പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും എളുപ്പം കടക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ ബി.ജെ.പി

ന്യൂഡല്‍ഹി: ദേശീയ പൗരത്വഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായതിന് പിന്നാലെ രാജ്യസഭയും കടക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി. തിങ്കളാഴ്ച 12 മണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസായത്. നാളെ വൈകിട്ട് മൂന്നോടെ ബില്‍ രാജ്യസഭയിലും അവതരിപ്പിക്കും.

ലോക്‌സഭയില്‍ ശിവസേനയുടെ വോട്ടുകള്‍ ഉള്‍പ്പെടെ 334 അംഗങ്ങളുടെ പിന്തുണയാണ് എന്‍.ഡി.എക്ക് ലഭിച്ചത്. രാജ്യസഭയിലെ 240 അംഗങ്ങളില്‍ ബില്‍ പാസാവണമെങ്കില്‍ 121 പേരുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പി, എ.ഐ.ഡി.എം.കെ, ജെ.ഡി.യു, അകാലി ദള്‍ എന്നിവരുള്‍പ്പെട്ട എന്‍.ഡി.എക്ക് 116 അംഗങ്ങളാണുള്ളത്. കൂടാതെ മറ്റുള്ള 14 അംഗങ്ങളുടെ പിന്തുണ കൂടി ലഭിക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതുകൂടി ലഭിക്കുകയാണെങ്കില്‍ 130 പേരുടെ പിന്തുണയോടെ എളുപ്പം ബില്‍ അവതരിപ്പിക്കാനാകും.

അതേസമയം കോണ്‍ഗ്രസ് നീരസം പരസ്യമായി പ്രകടിപ്പിച്ചതോടെ ലോക്‌സഭയില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ടു ചെയ്ത ശിവസേന കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിച്ചാലേ രാജ്യസഭയില്‍ വോട്ട് രേഖപ്പെടുത്തൂ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭയില്‍ സേനക്ക് മൂന്ന് എം.പിമാരാണുള്ളത്. പിന്തുണ നല്‍കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്ന മറ്റുള്ളവരില്‍ ഏഴ് പേര്‍ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡിയില്‍ നിന്നുള്ള അംഗങ്ങളാണ്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസിലെ രണ്ട്‌പേരുടെയും തെലുങ്കുദേശം പാര്‍ട്ടിയിലെ രണ്ട് എം.പിമാരുടെയും പിന്തുണ ബി.ജെ.പി ഉറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് രാജ്യസഭയില്‍ 64 അംഗങ്ങളാണുള്ളത്. ത്രിണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ടി.ആര്‍.എസ്, സി.പി.എം എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള 46 അംഗങ്ങള്‍ യു.പി.എക്കൊപ്പം നിന്ന് ബില്ലിനെ എതിര്‍ക്കും.

Be the first to comment

Leave a Reply

Your email address will not be published.


*