വിനയം വിജയത്തിന്‍റെ വഴി

ഫാസില്‍ അലി കാരാട്

വിനയശീലമുള്ളവരാണ് അല്ലാഹുവിന്‍റെ യഥാര്‍ത്ഥ അടിമകള്‍. സാത്വികരായി ജീവിതം നയിച്ച പൂര്‍വസൂരികളായ പണ്ഡിതവിശാരദന്മാര്‍ ഈ സദ്ഗുണം വേണ്ടുവോളമുള്ളവരായിരുന്നു. പൈശാചിക ചാപല്ല്യങ്ങളില്‍ നിന്നു ഉത്ഭൂതമാകുന്ന ഉള്‍നാട്യത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും മതില്‍കെട്ടുകള്‍ക്കുള്ളില്‍ മനുഷ്യമനസ്സ് കുടുസ്സാകുമ്പോഴാണ് വിനയവും സൂക്ഷ്മതയും അവനില്‍ അന്യം നില്‍ക്കുന്നത്.  വിശുദ്ധ  ഖുര്‍ആന്‍ വിനയശീലരെ പരിചയപ്പെടുത്തുന്നത് അവന്‍റെ യഥാര്‍ത്ഥ അടിമകളായിട്ടാണ്.  പരമകാരുണികന്‍റെ അടിമകള്‍ ഭൂമിയില്‍ വിനയത്തോടെ സഞ്ചരിക്കുന്നവരാണ്. (അല്‍ ഫുര്‍ഖാന്‍ 63). മഹാനായ ലുഖ്മാനുല്‍ ഹകീം (റ) തന്‍റെ മകനെ ഉപദേശിച്ചതായി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം കാണാം. ‘ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത്. അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത്. തീര്‍ച്ചയായും അഹങ്കാരിയും ദുരഭിമാനിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല’ (ലുഖ്മാന്‍ 18)  ഈ രണ്ട് സൂക്തങ്ങളും വിനയത്തിന്‍റെ പ്രാധാന്യവും അഹങ്കാരത്തിന്‍റെ ഭവിഷത്തുമാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ലോകാനുഗ്രഹിയായ പുണ്യ പ്രവാചകന്‍ (സ്വ) മണ്ണിലെ മുഴുവന്‍ മനുഷ്യര്‍ക്കും പഠിപ്പിച്ച  മഹത് സ്വഭാവ ഗുണമാണ് വിനയം. സമൂഹ തലത്തില്‍ വിജയത്തിനും ഉന്നതിക്കും വിനയം വളരെ ആവശ്യമാണ്. വ്യക്തിയെ മഹത്വത്തിലേക്ക് ഉയര്‍ത്തുന്ന ഉത്കൃഷ്ട സ്വഭാവം കൂടിയാണ്.  പ്രശസ്ത സൂഫിയായ ദുന്നൂര്‍ അല്‍ മിസ്വരിയോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു. ‘ആരാണ് വിനയശീലന്‍? മിസ്വരി പറഞ്ഞു: വിനയമുള്ളയാള്‍ സ്വയം നിസ്സാരനായി കാണുന്നവനാണ്. എന്നാല്‍ മറ്റുള്ളവരെ അയാള്‍ തന്നെക്കാള്‍ നിസ്സാരനായി കാണുകയില്ല. തന്നെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ടതയുള്ളവനായും കാണുകയില്ല. തുടര്‍ന്ന് വിനയ ശീലരുടെ ലക്ഷണങ്ങള്‍ വിശദീകരിച്ച് ദുന്നൂര്‍ അല്‍ മിസ്വരി പറഞ്ഞു: അയാള്‍ പാവങ്ങളുടെയും സ്വന്തം വേലക്കാരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിയ്ക്കും. ചെറിയവര്‍ക്ക് സലാം പറയും. ആടുമാടുകളുടെ  പാല്‍ കറക്കും. ലളിതമായ ജോലികള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരാകും. മറ്റുള്ളവരുടെ കൂടെ നടക്കുമ്പോള്‍ ഏറ്റവും മുന്നിലെത്താന്‍ ശ്രമിക്കുകയില്ല. വഴിയില്‍ കാണുന്ന ശല്യങ്ങളെ എടുത്തു നീക്കും. ദരിദ്രരുമായി സഹവസിക്കും. ആവശ്യസാധനങ്ങള്‍ അങ്ങാടിയില്‍ നിന്നു സ്വയം വാങ്ങും. