീഅത്തിന് കടക വിരുദ്ധമായിരുന്നു ഈ നടപടി.എന്നാല്‍ പ്രവിശ്യാ ഗവര്‍ണര്‍മാരുടെ ഈ നടപടിയെക്കുറിച്ചറിഞ്ഞ ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ക്ഷോഭിച്ച് കൊണ്ട് ഇപ്രകാരം കത്തെഴുതുകയുണ്ടായി;”നിങ്ങളുടെ അഭിപ്രായം അല്ലാഹു വികൃതമാക്കട്ടെ,അല്ലാഹു മുഹമ്മദ് നബിയെ അയച്ചത് മാര്‍ഗ ദര്‍ശകനായിട്ടാണ്, നികുതി പിരിവുകാരനായല്ല”(ഇസ്ലാമിക വിജ്ഞാന കോശം 6/579,580) സ്പെയിന്‍ മുസ്ലിങ്ങളുടെ അധീനതയില്‍ വരുന്നതിന് മുമ്പ് തന്നെ അവിടെയുള്ള ക്രൈസ്തവ ഭരണാധികാരിയായിരുന്ന റെഡറിക്കിന്‍റെ ശല്യത്തില്‍ നിന്നും സ്പെയിന്‍ നിവാസികളെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് മറ്റൊരു ക്രൈസ്തവ നേതാവായിരുന്ന ജൂലിയാന്‍ മുസ്ലിങ്ങളുടെ സേനാനായകനായിരുന്ന മൂസബ്നു നുസൈറിനോട് സഹായമാവശ്യപ്പെട്ടത് ചരിത്രത്താളുകളിലെ തുല്യതയില്ലാത്ത മാതൃകയാണ്.

എന്നാല്‍ സ്പെയിന്‍ കീഴടക്കി എട്ട് നൂറ്റാണ്ടുകളോളം ഭരണം നടത്തിയിട്ടും അവിടുത്തെ മറ്റു മതസ്ഥരോട് ജേതാക്കള്‍ എന്ന നിലയില്‍ ഗോത്തിക്കുകളോട് പ്രതികാരം ചെയ്യുകയോ ക്രിസ്തുമത വിശ്വാസികളെ ഉډൂലനം ചെയ്യുകയോ ചെയ്തിരുന്നില്ല.എന്നാല്‍ മുസ്ലിങ്ങളില്‍ നിന്നും ഭരണം തിരിച്ചു പിടിച്ചതിന് ശേഷം ഫെര്‍ഡിനന്‍റും ഇസബെല്ലയും മുസ്ലിങ്ങള്‍ അവരോട് കാണിച്ചിരുന്നതിന് നേരെ വിപരീതമായാണ് പ്രവര്‍ത്തിച്ചത്.

മത സ്വാതന്ത്ര്യം വക വെച്ചു നല്‍കുകയെന്നത് മാത്രമായിരുന്നില്ല മുസ്ലിങ്ങളും ഇതര സമൂഹങ്ങളും തമ്മിലെ ബന്ധത്തില്‍ നിഴലിച്ച് നിന്നിരുന്നത്.സാമൂഹികവും ഭൗതികവുമായ വികാസത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഇതര സമൂഹങ്ങളില്‍ നിന്നും സ്വീകരിക്കാനും ഇസ്ലാമിക ഭരണ കൂടങ്ങള്‍ നേതൃത്വം നല്‍കിയിരുന്നു.വിവിധ വൈജ്ഞാനിക ശാഖകള്‍ക്ക് അടിത്തറ പാകിയ ആദ്യ കാല മുസ്ലിങ്ങള്‍ അറിവുകള്‍ സ്വീകരിക്കാന്‍ ഇതര സമൂഹങ്ങളിലെ ആളുകളാല്‍ വിരജിതമായ കൃതികളെയായിരുന്നു ആശ്രയിച്ചിരുന്നത്.ഗ്രീക്ക്,പേര്‍ഷ്യന്‍ അടക്കമുള്ള കൃതികളെ അറബിയിലേക്ക് ഭാഷാന്തരം നടത്താനും അതിനെ പ്രോത്സാഹിപ്പിക്കാനും വ്യവസ്ഥാപിതമായ മാര്‍ഗങ്ങളും സംവിധാനങ്ങളും അവിടെയുണ്ടായിരുന്നു.

