ശംസുല്‍ ഉലമ; അണയാത്ത ദീപം

കേരള മുസ്ലിം ഏറെ അഭിമാനത്തോടെ ഉച്ചരിക്കുന്ന നാമമാണ് ‘ശംസുല്‍ ഉലമ’ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടേത്. മണ്‍മറഞ്ഞിട്ട് രണ്ടു ദശകങ്ങള്‍ പിന്നിടുമ്പോഴും അവിടുത്തെ ഓര്‍മകളില്‍ മുഖരിതമാണ് കൈരളിയുടെ ആത്മീയ മണ്ഡലങ്ങള്‍. യമനീ പാരമ്പര്യമുള്ള കോഴിക്കോട്ടെ എഴുത്തച്ഛന്‍ കണ്ടി തറവാട്ടില്‍ 1914 ലാണ് മഹാന്‍ ജനിക്കുന്നത്. നിരവധി തലയെടുപ്പുള്ള പണ്ഡിതരില്‍ നിന്നും അറിവു നുകര്‍ന്ന് ഉപരിപഠനാര്‍ത്ഥം ബാഖിയാത്തില്‍ പോയ ശംസുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി ജീവിതം അനവധി അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു. തന്‍റെ ബുദ്ധിശക്തി കൊണ്ടും ഗ്രാഹ്യ മികവുകൊണ്ടും സമകാലികരെയെല്ലാം പിന്നിലാക്കിയ മഹാന്‍ ബാഖിയാത്തില്‍ തന്നെ  അദ്ധ്യാപകനായി തുടര്‍ന്നു. അവിടുത്തെ അല്‍പകാല അദ്ധ്യാപക വൃത്തിക്കു ശേഷം കേരളത്തിലേക്കു വരികയും  തളിപ്പറമ്പ്, പാറക്കടവ് എന്നിവിടങ്ങളില്‍ മുദരിസായി സ്ഥാനമേല്‍ക്കുകയും ചെയ്തു. ആ സമയത്താണ് സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും 1957 ല്‍ ജനറല്‍ സെക്രട്ടറിയായി മാറുന്നതും. പിന്നീട് 1963 മുതല്‍ 1979 വരെ പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ പ്രിന്‍സിപ്പാളായും അതിനു ശേഷം ദാറുസ്സലാം നന്തിയിലെ പ്രിന്‍സിപ്പാളായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1969 ല്‍ മരണംവരെ നന്തിയിലെ പ്രിന്‍സിപ്പാളായി തുടര്‍ന്നു.
കുടുംബ ജീവിതത്തിലും സാമുദായിക സമ്പര്‍ക്കങ്ങളിലും തന്‍റെ വൈജ്ഞാനിക പ്രഭയിലൂടെ വ്യതിരിക്തമായ വഴി വെട്ടിയ ‘ശംസുല്‍ ഉലമ’ എന്നും നമുക്ക് മാതൃകയാണ്. എതിര്‍പ്പുകളും അപസ്വരങ്ങളും സമൂഹത്തില്‍ നിന്ന് പലവിധേന ഉടലെടുത്തപ്പോഴും ഒരു വടവൃക്ഷം കണക്കെ മുസ്ലിം ഉമ്മത്തിനെ സംരക്ഷിച്ച് പുത്തന്‍ വാദികളെയും ക്രിസ്ത്യന്‍ മിഷനറിമാരെയും മുട്ടുകുത്തിച്ച ആ മഹാന്‍റെ ജീവിത സാമീപ്യം സമസ്തക്കും സുന്നത്ത് ജമാഅത്തിനും അഭിമാനമുളവാക്കുന്നതായിരുന്നു. അദ്ദേഹം സമസ്തയുടെ അമരത്തിരുന്ന ആ നാലു ദശകങ്ങളെ സുവര്‍ണ്ണ ദശകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ശംസുല്‍ ഉലമയുടെ 23 ാം ആണ്ട് ആഗതമായിരിക്കുന്ന ഈ സമയത്തും ആ പ്രശോഭിത മുഖത്തു നിന്നും പ്രസരിക്കുന്ന വൈജ്ഞാനിക പ്രഭയുടെ വെളിച്ചത്തിലാണ് കേരള മുസ്ലിംകള്‍ ദീനീപരമായി മുന്നേറുന്നത്. നാഥന്‍ മഹാന്‍റെ ദറജകള്‍ ഉയര്‍ത്തിക്കൊടുക്കട്ടെ, ആമീന്‍.

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*