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യും. തസ്വവ്വുഫിന്‍റെ മര്‍മപ്രധാനമായ കാര്യങ്ങളിലൊന്ന് കൂടിയാണ് വിനയം. യഥാര്‍ത്ഥ സൂഫികള്‍ വിനയാന്വിതരായ മഹാത്മാക്കളായിരിക്കും.  അധികാര ദണ്ഡുകള്‍ കൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്തിയ ഫിര്ഔനിന്‍റെയും ഖാറൂനിന്‍റെയും ഹാമാനിന്‍റെയും ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ആദ്,സമൂദ് ഗോത്രത്തിന്‍റെയും കഥകള്‍ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. കേവലം ഇന്ദ്രിയ തുള്ളിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഭൂമിയില്‍ അഹന്ത നടിക്കേണ്ടതില്ല. കിസ്റാ ചക്രവര്‍ത്തിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് സ്വിദ്ധീഖ് (റ)കത്തെഴുതി.അഹങ്കാരത്തോടെ അയാള്‍ മറുപടി എഴുതി. സ്വിദ്ധീഖ് (റ) വീണ്ടും കത്തെഴുതി.അതും കിസ്റ അവഗണിച്ചു. പിന്നെ സ്വിദ്ധീഖ് (റ) എഴുതി:” നിന്ദ്യനായ മനുഷ്യാ! അധികാരത്തിന്‍റെ പേരില്‍ അല്ലാഹുവിനെതിരെ  അഹങ്കരിക്കുകയോ? മൂത്ര ദ്വാരത്തിലൂടെ രണ്ട് പ്രാവശ്യം പുറത്തുവന്നവനല്ലെ നീ .” ‘ ബലഹീനനായിട്ടാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടതെന്ന് ‘ അല്ലാഹു പറയുന്നു. പിന്നെ എന്തിനാണ് മനുഷ്യന്‍ ഭൂമിയില്‍ അഹങ്കരിക്കുന്നത് .      വിനയത്തിന്‍റെ സ്വരൂപങ്ങളായി ജീവിച്ച നിരവധി സ്വൂഫി വര്യډാരെ ചരിത്രത്തിലുടനീളം കാണുവാന്‍ കഴിയും . ‘ രണ്ടാം  ഉമര്‍ ‘ എന്ന പേരില്‍ ചരിത്രത്തില്‍ പ്രസിദ്ധനായ ഉമറുബ്നു അബ്?ദുല്‍ അസീസ് (റ) ഒരിക്കല്‍ എന്തോ എഴുതുകയായിരുന്നു .തന്‍റെ സമീപത്ത് ഒരതിഥിയുമുണ്ടായിരുന്നു . വിളക്ക് അണയാന്‍ തുടങ്ങിയപ്പോള്‍ അതിഥി പറഞ്ഞു : څഞാന്‍ വിളക്ക് നേരെയാക്കാം . അപ്പോള്‍ ഖലീഫ പറഞ്ഞു: ‘വേണ്ട അതിഥിയെക്കൊണ്ടു ജോലി ചെയ്യിക്കല്‍ മര്യദയല്ല. അപ്പോള്‍ അഥിതി പറഞ്ഞു : ‘ എന്നാല്‍ ഞാന്‍ ഭൃത്യനെ വിളിച്ചുണര്‍ത്താം.  ഖലീഫ പറഞ്ഞു : ‘വേണ്ട, അവന്‍ ഇപ്പോള്‍ കിടന്നിട്ടേയുള്ളൂ.’ ഖലീഫ തന്നെ എഴുന്നേറ്റു. വിളക്കില്‍ എണ്ണയൊഴിച്ച് ശരിയാക്കി. അപ്പോള്‍ അഥിതി പറഞ്ഞു: ‘അല്ലയോ അമീറുല്‍ മുഅ്മിനീന്‍.! അങ്ങ് സ്വന്തമായി ഇതൊക്കെ ചെയ്യണമോ..? അദ്ദേഹം പറഞ്ഞു: ‘ഞാന്‍ വിളക്ക് നന്നാക്കാന്‍ പോകുമ്പോള്‍ ഉമറായിരുന്നു. മടങ്ങി വരുമ്പോഴും ഉമര്‍ തന്നെ.  നീതിയുടെ ഉത്തമ നിദര്‍ശനവും വിനയത്തിന്‍റെ കടഞ്ഞെടുത്ത തനിമയുമായിരുന്നു ഉമറുബ്നു അബ്ദുല്‍ അസീസ് (റ).  