മുത്വലാഖ് ഓര്‍ഡിനന്‍സ്: സമസ്തയുടെ ഹരജിക്കു പ്രസക്തിയുണ്ടെന്ന് സുപ്രിംകോടതി.

ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജിക്കു പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്ന് സുപ്രിം കോടതി. അതേസമയം, ഹരജി പരിഗണിച്ച് ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസയച്ച് തുടര്‍നടപടി സ്വീകരിക്കുമ്പോഴേക്കും ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യത്തിന് പ്രസക്തിയുണ്ടാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതോടെ ഹരജി പിന്‍വലിക്കുന്നതായി സമസ്തയുടെ അഭിഭാഷകര്‍ അറിയിച്ചു.
പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം ഈ മാസം തന്നെ തുടങ്ങുന്നതിനാല്‍ സമ്മേളനത്തില്‍ മുത്വലാഖ് ബില്ല് നിയമമാക്കാനും സാധ്യതയുണ്ട്.അത്തരം ഘട്ടത്തില്‍ മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ബില്ല് പാസ്സാവുകയാണെങ്കില്‍ അതിനെ ചോദ്യംചെയ്യാനുള്ള അധികാരവും കോടതി സമസ്തക്കു നല്‍കി. ഇതോടെയാണ് അങ്ങിനെയാണെങ്കില്‍ ഇപ്പോള്‍ ഹരജി പിന്‍വലിക്കുന്നതായി സമസ്ത അറിയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*