യു.എ.പി.എ പിന്‍വലിക്കില്ല, അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങുന്നു

കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ജാമ്യം ലഭിക്കാന്‍ സാധ്യത മങ്ങുന്നു. ഇവരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ ഇതുവരേ പിന്‍വലിച്ചിട്ടില്ല. ഇതു പിന്‍വലിക്കാനുള്ള നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷനു ലഭിച്ചിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ ഇവരുടെ ജാമ്യേപേക്ഷ പരിഗണിക്കുന്ന കോഴിക്കോട് സെഷന്‍ കോടതിയുടെ വിധി ഏറെ നിര്‍ണായകമാണ്.

വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായാണ് എഫ്.ഐ.ആറിലുള്ളത്. അലനും താഹയും സി.പി.ഐ മാവോയിസ്റ്റാണെന്ന് സമ്മതിച്ചതായും അലന്‍ ഷുഹൈബിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് നിരോധിത സംഘടനയുടെ ലഘുലേഖകള്‍ കണ്ടെടുത്തെതെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. ബാഗില്‍ നിന്നും കോഡ് ഭാഷയിലുള്ള കുറിപ്പുകളും രേഖകളും ലഭിച്ചു. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ പുസ്തകങ്ങള്‍ കണ്ടെടുത്തു. യു.എ.പി.എ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പുസ്തകമാണിതെന്നും പൊലിസ് അറിയിക്കുന്നു.

താഹയുടെ മാവോയിസ്റ്റ് ബന്ധം തുടങ്ങുന്നത് നിലമ്പൂരിലെ വെടിവെപ്പിന് ശേഷമെന്നാണ് അന്വേഷണ സംഘം പറയുന്നത്. നിലമ്പൂരില്‍ വെടിവെപ്പില്‍ കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയാണ് താഹ ഫസല്‍ മാവോയിസ്റ്റ് സംഘത്തില്‍ എത്തിപ്പെട്ടതെത്രെ.
കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുഭാവികള്‍ വഴിയാണ് ബന്ധം സ്ഥാപിച്ചത്. പിന്നീട് താഹ മാവോവാദി കേഡറായി മാറിയെന്നും പൊലിസ് പറയുന്നു. ഇത്തരത്തില്‍ ബന്ധം പുലര്‍ത്തിയിരുന്ന നിരവധി പേരെ പോലിസ് ചോദ്യം ചെയ്തിട്ടുണ്ട്. റെയ്ഡില്‍ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രഹസ്യ കോഡുകള്‍ അടങ്ങിയ പുസ്തകങ്ങള്‍ പൂര്‍ണമായും മനസിലാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ കേസ് കൂടുതല്‍ ഗൗരവതരത്തിലേക്കു നീങ്ങുകയാണ്. ഇവര്‍ക്കുനേരെ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്നുതന്നെയാണ് വ്യക്തമാകുന്നത്. പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിക്കും. കൂടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി ഇവരെ കസ്റ്റഡിയില്‍ വേണമെന്നുതന്നെയാകും പൊലിസും ആവശ്യപ്പെടുക.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, മാവോയിസ്റ്റ് വേട്ടക്കെതിരേ രംഗത്തിറങ്ങുക തുടങ്ങിയ ആഹ്വാനങ്ങളുള്ള നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖകളും നോട്ടിസുകളും ഇവരുടെ അടുക്കല്‍ നിന്ന് കണ്ടെടുത്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

താഹയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് ബാനറുകളും കൊടികളും പിടിച്ചെടുത്തെന്നും വിശദമാക്കുന്നു. ഇതെല്ലാം അറസ്റ്റിലായവരുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് പ്രതികൂലമാകാനുള്ള സാഹചര്യമാണ് ഉണ്ടാക്കുക. കുരുക്കു മുറുകുകയാണ്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചുവെങ്കിലും കേസില്‍ കോടതി ഉത്തരവ് ഇന്ന് ഉണ്ടാകും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ഇന്നലെ കോടതിയില്‍ എതിര്‍ത്തിട്ടില്ല. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ കലങ്ങി മറിഞ്ഞിരിക്കുകയാണ്. നിലവില്‍ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. അതേസമയം യു.എ.പി.എ ഒഴിവാക്കാന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

അതേ സമയം പ്രതികള്‍ക്കെതിരേ ഉന്നയിച്ച വാദം നിലനില്‍ക്കില്ലെന്നു തന്നെയാണ് പ്രതിഭാഗം അഭിഭാഷകനായ ദിനേശന്‍ വ്യക്തമാക്കുന്നത്. ഇവര്‍ വിദ്യാര്‍ഥികളാണ്. ഏത് ദിവസവും ഇവര്‍ കോടതിയില്‍ ഹാജരാകുന്നവരാണ്. ആര്‍ക്കും എപ്പോഴും ലഭ്യമാകുന്ന പുസ്തകങ്ങള്‍ മാത്രമാണ് ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. നിരോധിത സംഘടനകളുടെ ഭാഗമാണ് ഇവരെന്നതിന് യാതൊരു തെളിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇവര്‍ക്കുമേലില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇനി കോടതിയുടെ കൈകളിലാണ് കാര്യങ്ങള്‍. എല്ലാവരും കാത്തിരിക്കുന്നതും ആ വിധിയറിയാനും.

Be the first to comment

Leave a Reply

Your email address will not be published.


*