പ്രവാസി ജിദ്ദ ഹെല്‍പ്‌ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഷറഫിയയില്‍ ആരംഭിക്കുന്ന പ്രവാസി ഹെല്‍പ്‌ഡെസ്‌കിന്റെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ നിര്‍വഹിച്ചു. സഊദിയിലെ നിയമ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്നത്ര സേവന സൗകര്യങ്ങള്‍ പ്രവാസികള്‍ക്കായി നല്‍കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് ഹെല്‍പ് ഡെസ്‌കിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റുകള്‍ എന്നും അവഗണിച്ച വിഭാഗമാണ് പ്രവാസികളെന്നും എങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളെ സംബന്ധിച്ച അറിവിന്റെ പരിമിതികള്‍ മൂലം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് നഷ്ടമാകുന്നുവെന്ന് ഡസ്‌കിന്റെ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ച സേവന വിഭാഗം കണ്‍വീനര്‍ കെ.എം. അബ്ദുല്‍കരീം പറഞ്ഞു.
കേരളാ സര്‍ക്കാരിന്റെ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ യുസുഫ് പരപ്പന്‍ വിശദീകരിച്ചു. മാനവീയം പ്രതിനിധി പുഷ്പ കുമാര്‍, മീഡിയ ഫോറം പ്രതിനിധി സാദിഖലി തുവൂര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. നാസര്‍ വേങ്ങര, ഇസ്മായില്‍ പാലക്കണ്ടി, അമീന്‍ ഷറഫുദ്ദീന്‍, ദാവൂദ് രാമപുരം, റഷീദ് എടവനക്കാട്, ഷഫീഖ് മേലാറ്റൂര്‍, സൈഫുദ്ദീന്‍ ഏലംകുളം, അസീസ് കണ്ടോത്ത്, യൂസുഫ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദലി ഓവിങ്ങല്‍ സ്വാഗതവും റസാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണി മുതല്‍ 10 മണി വരെ ആയിരിക്കും ഹെല്‍പ് ഡസ്‌കിന്റെ പ്രവര്‍ത്തന സമയം.

Be the first to comment

Leave a Reply

Your email address will not be published.


*