ബാബരി മസ്ജിദ്: മധ്യസ്ഥ ചര്‍ച്ചയോട് പേഴ്‌സനല്‍ ലോ ബോര്‍ഡ് സഹകരിച്ചേക്കില്ല; അടിയന്തര യോഗം ലഖ്‌നോയില്‍ തുടങ്ങി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ മധ്യസ്ഥനീക്കങ്ങള്‍ നടന്നുവരുന്നതിനിടെ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വിളിച്ചുചേര്‍ത്ത അടിയന്തര യോഗം ലഖ്‌നോയില്‍ തുടങ്ങി. യോഗത്തിലേക്ക് ബോര്‍ഡിന്റെ 51 അംഗ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കു പുറമെ സുന്നി വഖ്ഫ് ബോര്‍ഡ് പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. ഭൂമി തര്‍ക്കം മധ്യസ്ഥത്തിലൂടെ പരിഹരിക്കാനായി ഈ മാസം 10ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാണ് മൂന്നംഗസമിതി നിയമിച്ചു ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി സുപ്രിംകോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ഇബ്‌റാഹീം ഖലീഫുള്ള അധ്യക്ഷനായ സമിതി ഈ മാസം 13ന് ആദ്യ സിറ്റിങ് നടത്തിയിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കുള്ള നടപടികള്‍ നടന്നുവരുന്നതിനിടെയാണ് പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെയും സുന്നി വഖ്ഫ് ബോര്‍ഡിന്റെയും നേതാക്കള്‍ സുപ്രധാന യോഗം വിളിച്ചത്.

അതേസമയം, സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന മധ്യസ്ഥ ചര്‍ച്ചയുമായി സഹകരിക്കേണ്ടതില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനോട് പറഞ്ഞു. ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ ഭൂമി വഖ്ഫ് സ്വത്താണ്. ഇസ്‌ലാമിക നിയമപ്രകാരം ഒരു സ്വത്ത് ഒരുതവണ വഖ്ഫ് ആയി പ്രഖ്യാപിച്ചാല്‍ പിന്നീട് അത് മധ്യസ്ഥചര്‍ച്ചയിലൂടെ മറ്റൊരുകക്ഷിക്കു വിട്ടുകൊടുക്കാന്‍ കഴിയില്ല…
മധ്യസ്ഥചര്‍ച്ചയുടെ ഫലം വഖ്ഫ് ഭൂമി വിട്ടുകൊടുക്കണം ആണ് എങ്കില്‍ അത് അംഗീകരിക്കാന്‍ വിശ്വാസികള്‍ക്കു കഴിയില്ല. അത്തരത്തിലൊരു ഫലം ഇസ്‌ലാമികനിയമങ്ങള്‍ക്കു വിരുദ്ധവുമാണ്. ഈ സാഹചര്യത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെഭാഗത്തുനിന്നുള്ള ഉത്തരവ് അല്ലാതെ മധ്യസ്ഥചര്‍ച്ചയിലൂടെയുള്ള തീരുമാനത്തോടു യോജിപ്പില്ല. പക്ഷേ, കേസില്‍ വാദംകേട്ട ശേഷം സുപ്രിംകോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് അത് എന്തായാലും അംഗീകരിക്കാന്‍ തയ്യാറുമാണെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഇത്തരം കാര്യങ്ങളാണ്ബോര്‍ഡിന്റെ ഇന്നത്തെ യോഗത്തിലെ അജണ്ട. സുപ്രിംകോടതി മുന്‍പാകെയുള്ള കേസിലെ പ്രധാനകക്ഷിയായതിനാലാണ് സുന്നി വഖ്ഫ് ബോര്‍ഡ് പ്രതിനിധികളെ യോഗത്തിലേക്കു ക്ഷണിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*