സഊദിയില്‍ തൊഴിലാളികള്‍ക്ക് ഞായറാഴ്ച മുതല്‍ പുതിയ തൊഴില്‍ പെരുമാറ്റ ചട്ടം

ജിദ്ദ: സഊദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും പെരുമാറ്റം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ ചട്ടം ആവിഷ്‌കരിച്ചു. തൊഴിലിടങ്ങളില്‍ അതിക്രമങ്ങളില്‍ നിന്നും മോശം പെരുമാറ്റങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകള്‍ അടുത്ത ഞായറാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.

സ്വകാര്യ മേഖലയില്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗാര്‍ഥികള്‍ക്കു മുന്നില്‍ തൊഴില്‍ സാഹചര്യം ആകര്‍ഷണീയമാക്കി മാറ്റുന്നതിനും മുഴുവന്‍ തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ശ്രമിച്ചാണ് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും മാനവും സംരക്ഷിക്കുന്നതിനും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.

തൊഴില്‍ നിയമത്തിന്റെയും പീഡനം ചെറുക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെയും, തൊഴില്‍ മേഖലയില്‍ പീഡനവും അക്രമവും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കരാറുകളുടെയും തത്വങ്ങളില്‍ ഊന്നിയും, സ്വകാര്യ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്‍പശാലകള്‍ സംഘടിപ്പിച്ച് അവരുടെ അഭിപ്രായ നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് വ്യവസ്ഥകള്‍ക്ക് അന്തിമരൂപം നല്‍കിയത്. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കരടു വ്യവസ്ഥകള്‍ പരസ്യപ്പെടുത്തി ഇതേ കുറിച്ച് പൊതുസമൂഹത്തിന്റെ അഭിപ്രായ, നിര്‍ദേശങ്ങളും തേടിയിരുന്നു.

പെരുമാറ്റ ദൂഷ്യങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍, അതിക്രമങ്ങള്‍ തടയുന്നതിന് സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍, തൊഴിലിടങ്ങളിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയെല്ലാം പുതിയ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു. ഇത് നടപ്പാക്കുന്നത് എളുപ്പാമാക്കുന്നതിന് സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും അവലംബിക്കാവുന്ന ഏതാനും മാതൃകാ ഗൈഡുകളും പുറത്തിറക്കിയിട്ടുണ്ട്.

തൊഴിലാളികളെ മാനസികമായോ ശാരീരികമായോ സാമ്പത്തികമായോ കോട്ടം തട്ടിക്കുന്ന തരത്തില്‍ ചൂഷണം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗികമായി ഉപദ്രവിക്കല്‍, ബ്ലാക്ക്‌മെയില്‍ ചെയ്യല്‍, വശീകരിക്കല്‍, തെറിവിളിക്കല്‍, അപമാനിക്കല്‍, സംഘര്‍ഷമുണ്ടാക്കല്‍, എതിര്‍ ലിംഗത്തില്‍ പെട്ടയാളുമായി ഒറ്റക്കാകുന്ന സാഹചര്യം കരുതിക്കൂട്ടി ഉണ്ടാക്കല്‍, വിവേചനം എന്നിവയെല്ലാം തൊഴില്‍ സ്ഥലത്തെ അതിക്രമങ്ങളായി പരിഗണിക്കും. തൊഴിലിനിടെയോ ജോലി കാരണമായോ തൊഴിലാളികള്‍ക്കിടയില്‍ ഡ്യൂട്ടി സമയത്തോ അല്ലാത്ത നേരത്തോ ഉണ്ടാകുന്ന അതിക്രമങ്ങളും പുതിയ വ്യവസ്ഥകളുടെ പരിധിയില്‍ വരും.

അതിക്രമങ്ങളെയും മോശം പെരുമാറ്റങ്ങളെയും കുറിച്ച് തൊഴിലാളികളുടെ പരാതികളില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 15,000 റിയാല്‍ പിഴ ചുമത്തും. പരാതികളില്‍ അഞ്ചു പ്രവൃത്തി ദിവസത്തിനകം അന്വേഷണം നടത്താതിരിക്കുകയും കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ നിര്‍ദേശിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും 25,000 റിയാല്‍ പിഴ ചുമത്തും. അന്വേഷണ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം കുറ്റക്കാര്‍ക്കെതിരെ മുപ്പതു ദിവസത്തിനകം അച്ചടക്ക നടപടികള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കും ഇതേ തുക പിഴ ചുമത്തും. പരാതിക്കാരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. വാണിംഗ് നോട്ടീസ് നല്‍കല്‍ മുതല്‍ പിരിച്ചുവിടല്‍ വരെയുള്ള ശിക്ഷാ നടപടികളാണ് കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കുക.

About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*