നോമ്പ്: ആത്മീയതയും സംസ്കരണവും

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍

സ്വാതന്ത്ര്യം അനുഭവിക്കുന്നതോടൊപ്പം പരിധിയും പരിമിതികളും ഉള്‍ക്കൊണ്ട് ജീവിക്കേണ്ടവനാണ് മുസ്ലിം. എന്നാല്‍ ഖേദകരമെന്നു പറയട്ടെ മുസ്ലിം തന്‍റെ ആത്യന്തിക സ്വത്വമായ മനുഷ്യത്വം ഉപേക്ഷിച്ച് ജന്തുത്വത്തിലേക്ക് അഭംഗുരം മുന്നേറുന്ന പതിവുകാഴ്ചകളാണ് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും അനുഭവിക്കാനാകുന്നത്. ഇച്ഛകള്‍ക്ക് മേല്‍ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന് മുന്നില്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ അതിജയിക്കുന്നത്.
ഇച്ഛകള്‍ക്കെതിരെയുള്ള പ്രതിരോധസമരം;
ആത്മാവിനുള്ളില്‍ ഏതു നേരവും ധര്‍മാധര്‍മ സംഘട്ടനങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ ധര്‍മ്മബോധം അതിജയിക്കുമ്പോള്‍ മാത്രമേ മനുഷ്യന് തന്‍റെ ദൗത്യം ആത്യന്തികമായി വിജയിച്ചു എന്നു പറയാന്‍ സാധിക്കുകയുള്ളൂ.

അല്ലാഹുവിന്‍റെ തീരുമാനങ്ങള്‍ക്കപ്പുറം സ്വന്തം ഇച്ഛയുടെ അടിമയായി മാറുന്ന മനുഷ്യന്‍ പരാജയത്തെ കൈനീട്ടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാരെ അതിശക്തമായ ഭാഷയില്‍ അല്ലാഹു വിമര്‍ശിച്ചിട്ടുണ്ട്: വാസ്തവത്തില്‍ അവര്‍ പിന്‍പറ്റുന്നത് ദേഹേച്ഛകളെയാകുന്നു. ദൈവിക മാര്‍ഗദര്‍ശനമില്ലാതെ, സ്വേച്ഛകളെ പിന്‍പറ്റുന്ന മനുഷ്യനെക്കാള്‍ വഴിപിഴച്ചവനാരുണ്ട്? അല്ലാഹു ഇത്തരം ധിക്കാരികള്‍ക്ക് ഒരിക്കലും സന്മാര്‍ഗമരുളുകയില്ല( അല്‍ ഖസ്വസ്:50)

ജഡികേച്ഛകള്‍ക്കെതിരെയുളള സമരമാണ് അല്ലാഹു വിശ്വാസികളില്‍ നിന്നും ആവശ്യപ്പെടുന്നത്. അതിനുള്ള നിരവധി വഴികള്‍ അല്ലാഹു നമുക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് റമളാന്‍. ഇച്ഛകളെ നിയന്ത്രണ വിധേയമാക്കാനുള്ള അതി ശക്തമായ സമര വീര്യം ഉള്‍ക്കൊള്ളുന്ന ഇബാദത്താണ് നോമ്പ്.

ശരീരം നശ്വരവും ആത്മാവ് അനശ്വരവുമാണ്. രണ്ടും കൂടിച്ചേരുമ്പോഴാണ് മനുഷ്യാസ്തിത്വത്തിന് പൂര്‍ണ്ണത കൈവരുന്നത്. കേവല ആയുസ്സ് മാത്രമുള്ള ശരീരത്തെ പ്രണയിക്കുകയും അനശ്വരമായ ആത്മാവിനെ അവഗണിക്കുകയും ചെയ്യുകയെന്ന പുതിയ കാലത്തിന്‍റെ വര്‍ത്തമാനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ് ഉദ്ധൃത കവി വചനം.ബാഹ്യശരീരത്തെ മോടി പിടിപ്പിക്കുന്നതിനപ്പുറം ആത്മാവിനെ കളങ്ക രഹിതമാക്കി നന്മകള്‍ കൊണ്ടലങ്കരിക്കുക എന്നതാണ് ഭൂമിയില്‍ മനുഷ്യന് ചെയ്തു തീര്‍ക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം.അതിനുള്ള സുവര്‍ണ്ണാവസരമാണ് വിശുദ്ധ റമളാന്‍ നമുക്ക് ഒരുക്കിത്തരുന്നത്.