അബ്ബാസി ഖിലാഫത്തിന് കീഴിലുണ്ടായിരുന്ന ബൈതുല്‍ ഹിഖ്മ ഇതിന്‍റെ മകുടോദാഹരണമായിരുന്നു.പ്രവാചക കാലം മുതല്‍  മുതല്‍ ഉസ്മാനിയ്യ ഖിലാഫത്ത് വരെ നീണ്ടു നില്‍ക്കുന്ന ഓരോ ഭരണകൂടങ്ങള്‍ക്ക് കീഴിലും  ഇത്തരം സാമൂഹിക മുന്നേറ്റത്തിന്‍റെ പാതയില്‍ കാലാനുസൃതമായ പരസ്പര സഹകരണത്തിന്‍റെയും വിനിമയത്തിന്‍റെയും സുന്ദരവും ശോഭനവുമായ ചിത്രങ്ങള്‍ നിരവധി നമുക്ക് കാണാവുന്നതാണ്.

ഉസ്മാനിയ്യ ഖിലാഫത്തിന് കീഴിലെ ഇതര സമൂഹങ്ങളുടെ ജീവിതം ഭാസുരവും ആരെയും ആകര്‍ഷിപ്പിക്കുന്നതുമായിരുന്നു.എഡി.1288 മുതല്‍ 1700 വരെയായിരുന്നു ഉസ്മാനിയ്യാഖിലാഫത്തിന്‍റെ സുവര്‍ണ്ണ കാലം.1700 മുതല്‍ 1924 വരെ ക്ഷയോന്മുഖമായ അവസ്ഥയിലും ഈ മുസ്ലിം ഭരണകൂടം മുന്നോട്ട് നീങ്ങി.ഇസ്ലാമിക ശരീഅത്തിന്‍റെയടിസ്ഥാനത്തിലായിരുന്നു ഭരണം നീങ്ങിയിരുന്നതെങ്കിലും സാമ്രാജ്യത്തിന് കീഴിലെ ഇതര മത ജാതി വംശീയ വിഭാഗങ്ങള്‍ക്കെല്ലാം വിശ്വാസപരവും സാംസ്കാരികവുമായ സ്വാതന്ത്ര്യത്തോടൊപ്പം പ്രാദേശിക സ്വയം ഭരണാവകാശം കൂടി നല്‍കിയ മതേതര ഫെഡറല്‍ സ്വഭാവത്തോട് കൂടിയ ഭരണ സംവിധാനമായിരുന്നു ഉസ്മാനികളുടേത്.

എല്ലാ ഇസ്ലാമിക രാജ്യങ്ങളിലുമെന്ന പോലെ ഉസ്മാനി ഭരണകൂടത്തിന് കീഴിലും അമുസ്ലിം പ്രജകള്‍ക്ക് മാന്യമായ പെരുമാറ്റമാണ് ലഭിച്ചത്.അവര്‍ക്ക് പൂര്‍ണ്ണമായ മത സ്വാതന്ത്ര്യം ലഭിക്കുകയും സാമ്പത്തിക സാമൂഹിക രംഗത്ത് സ്വന്തമായി അഭിവൃദ്ധി നേടാനും വികസിക്കാനുമുള്ള അവസരം ഉദാരമായി അനുവധിക്കപ്പെടുകയും ചെയ്തു.(വിജ്ഞാനകോശം;450/6)കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കിയ ശേഷം സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹ് അതിനെ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമാക്കിയപ്പോള്‍ മതാധിഷ്ഠിതമായ നാല് മില്ലത്തുകളാണ് അന്ന് അവിടെയുണ്ടായിരുന്നത്.നഗരങ്ങളില്‍ ഓരോ മില്ലത്തിനും പ്രത്യേകം വാസ സ്ഥലങ്ങളും അതിനോടനുബന്ധിച്ച് ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉണ്ടായിരുന്നു.

