മുസ്ലിം ഉത്തരേന്ത്യ, സംഘടിക്കണം.

സീദ്ദീഖ് മുതുവല്ലൂര്‍

ലോകത്തെവിടെയും ഏതെങ്കിലുമൊരു സമൂഹം ആക്രമിക്കപ്പെടുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അതിന്‍റെ മൂലകാരണം അവര്‍ക്ക് ഒരു ആദര്‍ശത്തിേډല്‍ പടുത്തുയര്‍ത്തപ്പെട്ട സംഘബോധം ഇല്ലാത്തതാണ്. സുശക്തവും സുഭദ്രവുമായ ഒരു ഒരു ചട്ടക്കൂടിനുള്ളില്‍ തങ്ങളുടെ മുഴുവന്‍ അംഗങ്ങള്‍ക്കും നീതിയും സമത്വവും കരഗതമാക്കാന്‍ വേണ്ടി ക്രിയാത്മകമായി ഇടപെടുന്നതില്‍ അവര്‍ ഒരുപാട് വിദൂരത്തായിരിക്കും. ഇത്തരത്തിലൊരു സംഘബോധത്തിന്‍റെ അഭാവമാണ് ഉത്തരേന്ത്യന്‍ മുസ്ലിംകളെയും ദക്ഷിണേന്ത്യന്‍ മുസ്ലിംകളെയും വേര്‍തിരിച്ച് നിര്‍ത്തുന്നത്. മതകീയവും രാഷ്ട്രീയവുമായ ചടുലതകളും ജാഗ്രതയും കാരണം ദക്ഷിണേന്ത്യന്‍ മുസ്ലിംകളുടെ നേര്‍ക്ക് നീളുന്ന ക്രൂരമായ കരങ്ങള്‍ വളരെ വിരളവും ഉത്തരേന്ത്യയില്‍ നേരെ തിരിച്ചുമാണ്.

ഇന്ത്യയിലേക്ക് പ്രധാനമായും ഇസ്ലാം കടന്നുവന്ന മൂന്നു വഴികളില്‍ രണ്ടെണ്ണം ഉത്തരേന്ത്യയിലാണെങ്കിലും ആ വെള്ളിവെളിച്ചത്തെ സംരക്ഷിക്കുന്നതില്‍ അവര്‍ തീര്‍ത്തും നിസ്സംഗരാണ്. ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)യിലൂടെയും അബുല്‍ ഖാസിമിന്‍റെ പടയോട്ടത്തിലൂടെയും വടക്കേ ഇന്ത്യയിലേക്ക് പരിശുദ്ധ ഇസ്ലാമിന്‍റെ രംഗപ്രവേശമനുണ്ടായപ്പോള്‍ ലക്ഷക്കണക്കിന് അമുസ്ലിംകള്‍ അതിനെ ഇരു കരങ്ങളും നീട്ടി സ്വീകരിക്കുകയും ഇന്ത്യയില്‍ ഇസ്ലാമിന്ന് അനിഷേധ്യമായ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തതിന്ന് ഇന്ത്യാ ചരിത്രം സാക്ഷിയാണ്.

ചിശ്തി ത്വരീഖത്തിലൂടെയും സൂഫീ പര്‍ണ്ണശാലകളിലൂടെയും അന്തശുദ്ധി വരുത്തി ആത്മീയോല്‍ക്കര്‍ശം കരസ്ഥമാക്കിയിരുന്ന ആ ജനസമൂഹം വിശ്വാസ ദൃഢതയും ജ്ഞാന അഗ്രേസരതയും കൈമുതലുള്ള ഒരുപാട് മതപണ്ഡിതര്‍ക്ക് ജന്മം നല്‍കിയിരുന്നു. അവര്‍ സ്ഥാപിച്ചെടുത്ത വൈജ്ഞാനിക സമുച്ചയങ്ങളും ഇസ്ലാമിക് യൂനിവേഴ്സിറ്റികളും അറിവിന്‍റെ അടിത്തട്ട് കണ്ട നിരവധി പണ്ഡിതന്മാരുടെ  വിളനിലമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവയെല്ലാം ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ സംസ്ക്കാരത്തെയും അടിമുടി മാറ്റം വരുത്തിയിരുന്നുവെന്നത് അവിതര്‍ക്കിതമാണ്.

പക്ഷേ, വര്‍ത്തമാനത്തില്‍ ഉത്തരേന്ത്യന്‍ വിശ്വാസികള്‍ സകല മൂല്യങ്ങളും നഷ്ടപ്പെട്ട കേവല മുസ്ലിം നാമധാരികളായി മാറിയതിന്‍റെ പിന്നിലെ പരിണാമം പരിശോധിക്കുമ്പോഴാണ് അവര്‍ക്ക് മതകീയവും രാഷ്ട്രീയവുമായ ശക്തമായൊരു സംഘബോധം ഉണ്ടാക്കിത്തീര്‍ക്കുന്നതില്‍ ഉത്തരേന്ത്യന്‍ പണ്ഡിതര്‍ പിന്നാക്കം നിന്നതാണെന്ന് മനസ്സിലാവുക.