അലി (റ) നാട് ഭരിക്കുന്ന കാലത്ത് അദ്ദേഹം ഒരു കുപ്പായം മൂന്ന് വെള്ളിക്ക് വാങ്ങി. അതിന്‍റെ കൈ ആകെ കീറിയിട്ടുണ്ട്. അതു ധരിച്ചു കൊണ്ടദ്ദേഹം അങ്ങാടിയിലൂടെ നടന്നു ഇങ്ങനെ വിളിച്ചു പറഞ്ഞു :’ഭൂമിയില്‍ മേന്മയോ, കുഴപ്പമോ ആഗ്രഹിക്കാത്തവരും അറിവില്ലാത്തവര്‍ക്കു പഠിപ്പിക്കുന്നവരുമായ ജനങ്ങള്‍ക്കുള്ളതാണ് പരലോകത്തില്‍ സ്വര്‍ഗം. ‘വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതും ഇപ്രകാരം തന്നെ..! ആ പരലോക ഭവനം ഭൂമിയില്‍ മേന്മയോ കുഴപ്പമോ ഉദ്ദേശിക്കാത്തവര്‍ക്കു നാം സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്. അന്തിമ വിജയം ഭക്തിയുള്ളവര്‍ക്കാകുന്നു. (ഖസ്വസ്വ് :83) മഹതി ആയിഷ(റ) പറഞ്ഞു :’കീറിയ വസ്ത്രം തുന്നുക, ആടിനെ കറക്കുക, ഒട്ടകത്തെ കെട്ടുക തുടങ്ങിയ കാര്യങ്ങളെല്ലാം നിരുപാധികം റസൂല്‍ (സ്വ) ചെയ്യാറുണ്ടായിരുന്നു.’  പ്രവാചകര്‍ (സ്വ)യുടെ വിനയശീലം മനസ്സിലാക്കുവാന്‍ ആ പുണ്യവാനുമായി ബന്ധപ്പെട്ട ഒരു സംഭവം ശ്രദ്ധിക്കുക..! റസൂല്‍(സ്വ) ഒരിക്കല്‍ തന്‍റെ അധീനത്തിലുള്ള പൊതുമുതല്‍ വിതരണം ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരാള്‍ കടന്നുവന്നു. കോപിഷ്ടനായി ഇങ്ങനെ പറഞ്ഞു : ‘മുഹമ്മദേ..! ഈ ധനം നിന്‍റെ ബാപ്പയുടേതാണോ..? അതോ അല്ലാഹുവിന്‍റേതോ..?”  തനിക്ക് കിട്ടിയ പൊതുമുതല്‍ വിഹിതത്തില്‍ തൃപ്തിയാകാത്ത ഒരാളുടെ പരുഷമായ വാക്കുകളിലുള്ള പരാതിപ്പറച്ചിലായിരുന്നു അത്. രൂക്ഷമായ ശൈലിയിലുള്ള ഈ വിമര്‍ശനം വിശ്വാസികളെ വല്ലാതെ വേദനിപ്പിച്ചു. അവരില്‍ ചിലര്‍ അയാളുടെ നേരെതിരിഞ്ഞു. പ്രശ്നത്തിന്‍റെ പരിണിതിയെ കുറിച്ച് ചിന്തിച്ച പ്രവാചകന്‍(സ്വ) തന്‍റെ അനുയായികളോടു പറഞ്ഞു:’അയാളും ഈ ധനത്തിന്‍റെ അവകാശിയാണല്ലോ..? അവകാശിക്ക് ചിലതൊക്കെ പറയാന്‍ അധികാരമുണ്ട്.’ അതോടെ പ്രശ്നം തീര്‍ന്നു. രംഗം ശാന്തമാവുകയും ചെയ്തു. ഒരു സ്ത്രീ ശൈഖ് മാലികുബ്നു ദീനാര്‍(റ) വിനോട് പറഞ്ഞു :’അല്ലയോ ലോകമാന്യത നടിക്കുന്ന മനുഷ്യാ..!’ ഇതുകേട്ടയുടനെ ശൈഖവറുകള്‍ ചോദിച്ചു :’അല്ലയോ സ്ത്രീ…! ബസ്വറയിലാര്‍ക്കും അറഞ്ഞുകൂടാത്ത എന്‍റെ പേര് നിനക്കെങ്ങനെ ലഭിച്ചു..?!’ അദ്ദേഹം തുടര്‍ന്നു ‘ഈ പള്ളിയില്‍ നിന്ന് ഏറ്റവും വലിയ പാപി ഉടനെ പുറത്തു പോകണം എന്ന കല്‍പ്പനയുണ്ടാവുകയണെങ്കില്‍ ആദ്യം വാതിലിനടുത്തെത്തുന്നത് ഞാനായിരിക്കും.’ ചിരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളാല്‍ ഉല്ലേഘനം ചെയ്യപ്പെട്ടിരിക്കുന്ന ഇത്തരം ചരിത്ര ചിത്രങ്ങളില്‍ നിന്ന് പൂര്‍വികരുടെ മാതൃക നമുക്ക് പഠിച്ചെടുക്കാന്‍ സാധിക്കും. ഇബ്നുല്‍ മുബാറക്(റ) പറയുന്നു :’ധനികരോട് അഹങ്കാരത്തോടെയും ദരിദ്രരോട് വിനയപൂര്‍വ്വവും പെരുമാറല്‍ വിനയത്തില്‍ പെട്ടതാണ്. ആത്മീയ നായകന്മാര്‍ മാത്രമല്ല; ഭൗതിക പണ്ഡിതരും തത്വചിന്തകരും വരെ വിനയത്തിന്‍റെ മഹാത്മ്യം തിരിച്ചറഞ്ഞവരാണ്. ആയിരത്തി നാനൂര്‍ കൊല്ലങ്ങള്‍ക്കു മുമ്പ് പ്രവാചകന്‍(സ്വ) പഠിപ്പിച്ച ഉദാത്തമായ ജീവിത ദര്‍ശനങ്ങളെ ഇരുപതാം നൂറ്റാണ്ടില്‍ അവര്‍ ഏറ്റുപറഞ്ഞു. വിശ്രുത ഫ്രഞ്ച് തത്വ ചിന്തകനും എഴുത്തുകാരനുമായ വോള്‍ട്ടയര്‍ പറഞ്ഞു :’വിനയമാണ് എല്ലാ സത്ഗുണങ്ങളുടെയും മാതാവ്’. താഴ്മയോടെയുള്ള ജീവിതം പ്രകാശപൂരിതമാണെന്നാണ് നമ്മുടെ രാഷ്ട്രപിതാവ് പറഞ്ഞു വെച്ചത്. പ്രവാചകരുടെ ജീവിതത്തിന്‍റെ ഉള്ളറകളിലേക്കിറങ്ങിച്ചെന്നാലും വിനയം ജീവിത വിജയത്തിന്‍റെ നിദാനമാണെന്ന് മനസ്സിലാക്കാം. പ്രവാചക വചസ്സുകളും പ്രവര്‍ത്തികളും പെരുമാറ്റ രീതികളും ലോകത്തിന് തന്നെ മാതൃകയാണ്.  അബൂഹുറൈറ(റ) പറയുന്നു :’നബി(സ്വ) അങ്ങാടിയില്‍ നിന്ന് ഒരു പൈജാമ വാങ്ങിയപ്പോള്‍ ഞാനത് ചുമക്കാന്‍ പോയി. അവിടുന്ന് പറഞ്ഞു: ‘ഒരു വസ്തു അതിന്‍റെ ഉടമ ചുമക്കുന്നതാണ് ഏറ്റവും ഉചിതം.’ (ബഹ്ജ 2/313) സ്വന്തം കാര്യം സ്വന്തമായി ചെയ്യുന്നത് വിനയത്തിന്‍റെ ലക്ഷണമാണ്. അത് നബി(സ്വ) തന്‍റെ പ്രവര്‍ത്തിയിലൂടെ ഉമ്മത്തിനെ പഠിപ്പിക്കുകയും ചെയ്തു. നബി(സ്വ) ഒരു യാത്രയില്‍ ആട്ടിറച്ചി തയ്യാറാക്കാന്‍ സ്വഹാബികളോട് കല്‍പിച്ചു. അവരില്‍ പലരും പല ജോലികളും സ്വയം ഏറ്റെടുത്തു. നബി(സ്വ) പറഞ്ഞു :’ഞാന്‍ വിറക് ശേഖരിക്കാം’. അവര്‍ പറഞ്ഞു :’ഞങ്ങള്‍ തന്നെ മതി’ . നബി(സ്വ) പറഞ്ഞു :’ഞാന്‍ നിങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ല.'(ബഹ്ജ 2/309) തന്‍റെ ഗാംഭീര്യത്തില്‍ ഭയപ്പെട്ട ഒരാളോട് നബി(സ്വ) പറഞ്ഞു :’ഞാനൊരു രാജാവല്ല; ഉണക്ക മാംസം കഴിക്കുന്ന ഒരു ഖുറൈശി വനിതയുടെ മകനാണ്.'(2/313) ഇങ്ങനെയുള്ള വിനയത്തിന്‍റെയും മഹത്ഗുണത്തിന്‍റെയും നിരവധി ഉദാഹരണങ്ങള്‍ പ്രവാചക ജീവിതത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യന്‍റെ ഐഹിക പാരത്രിക വിജയത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് വിനയമെന്നുള്ളത്. താഴ്മയും വിനയവും ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ മാത്രമെ ആത്മീയ പാദകളില്‍ സഞ്ചരിച്ച് സ്വര്‍ഗലോകത്ത് എത്തുവാന്‍ സാധിക്കുകയുള്ളൂ.  പിശാചിന്‍റെ കുതന്ത്രങ്ങള്‍ക്കു വഴങ്ങാതെ, ആത്മീയതയുടെ ബഹിര്‍ പ്രകടനങ്ങള്‍ സ്ഫുരിക്കുന്ന ദിവ്യ ചൈതന്യത്തിലൂടെ ശാശ്വത വിജയത്തിലേക്കു മുന്നേറുവാന്‍ നമുക്ക് സാധിക്കട്ടെ…!

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*