ശാരീരികേഛകള്‍ക്കെതിരെയുള്ള പ്രതിരോധ സമരത്തില്‍ ഏതു നേരവും മുഴുകേണ്ടവനാണ് വിശ്വാസി. സ്വയേഛകളെ വരുതിയില്‍ വരുത്തുമ്പോള്‍ മാത്രമേ നമുക്ക് അല്ലാഹുവിന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ആത്മാവിനെ വരുതിയില്‍ നിറുത്തുവാന്‍ അധ്വാനം അനിവാര്യമാണ്. ആത്മാവിനോടുള്ള സമരമാണ് ഏറ്റവും വലിയ ജിഹാദെന്ന് മുത്ത് നബി(സ) തന്‍റെ അനുചരരെ ഉണര്‍ത്തിയതില്‍ നിന്നും തന്നെ ജഢിക വാസനകളെ അതിജയിക്കാന്‍ കുറച്ച് പാടാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമല്ലോ.

ഇഛകളെ നിയന്ത്രിക്കുന്നതിന് നമ്മെ പാകപ്പെടുത്തിയെടുക്കുന്ന കാലമമാണ് റമളാന്‍. അടിമയും ഉടമയും തമ്മിലെ രഹസ്യമായ ഉടമ്പടിയാണ് റമളാനിലെ നോമ്പ്. പ്രകടന പരതയുടെ അംശങ്ങള്‍ കടന്നുവരാനുള്ള സാധ്യത തുലോം വിരളമായ ഇബാദത്താണത്.

അല്ലാഹുവിന് വേണ്ടി ശരീരത്തിന്‍റെ എല്ലാ ആവശ്യങ്ങളെയും പകല്‍ സമയത്ത് മനുഷ്യന്‍ ത്യജിക്കുന്നു. ഭക്ഷണത്തോടും ലൈംഗികതയോടും ഒരുപോലെ വിമുഖത കാണിക്കുന്നു. ഇവ പൂര്‍ത്തീകരിക്കാനുള്ള സാഹചര്യവും അവസരവും മുന്നിലുണ്ടായിട്ടും അല്ലാഹുവിന്‍റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം താല്‍പ്പര്യങ്ങളെ അവഗണിക്കുകയാണ് വിശ്വാസി ചെയ്യുന്നത്. ഇത്തരം ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ക്ക് മേല്‍ നോമ്പ് ഒരു പ്രതിരോധമായി നില്‍ക്കുന്നു.
അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാവുന്നതാണ്;വിശുദ്ധ റമളാന്‍ സമാഗതമാകുന്നതോടെ സ്വര്‍ഗീയവാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടും.നരകവാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും പിശാചുക്കളെ ബന്ധനസ്ഥരാക്കുകയും ചെയ്യും.(ബുഖാരി,മുസ്ലിം)

പൈശാചികമായദുര്‍ബോധനങ്ങള്‍ക്കടിമപ്പെടുമ്പോഴാണ് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും അടിമകള്‍ വഴിമാറി സഞ്ചരിക്കുന്നത്.ഈമാനികാവേശമുള്ള മനസ്സുകള്‍ക്ക് മുന്നില്‍ കുതന്ത്രങ്ങള്‍ നിറഞ്ഞ ചതിക്കുഴികളൊരുക്കി അവരെ തന്‍റെ ആശ്രിതരില്‍ പെടുത്താനുള്ള സദാശ്രമത്തിലാണ് ശൈത്വാന്‍ ഏതുനേരവുമുള്ളത്.അവിടെ വിശ്വാസത്തിന്‍റെ കാര്യത്തില്‍ ബലഹീനത പ്രകടിപ്പിക്കുന്നവര്‍ എളുപ്പത്തില്‍ പിശാചിന് മുന്നില്‍ വശംവദരാകുകയും സത്യത്തിന്‍റെ മാര്‍ഗത്തില്‍ നിന്നും അസത്യത്തിന്‍റെ ധ്വജവാഹകരായി മാറുകയും ചെയ്യും.അപ്പോള്‍ മനുഷ്യന് നന്നാകാന്‍ പിശാചിനെ ബന്ധിക്കേണ്ടത് അനിവാര്യമാണ്.അതാണ് അല്ലാഹു ഈ മാസത്തില്‍ ചെയ്യുന്നത്.

