പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അന്തരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പി.ബി അബ്ദുല്‍ റസാഖ് (63) അന്തരിച്ചു. ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കാസര്‍ഗോഡ് സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് (ശനി) പുലര്‍ച്ചയോടെയാണ് അന്തരിച്ചത്.

ജനാസ നിസ്‌കാരം ഇന്നു വൈകീട്ട് അഞ്ചു മണിക്ക് കാസര്‍ഗോഡ് ആലംബാടി ജുമാമസ്ജിദില്‍.

2011 മുതല്‍ മഞ്ചേശ്വരത്തു നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ നേതാവാണ് അദ്ദേഹം. സംഘ് പരിവാര്‍ ശക്തമായ വര്‍ഗീയ പ്രചരണം നടത്തിയ 2016 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കെ. സുരേന്ദ്രനെ 89 വോട്ടിന് തോല്‍പ്പിച്ച് അദ്ദേഹം രാഷ്ട്രീയ വൃത്തങ്ങളില്‍ ശ്രദ്ധേയനായിരുന്നു.

1967-ല്‍ മുസ്ലിം യൂത്ത് ലീഗിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അബ്ദുല്‍ റസാഖ് ഏഴു വര്‍ഷത്തോളം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്, കേരള റൂറല്‍ വെല്‍ഫെയര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍, ജില്ലാ വികസന സ്ഥിരം സമിതിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചു. എര്‍മാളം ജമാഅത്ത് ജനറല്‍ സെക്രട്ടറി, നെല്ലിക്കട്ട, നീര്‍ച്ചാല്‍ ജമാഅത്തുകളുടെ പ്രസിഡണ്ട്, നായന്മാര്‍മൂല ജമാഅത്ത് വര്‍ക്കിങ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

സഫിയയാണ് ഭാര്യ. മക്കള്‍: ഷഫീഖ് റസാഖ്, സൈറ, ഷൈല, ഷൈമ.

എം.എൽ.എ പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കാസർകോട് ജില്ലയുടെ വികസന പ്രർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*