മൂന്നു ദിവസത്തിനിടെ മരണം 65, ആശങ്കവേണ്ട- 20 ഹെലികോപ്റ്ററുകളിലടക്കം രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം പെരിയാര്‍, ചാലക്കുടി തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതി മൂലം ഗുരുതര സ്ഥിതിതുടരുന്ന സംസ്ഥാനത്ത് ജനങ്ങള്‍ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. മൂന്നു ദിവസത്തിനിടെയുണ്ടായ രണ്ടാംഘട്ട പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. മൊത്തം കഴിഞ്ഞമാസം മുതലുള്ള മരണം 256 ആയി. വ്യാഴാഴ്ച നെന്മാറയില്‍ മണ്ണിടിഞ്ഞ് എട്ടുപേര്‍ മരിച്ചിട്ടുണ്ട്.

സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മിക്ക വില്ലേജുകളിലും മഴക്കെടുതി ബാധിതമാണ്. കെ.എസ്.ഇ.ബിയുടെ 58 ഡാമുകളും ജലവിഭവ വകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരത്തില്‍ ഒരുകാലത്തുമില്ലാത്ത അവസ്ഥയാണ് കേരളത്തില്‍. ഇക്കാര്യങ്ങളില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവര്‍ത്തനവും നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നറിയിപ്പുണ്ടായാല്‍ മാറിനില്‍ക്കണം

മുന്നറിയിപ്പ് ഉണ്ടായാല്‍ മാറിനില്‍ക്കാന്‍ എല്ലാവരും തയാറാകണം. ഇപ്പോള്‍ വെള്ളം കയറിയിട്ടില്ല എന്നു കരുതി ജനങ്ങള്‍ പ്രശ്‌നസാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറാതിരുന്നാല്‍ പിന്നീട് വെള്ളം കയറിയാല്‍ പ്രശ്‌നമാകും. അതിനാല്‍, സുരക്ഷ കരുതി മുന്നറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ മാറാന്‍ തയാറാകണം.

പെരിയാര്‍, ചാലക്കുടി തീരത്തുള്ളവര്‍ അതീവ ജാഗ്രതൈ

പെരിയാറിന്റെയും ചാലക്കുടി പുഴയുടേയും ഭാഗത്തുള്ളവര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണം. പെരിയാറില്‍ ഒരു മീറ്ററോളം വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്. ചാലക്കുടി ഭാഗത്തും ജലമുയരാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കരകളില്‍ ഉള്ളവര്‍ മാറിത്താമസിക്കണം.
ചാലക്കുടി പുഴയുടെ ഇരുഭാഗത്തും ഓരോ കിലോമീറ്റര്‍ ചുറ്റളവിലുമുള്ളവര്‍ സുരക്ഷ കണക്കിലെടുത്ത് മാറിത്താമസിക്കണം.
ആലുവയിലും ഇപ്പോള്‍ വെള്ളം കയറിയതിന്റെ അരകിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ ജാഗ്രതവേണം. മാറാന്‍ നിര്‍ദേശമുണ്ടെങ്കില്‍ മാറണം. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.

അടിയന്തിരസഹായം ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക സേനകളെ നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുട്ടനാടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളില്‍ ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ റാന്നി, ആറന്‍മുള, കോലഞ്ചേരി തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധയും ഇടപെടലുമാണ് നടത്തുന്നത്.

 

കൂടുതല്‍ സേന സംസ്ഥാനത്ത്

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണ്. ആവശ്യപ്പെട്ടതനുസരിച്ച് കൂടുതല്‍ സേനകള്‍ സംസ്ഥാനത്ത് എത്തിച്ചേരും. ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് ഉള്‍പ്പെടെ 52 ടീമുകള്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. ആര്‍മി 12 കോളം, എയര്‍ഫോഴ്‌സിന്റെ എട്ട് ഹെലികോപ്റ്ററുകള്‍, നേവിയുടെ അഞ്ച് ഡൈവിംഗ് ടീം, കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് ടീമും ഒരു ഹെലികോപ്റ്ററും ഇപ്പോഴുണ്ട്.

വ്യാഴാഴ്ച പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു. അവര്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതിനുതുടര്‍ച്ചയായി ആവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി നടപ്പാക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്‍.ഡി.ആര്‍.എഫിന്റെ 40 ടീമുകള്‍ കൂടി അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 200 ലൈഫ് ബോയ്കളും 250 ലൈഫ് ജാക്കറ്റുകളും നല്‍കും. കൂടുതല്‍ ജാക്കറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

കൂടാതെ കൂടുതല്‍ രക്ഷാ ഉപകരണങ്ങളുള്ള ആര്‍മിയുടെ സ്‌പെഷ്യല്‍ ഫോഴ്‌സുകളെ ഇവിടെ നിയോഗിക്കും. ഇതിനായി അവരുടെ കമാന്റന്റുമായി ബന്ധപ്പെട്ട് ഏകോപനം ചെയ്യുന്നുണ്ട്. എയര്‍ഫോഴ്‌സ് 10 ഹെലികോപ്റ്ററുകള്‍ നല്‍കിയിട്ടുണ്ട്. 10 എണ്ണം കൂടി വ്യാഴാഴ്ച ഉച്ചയോടെ എത്തിയിട്ടുണ്ട്.

നാടന്‍ ബോട്ടുകളും രംഗത്തിറക്കണം

രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടിലുള്ള എല്ലാത്തരം ബോട്ടുകളും ഉപയോഗിക്കും. മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകള്‍ ഇതിനായി നല്‍കുന്ന നില വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാംപുകള്‍ ആവശ്യമാണ്. ക്യാംപുകളിലേക്കും മറ്റുമായി കമ്യൂണിറ്റി കിച്ചണും ആരംഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*