സഭാ സമ്മേളനം 29 മുതല്‍, നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാറുമായി ഇടഞ്ഞ് വീണ്ടും ഗവര്‍ണര്‍

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതി നിയമത്തിനെിരേയുള്ള സര്‍ക്കാര്‍ നിലപാടില്‍ ഇടഞ്ഞ് വീണ്ടും ഗവര്‍ണര്‍. പൗരത്വഭേദഗതി നിയമത്തിന് എതിരായി നിയമസഭ ഐക്യകണ്ഠേന നിയമം പാസാക്കിയതും സുപ്രിംകോടതിയെ സമീപിച്ചതും സംബന്ധിച്ചു സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കെയാണ് പൗരത്വവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നിലപാടുമായി നയപ്രഖ്യാപനം വരുന്നത്. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീകഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ചു.

എന്തുകൊണ്ടാണ് പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നത്, നിയമസഭയില്‍ പാസാക്കിയ പ്രമേയം, ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്കയും പ്രതിഷേധവും, നിയമത്തില്‍ വ്യക്തത തേടി സുപ്രിംകോടതിയെ സമീപിച്ചത് എന്നിവയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള നിയമസഭാ സമ്മേളനം ജനുവരി 29 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ജനുവരി 30 മുതല്‍ സഭ ചേരാനാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പ്രതിപക്ഷത്തിന്റെ അഭ്യര്‍ഥന മാനിച്ച് നിയമസഭാ സമ്മേളനം 29ലേക്ക് മാറ്റുകയായിരുന്നു. 30ന് പൗരത്വനിയമ ഭേദഗതിക്കെതിരേ യു.ഡി.എഫിന്റെ ഭൂപടസമരം എല്ലാ ജില്ലകളിലും നടക്കുന്ന സാഹചര്യത്തിലാണ് സഭാസമ്മേളനം തുടങ്ങുന്നതില്‍ മാറ്റം വരുത്തിയത്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. പൗരത്വവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത് അറിയിക്കാതിരുന്നത് ഭരണഘടനാലംഘനമാണെന്ന് പരസ്യമായി ആരോപിച്ച് രംഗത്തു വന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയില്‍ രേഖാമൂലമുള്ള വിശദീകരണവും ചോദിച്ചിരുന്നു.

ചീഫ് സെക്രട്ടറി ടോം ജോസ് ഇക്കാര്യത്തില്‍ നേരിട്ട് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പരസ്യപ്രസ്താവനയിലൂടെ അറിയിച്ച ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ പ്രസംഗത്തില്‍ അദ്ദേഹം എതിര്‍പ്പറിയിച്ച കാര്യങ്ങളും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഗവര്‍ണര്‍ ഇടഞ്ഞത്. ഇപ്പോള്‍ പ്രശ്‌നത്തില്‍ നിയമവശം പരിശോധിക്കുകയാണ് രാജ് ഭവന്‍.

വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വവിഷയത്തിലുള്ള കേരളത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഇടപ്പെടല്‍ നടത്തി പ്രതിപക്ഷനേതാവ് ഇക്കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന സന്ദേശം കൂടി നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് മുന്‍കൂറായി നല്‍കിയ കത്ത് സര്‍ക്കാരിന് കൂടുതല്‍ പിന്‍തുണ നല്‍കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നിലപാട് വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*