സമാധാന ചര്‍ച്ചക്ക് മോദിയെ ക്ഷണിച്ച് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് പാക്കിസ്താന്‍ തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

ഈ മാസം അവസാനത്തോടെ ഇന്ത്യാ പാക് സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്നാണ് കത്തിലെ ആവശ്യം. കൂടാതെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ സുഷമാ സ്വരാജും ഷാ മെഹ്മൂദ് ഖുറേഷിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച്ച കൂടി എന്ന ആഗ്രഹവും ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

അയല്‍രാജ്യങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു കാല്‍വെയ്പ്പുകളോടും രണ്ടു ചുവടുകള്‍ കൂടുതല്‍ പ്രതികരണം പാക്കിസ്ഥാന്‍ നടത്തുമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന പ്രസംഗത്തില്‍ ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം അധികാരത്തില്‍ ഏറിയതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ആദ്യം ഉണ്ടാകുന്ന നീക്കമാണ് ഇമ്രാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇപ്പോള്‍ വന്നിരിക്കുന്നത്.

2015 ഡിസംബറിന് ശേഷം പത്താന്‍കോട്ട് ആക്രമണത്തോടെ പൂര്‍ണമായും തടസ്സപ്പെട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച വീണ്ടുമാരംഭിക്കണമെന്നാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. ഭീകരതയും കാശ്മീരും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെല്ലാം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ഇമ്രാന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*