ഓരോ മത വിഭാഗത്തിനും അവരുടേതായ സാംസ്കാരികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിഞ്ഞു എന്നതാണ് ഈ സംവിധാനത്തിന്‍റെ മെച്ചം.ഉസ്മാനീ സല്‍ത്തനത്തിന് കീഴില്‍ ഓരോ മത മേധാവികള്‍ക്കും കാര്യങ്ങള്‍ സ്വന്തം മത വിധി പ്രകാരം നടത്താന്‍ അനുവാദമുണ്ടായിരുന്നു.

ഓരോ മില്ലത്തുകളും സ്വന്തം നിലക്ക് സ്കൂളുകളും വൃദ്ധ സദനങ്ങളും സാധു പരിപാലന കേന്ദ്രങ്ങളും സ്ഥാപിക്കുകയും റോഡുകള്‍ നിര്‍മ്മിക്കുകയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു.പൊതുവായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി വിവിധ മില്ലത്തുകളുടെ നേതാക്കള്‍ സംയുക്തമായി സമ്മേളിക്കുകയും പൊതുവായ ആഘോഷങ്ങളുടെ സമയത്ത് അവര്‍ പരസ്പരം സഹകരിക്കുകയും ചെയ്തു.വിവിധ മില്ലത്തുകള്‍ ഇങ്ങനെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത് ഏറ്റവും ആധുനികമായ ഒരു സെക്കുലര്‍ ഫെഡറല്‍ സ്റ്റേറ്റിന്‍റെ വിതാനത്തിലേക്ക് ഉയര്‍ത്തുന്നതായിരുന്നു ഈ മില്ലത്ത് വ്യവസ്ഥ(ഇസ്ലാമിക വിജ്ഞാന കോശം 6/452)ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കുമിടയിലുണ്ടായിരുന്ന പ്രശ്നങ്ങളും സംഘര്‍ഷങ്ങളും മുസ്ലിം സുല്‍ത്താډാരായിരുന്നു ഇല്ലാതാക്കിയിരുന്നത്.ചരിത്രത്തിലെക്കാലത്തും ക്രൈസ്തവരും ജൂതډാരും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.ഈ രണ്ട് മതങ്ങള്‍ക്കിടയില്‍ വര്‍ഗപരമായ വിരോധങ്ങള്‍ നിലനിന്നതായി കാണാവുന്നതാണ്.എന്നാല്‍ ഇസ്ലാമിനോട് ജൂതര്‍ കടുത്ത വിരോധം വെച്ചു പുലര്‍ത്തിയിരുന്നെങ്കിലും അവരോട് സഹിഷ്ണുതയുടെതായ സമീപനമായിരുന്നു മുസ്ലിങ്ങള്‍ സ്വീകരിച്ചിരുന്നത്.

ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ഇതിന് കണ്ടെത്താന്‍ സാധിക്കുന്നതാണ്.ഫലസ്തീന്‍റെ മണ്ണില്‍ ജൂത രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി സാമ്രാജ്യത്വ ശക്തികളുടെ പിന്‍ബലത്തോടെ ജൂതര്‍ ശ്രമം നടത്താന്‍ തുടങ്ങിയത് മുതലാണ് ജൂതരെ പരസ്യമായി എതിര്‍ക്കാന്‍ മുസ്ലിം ലോകം തയ്യാറാകുന്നത്.ആര്‍ക്കും വിശ്വസിക്കാന്‍ പറ്റിയ വിഭാഗമായിരുന്നു ഉസ്മാനി ഖിലാഫത്തിന് കീഴിലെ മുസ്ലിങ്ങള്‍.ഡബ്ളിയൂ,എസ് സെഡോ എഴുതുന്നത് കാണുക;നല്ല വിശ്വാസ്യത ആവശ്യമായി വരുന്ന ഏതെങ്കിലും ജോലി ആവശ്യമായി വരുമ്പോള്‍ അത് ഗ്രീക്കുകാരെയോ ജര്‍മ്മനിക്കാരെയോ യഹൂദികളെയോ ഏല്‍പ്പിക്കാതെ തുര്‍ക്കികളെ ഏല്‍പ്പിക്കണമെന്ന് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കച്ചവടക്കാര്‍ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്14(ഉദ്ധരണം;ദൗലത്തെ ഉസ്മാനി,ശിബ്ലി നുഹ്മാനി)

ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളുടെ  ചരിത്രമെടുത്ത് പരിശോധിച്ച് നോക്കിയാലും മത സൗഹാര്‍ദ്ദത്തിന്‍റെയും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്‍റെയും മാതൃകാപരമായ നടപടി ക്രമങ്ങള്‍ നമുക്ക് മഞ്ഞക്കണ്ണടയുടെ സ്വാധീനമില്ലാത്ത ചരിത്ര പുസ്കതകങ്ങളില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്.സിന്ധ് ആക്രമിച്ച് കീഴടക്കിയ മുഹമ്മദുബ്നു ഖാസിമിന് സിറിയന്‍ ഗവര്‍ണറായിരുന്ന ഹജ്ജാജുബ്നുയൂസുഫ് അയച്ച കത്ത് ഇപ്രകാരമായിരുന്നു;അവര്‍ നമ്മുടെ സംരക്ഷണ വ്യവസ്ഥയില്‍ വരികയും നികുതി ദായകരായി മാറുകയും ചെയ്തിരിക്കെ നാം മറ്റെന്താണ് അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.?.അവരുടെ ദൈവങ്ങളെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നാം അനുവദിച്ചിരിക്കുന്നു.ഒരാളെയും തന്‍റെ മതത്തില്‍ നിന്നും പിന്തിരിപ്പിക്കാനോ ആരാധനാനുഷ്ഠാനങ്ങളില്‍ നിന്നും തടയുവാനോ പാടുള്ളതല്ല(ഉദ്ധരണം; ചരിത്ര പഠനങ്ങള്‍ സി.കെ കരീം)

സിന്ധ് കീഴടക്കിയ മുഹമ്മദുബ്നുഖാസിമിനെക്കുറിച്ച് ഈശ്വരീപ്രസാദ് എന്ന ചരിത്രകാരന്‍ പറയുന്നത് കാണുക;അദ്ദേഹം ബ്രാഹ്മണരോട് അവരുടെ മാന്യതക്കും പദവിക്കുമനുസരിച്ച് പെരുമാറിയിരുന്നു.മത സ്വാതന്ത്ര്യം അനുവധിക്കപ്പെട്ടു.ആരാധനാലയങ്ങളുടെ കാര്യത്തില്‍ ബ്രാഹ്മണരുടെ അവകാശങ്ങള്‍ മാനിക്കപ്പെടുകയും ചെയ്തു( ഹിസ്റ്ററി ഓഫ് മുസ്ലിം റൂള്‍; പേജ് 46)ഇന്ത്യ ഭരിച്ച എല്ലാ മുസ്ലിം ഭരണാധികാരികളും ഇതര സമൂഹങ്ങളോട് സഹവര്‍ത്തിത്വത്തിന്‍റേതായ നയമായിരുന്നു സ്വീകരിച്ചിരുന്നത്.

എഴുതപ്പെട്ട ചരിത്രങ്ങള്‍ പാര്‍ശ്വവല്‍ക്കരണത്തിന് വിധേയമായില്ലായിരുന്നെങ്കില്‍ അത് ഇന്ത്യ മുഴുവന്‍ ഇന്ന് കൊണ്ടാടപ്പെടുമായിരുന്നു.പക്ഷെ മുസ്ലിം ഭരണാധികാരികളില്‍ അധിക പേരും തെറ്റിദ്ധരിപ്പിക്കപ്പെടുകയാണുണ്ടായത്.പണ്ഡിറ്റ് സുന്ദര്‍ ലാല്‍ എഴുതുന്നത് കാണുക;അക്ബര്‍ ,ജഹാംഗീര്‍,ഷാജഹാന്‍,എന്നിവരുടെ കാലത്തും ഔറന്‍ഗസീബിന്‍റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്.

രണ്ട് മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു.മതത്തിന്‍റെ പേരില്‍ ആരോടും ഒരു വിവേചനവും കാണിച്ചിരുന്നില്ല.എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി.ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്ര പൂജാരികളുടെ വശം ഔറന്‍ഗസീബിന്‍റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്.അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂ സ്വത്തുക്കളും നല്‍കിയതിന്‍റെ സ്മരണയത്രെ.ഇത്തരം രണ്ട് കല്‍പനകള്‍ ഇന്നും ഇലഹാബാദിലുണ്ട്.

അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്( ഇസ്ലാമും മത സഹിഷ്ണുതയും)എന്നാല്‍ ചില മുസ്ലിം നാമധാരികളായ ഭരണാധികാരികള്‍ ക്ഷേത്ര ധ്വംസനം നടത്തിയതായി കാണാവുന്നതാണ്.എന്നാല്‍ നിക്ഷ്പക്ഷ വായനയില്‍ ഇത് കേവല സാമ്പത്തിക താല്‍പര്യം മാത്രമായിരുന്നു ഇതിന് പിന്നിലെന്ന് ബോധ്യമാകുന്നതാണ്.ഡോക്ടര്‍ സികെ കരീം തന്‍റെ ചരിത്രപഠനങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ഇത് വിശദീകരിക്കുന്നുണ്ട്.ബനാറസിലെ ഗവര്‍ണറായ അബുല്‍ഹസന് ചക്രവര്‍ത്തിയായ ഔറംഗസേബ് ഹിന്ദു പ്രജകളെ സംരക്ഷിക്കണമെന്ന് ആജ്ഞാപിച്ച ഉത്തരവിന്‍റെ വിശദാംശങ്ങള്‍ സി.കെ കരീമിന്‍റെ “ചരിത്ര പഠനങ്ങളി”ല്‍ കാണാവുന്നതാണ്.കേരളക്കരയിലും ഇസ്ലാമിന്‍റെ സുന്ദരമായ മുഖമാണ് അതിന്‍റെ പ്രചരണത്തിനും വ്യാപനത്തിനും സഹായകമായത്.

സൈനുദ്ദീന്‍ മഖ്ദൂം തന്‍റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ വിവരിക്കുന്നത് കാണുക;”ഇസ്ലാം മത പ്രചരണാര്‍ത്ഥം സഞ്ചരിച്ചിരുന്ന ഒരു സംഘം മുസ്ലിങ്ങള്‍ മലബാര്‍ തുറമുഖങ്ങളില്‍ വരികയും സ്ഥിര താമസമാക്കുകയും ചെയ്തു.അവരില്‍ നിന്ന് ഇസ്ലാം മതത്തെയുംഅതിന്‍റെ മാഹാത്മ്യത്തെയും മനസ്സിലാക്കാന്‍ കഴിഞ്ഞ മലബാറുകാര്‍ അന്ന് കൂട്ടം കൂട്ടമായി ഇസ്ലാമില്‍ ചേരാന്‍ തുടങ്ങി.” വിവിധ മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ നിലനിന്ന കാലത്താണ് ദക്ഷിണേന്ത്യയിലേക്ക് ലളിതമായ വിശ്വാസ സംഹിതയും അനുഷ്ഠാനങ്ങളും വ്യക്തമായ നിയമങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇസ്ലാം രംഗത്ത് വന്നതെന്ന് ബി.എന്‍ പാണ്ഡെ തന്‍റെ ഇസ്ലാമും ഇന്ത്യന്‍ സംസ്കാരവും എന്ന കൃതിയില്‍ സൂചിപ്പിക്കുന്നുണ്ട്.അന്ത്യ പ്രവാചകന്‍റെ കൊടിയ ശത്രുവായിരുന്ന അബൂസുഫ്യാന്‍റെ വീട്ടില്‍ അഭയം പ്രാപിച്ചവര്‍ക്ക് പോലും മക്കാവിജയത്തിന്‍റെ വേളയില്‍ മാപ്പുണ്ടെന്ന് പ്രഖ്യാപിച്ച തിരുമേനി(സ)യില്‍ നിന്നും മാതൃകകള്‍ സ്വീകരിച്ച മുസ്ലിങ്ങള്‍ക്ക് എല്ലാ കാലത്തും നീതിയുടെയും വിശാല മനസ്കതയുടെയും ആളുകളാകാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ഇന്നോളമുള്ള ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*