മാലദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

മാലെ: രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മാലദ്വീപില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. മാലദ്വീപില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ കഴിഞ്ഞ മാസം അഞ്ചിനാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 15 ദിവസത്തേക്കായിരുന്നു ആദ്യം അടിയന്തരാവസ്ഥ നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് പാര്‍ലമെന്റിന്റെ അനുവാദത്തോടെ യമീന്‍ ഒരു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഇതിന്റെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണു പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഫെബ്രുവരി ഒന്നിന് മാലദ്വീപ് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയത്. മുന്‍ പ്രധാനമന്ത്രി മുഹമ്മദ് നശീദ് അടക്കം പത്ത് പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ സര്‍ക്കാര്‍ ചുമത്തിയ ഭീകരക്കുറ്റം പിന്‍വലിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

തടവിലുള്ളവരെ പുറത്തുവിടണമെന്നും കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇതോടൊപ്പം, നേരത്തെ സര്‍ക്കാര്‍ അയോഗ്യരാക്കിയ പാര്‍ലമെന്റ് അംഗങ്ങളെ തിരിച്ചെടുക്കാനും കോടതി ആവശ്യപ്പെട്ടു. കോടതി ഇംപീച്ച്‌മെന്റ് നടപടിയിലേക്കു നീങ്ങുന്നതു പേടിച്ചാണ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്ന് രാജ്യത്ത് വ്യാപകമായ പ്രതിപക്ഷ വേട്ടയാണ് അരങ്ങേറിയത്. മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം, ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, മറ്റൊരു സുപ്രിംകോടതി ജഡ്ജിയായ അലി ഹമീദ് എന്നിവരെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*