ഇത് വലിയ അപകടവും മാപ്പര്‍ഹിക്കാത്തതുമാണ്. ഈ അപകടാവസ്ഥയില്‍ നിന്ന് പരിപൂര്‍ണ്ണമല്ലെങ്കിലും ഏറെക്കുറെ ദക്ഷിണേന്ത്യന്‍ മുസ്ലിംകള്‍ രക്ഷപ്പെട്ടതിന്‍റെ ഫലമാണ് അവരിലുള്ള ഇസ്ലാമിക ചൈതന്യവും സാംസ്ക്കാരിക ഫലപുഷ്ടിയും.

കേരളത്തില്‍ പ്രവാചക കാലത്ത് തന്നെ മാലികുബ്നു ദീനാര്‍(റ)വിനാല്‍ തിരികൊളുത്തപ്പെട്ട ഇസ്ലാം തലമുതിര്‍ന്ന പണ്ഡിതരിലൂടെയും സയ്യിദ ന്മാരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടാണ് നിലനിന്നിരുന്നതെങ്കിലും 20ാം നൂറ്റാണ്ടില്‍ ബിദഈ ആക്രമണം ശക്തമായപ്പോഴാണ് അന്നത്തെ പണ്ഡിതന്മാരെല്ലാം ഒത്തുചേര്‍ന്ന് സമസ്തക്ക് രൂപീകരണം നല്‍കുന്നതും ഇസ്ലാമിനെ സംരക്ഷിക്കുന്നതും. ഈ സമസ്തക്ക് 100 വയസ്സാകുമ്പോള്‍ സ്ഥാപിത ലക്ഷ്യത്തില്‍ സംഘടന ഒരുപാട് മുന്നേറിയിട്ടുണ്ടെന്നതാണ് ഇക്കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തിലെ ജനസമുദ്രം പറഞ്ഞിരുന്നത്.

സമസ്ത ദക്ഷിണേന്ത്യന്‍ മുസ്ലിംകളെ മതകീയമായി സംരക്ഷിക്കുന്നതുപോലെ, രാഷ്ട്രീയമായി മുസ്ലിംകളുടെ ഒരുപറ്റം സംഘടനകളുടെ സക്രിയമായ ഇടപെടലുകളും  സ്തുത്യര്‍ഹമാണ്. ഇതു കാരണം ഒരു നട്ടെല്ലുള്ള വിഭാഗമായി തെക്കേ ഇന്ത്യന്‍ മുസ്ലിംകള്‍ മാറിയിരിക്കുന്നു. കേവലം വോട്ടുബാങ്കുകളായി പ്രവര്‍ത്തിക്കാതെ സമുദായത്തിന് ഗുണം നല്‍കുന്നവരോടൊപ്പം നില്‍ക്കാന്‍ ഇവര്‍ ശ്രമിച്ചു വരുന്നു.

മാത്രമല്ല, ഇന്ത്യയിലെവിടെയെങ്കിലും മുസ്ലിമോ ഇസ്ലാമിക ചിഹ്നങ്ങളോ ആക്രമിക്കപ്പെട്ടാല്‍, ആത്മ സംയമനമെന്ന മഹത് മുദ്രാവാക്യം മുന്നില്‍ നിര്‍ത്തി നിയമ നടപടികളിലൂടെ ശക്തമായി തിരിച്ചടിക്കുന്ന പാര്‍ട്ടിയാണ് പ്രസ്തുത സംഘടന. ഇവര്‍ കാരണം തെക്കേ ഇന്ത്യന്‍ മുസ്ലിംകള്‍ സാക്ഷരതയുള്ളവരും ധാര്‍മ്മികാവബോധമുള്ളവരും സാംസ്ക്കാരിക സമ്പന്നരുമായിത്തീര്‍ന്നിരിക്കുന്നു.

ചുരുക്കത്തില്‍, ഉത്തരേന്ത്യ കേരളീയ മുസ്ലിംകളില്‍ നിന്നും പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്. തീവ്ര?ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്ന യുവാക്കളെ ഒരുമിച്ചുകൂട്ടി മതകീയവും രാഷ്ട്രീയവുമായ സുഭദ്രമായ സംഘടനകള്‍ രൂപീകരിക്കാന്‍ അവര്‍ തീര്‍ച്ചയായും മുതിരേണ്ടതുണ്ട്. അതുണ്ടായില്ലെങ്കില്‍ ഫാസിസത്തിന്‍റെയും മാര്‍ക്കിസത്തിന്‍റെയും ഭീകര സ്വത്വങ്ങളുടെ ഇരയാകുന്നവരുടെ നിരക്ക് ക്ലിപ്തപ്പെടുത്താന്‍ കഴിയാതെ വന്നേക്കാം…!

 

About admin 19 Articles
This is the administrator of Ahlussunna online

Be the first to comment

Leave a Reply

Your email address will not be published.


*