തന്‍റെ അടിമയുടെ സല്‍ക്കര്‍മ്മത്തിന്‍റെ തുലാസിന് കനം തൂങ്ങാനുള്ള വഴികളാണ് അവരെ സ്നേഹിക്കുന്ന നാഥന്‍ ഒരുക്കുന്നത്.അതിനെ ഹൃദയം തുറന്ന് സ്വീകരിക്കാനാണ് ഖല്‍ബില്‍ ഈമാനിന്‍റെ അംശമെങ്കിലുമുള്ളവര്‍ ശ്രമിക്കേണ്ടത്.

റമളാന്‍ സമര്‍പ്പിക്കുന്ന അനുഗ്രഹത്തിന്‍റെ വഴികള്‍ അതി സമഗ്രവും വിശാലവുമാണ്.ഖല്‍ബ് തുറന്നിരിക്കേണ്ട പണി മാത്രമേ നമുക്കുള്ളൂ.അവിടെയും പരാജയപ്പെടുന്നവര്‍ മുന്‍കാലത്ത് ശൈത്വാനിയ്യത്തിന്‍റെ ദുര്‍ബോധനങ്ങള്‍ക്ക് മുന്നുംപിന്നും നോക്കാതെ വഴിപ്പെട്ടവരും അതില്‍ ആനന്ദം കണ്ടെത്തിയവരുമായിരിക്കും.അതില്‍ നിന്നും കുതറിമാറാന്‍ റമളാനിന്‍റെ നാളുകളാണെങ്കില്‍ പോലും അല്‍പം പ്രയാസമായിരിക്കും.

ഭൂമിയില്‍ പ്രവാചകന്മാര്‍ വഴി സമര്‍പ്പിക്കപ്പെട്ട വ്യവസ്ഥിതികളെ അടിസ്ഥാനപ്പെടുത്തി ജീവിതത്തെ ക്രമപ്പെടുത്താനാണ് അല്ലാഹു ആദം നബി(അ) മുതല്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ് (സ) വരെയുള്ള എല്ലാ കാലഘട്ടക്കാരോടും ആവശ്യപ്പെട്ടിട്ടുള്ളത്. പ്രകൃതിയില്‍ സത്യത്തെ പ്രതിഷ്ഠിക്കുകയും അതിലേക്കുള്ള വഴികളെ സമര്‍പ്പിക്കുകയും ചെയ്തതോടൊപ്പം തന്നെ ഒരു പരീക്ഷണാടിസ്ഥാനത്തില്‍ പിശാചിന്‍റെ സാന്നിധ്യവും അല്ലാഹു സംവിധാനിച്ചിട്ടുണ്ട്.

ഈ ദ്വിതീയ വഴികളില്‍ ഏതിനെയാണോ തെരെഞ്ഞെടുക്കുന്നത് അതിനനുസരിച്ചായിരിക്കും മനുഷ്യന്‍റെ നിലയും വിലയും തീരുമാനിക്കുക. ഇഛാനിയന്ത്രണത്തിനുള്ള ശേഷി കൈവരിക്കുക എന്നതാണ് മനുഷ്യന് മുന്നിലുള്ള വലിയൊരു ദൗത്യം.

അതിനുള്ള എളുപ്പ വഴികളാണ് നോമ്പിലൂടെ നമുക്ക് നേടിയെടുക്കാനാകുന്നത്.
തഖ്വയുടെ മേല്‍വിലാസം
ഒരേ സമയം ഇഛകള്‍ക്കെതിരിലുള്ള പോരാട്ടവീര്യവും നന്മയോടൊപ്പം ചേര്‍ന്നുനില്‍ക്കാനുള്ള ത്യാഗമനസ്ഥിതിയും മ്ലേഛ ബോധങ്ങളില്‍ നിന്നുള്ള സംസ്കരണ ചിന്തയും നോമ്പ് നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. ഇതിന്‍റെയെല്ലാം ആകത്തുകയാണ് തഖ്വ എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്. നോമ്പിന്‍റെ പ്രഥമ ലക്ഷ്യം തഖ്വയുടെ ദൃഢീകരണമാണ്.

