വാര്‍ഷിക പരീക്ഷ തുടങ്ങി; സൗജന്യ യൂണിഫോം ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ യൂണിഫോം വാര്‍ഷിക പരീക്ഷ തുടങ്ങിയിട്ടും ലഭിച്ചില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇതുവരെ യൂണിഫോം ലഭ്യമായിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പല സ്‌കൂളുകളിലും യൂണിഫോം വിതരണം പാതിവഴിയില്‍ മുടങ്ങി കിടക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഒരു രൂപ പോലും യൂണിഫോമിന് വേണ്ടി ലഭിക്കാത്ത വിദ്യാര്‍ത്ഥികളും സ്‌കൂളുകളും ജില്ലയിലുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഒരു യുപി സ്‌കൂളില്‍ ഒരു കുട്ടിക്ക് യൂണിഫോം വാങ്ങുന്നതിനായി 173 രൂപയാണ് ഈ വര്‍ഷം ലഭിച്ചത്. ഈ തുകക്കു എങ്ങനെ യൂണിഫോം വാങ്ങും എന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് രണ്ടു ജോഡി യൂണിഫോമിനായി 400 രൂപയാണ് നല്‍കുന്നതെന്നും ഇപ്പോള്‍ അത് 600 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. കൂടാതെ യൂണിഫോം വിതരണം സംസ്ഥാനത്ത് പൂര്‍ത്തീകരിച്ചുവെന്നും സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോം വിതരണം നടത്തിയിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ഡി.ഡി.ഓഫീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ വാക്കും വിശ്വസിച്ചു യൂണിഫോമിന് ആയി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ നിരവധിയാണ്. യൂണിഫോം വിതരണം നടത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പും ലഭിച്ചിട്ടില്ലെന്നു വിദ്യാര്‍ത്ഥികളും പറയുമ്പോള്‍ യൂണിഫോമിനായി മാറ്റി വെച്ച തുക ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ മറ്റാരെങ്കിലും കൈവശപ്പെടുത്തിയോ എന്ന സംശയമാണ് ബലപ്പെടുന്നത്. സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ച തുക അവര്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍ മറ്റാര്‍ക്കാണ് ലഭിച്ചത് എന്ന കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടക്കണമെന്ന ആവശ്യമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*