പശ്ചിമ ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീയിട്ടു കൊന്നു

അക്രമത്തിനു പിന്നില്‍ തൃണമൂലെന്ന് സി.പി.എം
വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീയിട്ടു കൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. നോര്‍ത്ത് 24 പര്‍ഗാനയിലെ ഇവരുടെ വീടിനു തീവയ്ക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനിടെ നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകുടെ വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. കൂച്ചബെഹാര്‍ ജില്ലയിലുണ്ട്യ സ്‌ഫോടനത്തില്‍ ഇരുപതോളം ആളുകള്‍ക്കു പരുക്കേറ്റു. അക്രമങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് സുരക്ഷയും  ശക്തമാക്കിയിരുന്നു.  വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.

കടുത്ത സംഘര്‍ഷങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷമാണ് പശ്ചിമബംഗാള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.  621 ജില്ലാ പഞ്ചായത്തുകള്‍, 6157 പഞ്ചായത്ത് സമിതികള്‍, 3187 ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍  വോട്ടെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കൊലപ്പെടുത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 75,000 ത്തോളം പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് സി.പി.എമ്മും ബി.ജെ.പിയും കോണ്‍ഗ്രസും സുപ്രിം കോടതിയെ വരെ സമീപിച്ചിരുന്നു.

800 ഓളം സി.പി.എം സ്ഥാനാര്‍ത്ഥികളും വിവിധ ബി.ജെ.പി, കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളും ഇ മെയിലിലൂടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇവ സ്വീകരിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. എന്നാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 20,076 തൃണമൂല്‍ സ്ഥാനാര്‍ത്ഥികളെ  വിജയികളായി പ്രഖ്യാപിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

തൃണമൂല്‍ അക്രമം രൂക്ഷമായതോടെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ബിജെപി, സിപിഎം എന്നിവര്‍ പരസ്പരം സഹകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സഹകരത്തെ സി.പി.എം നേതൃത്വം തള്ളിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*