രാജ്യത്ത് മാന്ദ്യമുണ്ട്. ജി.ഡി.പി വളര്‍ച്ചാനിരക്ക് 5 ശതമാനത്തില്‍ എത്തിയത് അല്‍ഭുതമുളവാക്കുന്നു; ആര്‍.ബി.ഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം സമ്മതിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെങ്കിലും, മാന്ദ്യമുണ്ടെന്നു വെളിപ്പെടുത്തി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ജി.ഡി.പി വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനത്തിലേക്ക് താഴ്ന്നത് അല്‍ഭുതമുളവാക്കുന്നുവെന്നും അത് അപ്രതീക്ഷിതമാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.5 ശതമാനം വളര്‍ച്ചാ നിരക്ക് ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞതാണ്. നിരക്കിലുണ്ടായ കുറവ് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തി വരികയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, വളര്‍ച്ചാനിരക്ക് ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിനാകണം സര്‍ക്കാരിന്റെ പ്രഥമ പരിഗണന വേണ്ടതെന്നും പറഞ്ഞു. സി.എന്‍.ബി.സി ടി.വി 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘ഞങ്ങള്‍ (ആര്‍ബിഐ) 5.8 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രവചിച്ചത്. 5.5 ശതമാനത്തിലും താഴുമെന്ന് ആരും കരുതിയതല്ല. എല്ലാ പ്രവചനങ്ങളെക്കാളും കുറഞ്ഞ നിരക്ക് വന്നത് അത്ഭുതമുളവാക്കുന്നു’- ശക്തികാന്ത ദാസ് പറഞ്ഞു.

രാജ്യത്തെ വിവിധ മേഖലകളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി വ്യക്തമായിട്ടും മാന്ദ്യമുണ്ടെന്ന കാര്യ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. അതിനിടെയാണ് ആര്‍.ബി.ഐ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ വരുന്നത്. മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അടക്കമുള്ള ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*