അല്ലാഹു പറയുന്നത് കാണുക: സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്വയുള്ളവരാകാന്‍ വേണ്ടി (അല്‍ ബഖറ:183)

‘മുത്തഖിയായി ജീവിക്കുക’ എന്ന കര്‍ശന നിര്‍ദേശമാണ് അല്ലാഹു എല്ലാ കാലത്തുള്ളവര്‍ക്കും നല്‍കിയിട്ടുളളത്. പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിലൂടെ അല്ലാഹു ലക്ഷ്യം വെച്ചതും അതുതന്നെയാണ്. അല്ലാഹു പറയുന്നത് കാണുക: അല്ലാഹുവിന് തഖ്വയുള്ളവരാകണമെന്ന് നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരോടും നിങ്ങളോട് തന്നെയും നാം വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്( സൂറത്തുന്നിസാഅ്:131)
ഹൃദയത്തില്‍ തഖ്വയുടെ ദിവ്യപ്രകാശങ്ങള്‍ കത്തിച്ചുവെക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ് നോമ്പ് നമുക്ക് സമ്മാനിക്കുന്നത്.

പിശാചിന്‍റെ അസാന്നിധ്യമാണല്ലോ റമളാന്‍ മാസത്തിന്‍റെ ഒരു പ്രത്യേകത.ആ അസാന്നിധ്യത്തില്‍ നമുക്ക് സന്മാര്‍ഗത്തിലടിയുറച്ചു നില്‍ക്കാനുള്ള ധാര്‍മ്മിക ശേഷികളെ എളുപ്പത്തില്‍ ആര്‍ജ്ജിച്ചെടുക്കാനാകുന്നു. എല്ലാ കാലത്തേക്കും സംഭരിച്ചുവെക്കാന്‍ പാകത്തിലുള്ള മൂലധനമായി നോമ്പ് കാലത്തിന്‍റെ ഈ നേട്ടത്തെ മാറ്റിയെടുക്കുന്നതിലൂടെ മുത്തഖീങ്ങളുടെ ലിസ്റ്റില്‍ നമുക്ക് ചെന്നുചേരാനാകുന്നു. അപ്പോള്‍ നോമ്പിന്‍റെ ആത്യന്തിക ലക്ഷ്യത്തെ കണ്ടുമുട്ടാനുള്ള മഹാഭാഗ്യം നമുക്കും ലഭിക്കുന്നു.

തഖ്വയെന്നത് അല്ലാഹുവിനോടുളള സ്നേഹപ്രകടനത്തിന്‍റെ വിളിപ്പേരാണ്. ഭൂമിയില്‍ സകല സൗകര്യങ്ങളും സംവിധാനിച്ച് നിരവധി അനുഗ്രഹങ്ങള്‍ നമുക്ക് ചെയ്തു തന്ന ഉടമയോട് പ്രകടിപ്പിക്കുന്ന അടങ്ങാത്ത ആവേശത്തിന്‍റെ ഭാഗമാണത്. അല്ലാഹു സൃഷ്ടികളോട് ആവശ്യപ്പെടുന്നത് തഖ്വയുള്ള ഖല്‍ബും ശരീരവുമാണ്.

അല്ലാഹു പറയുന്നത് കാണുക: “ജനങ്ങളേ, നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനോട് തഖ്വയുള്ളവരാകുവിന്‍”(നിസാഅ്:1)
ഇങ്ങനെ തഖ്വ പ്രകടിപ്പിക്കുന്നവരോടൊപ്പമാണ് പ്രപഞ്ച സ്രഷ്ടാവിനെ നാം തേടേണ്ടത്. “അറിയുക, നിശ്ചയം അല്ലാഹു തഖ്വയുള്ളവരോടൊപ്പമാകുന്നു”(അത്തൗബ:36) “നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.അല്ലാഹു മുത്തഖീങ്ങളോടൊപ്പമാണെന്ന് നിങ്ങളറിയുക”(അല്‍ ബഖറ:194)
തഖ്വയുള്ളവര്‍ക്കാണ് ഭൂമിയിലും ആകാശത്തും അത്യുന്നത സ്ഥാനമുള്ളത്.

നമുക്ക് സൃഷ്ടികളിലെ മഹോന്നതരായിത്തീരാനുള്ള മാര്‍ഗമായാണ് അല്ലാഹു നോമ്പിനെ സംവിധാനിച്ചിരിക്കുന്നത്. “നിങ്ങള്‍ക്കിടയില്‍ ഏറ്റവും ആദരണീയര്‍ കൂടുതല്‍ തഖ്വയുള്ളവരാകുന്നു” എന്നാണല്ലോ ഖുര്‍ആന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നോമ്പിന്‍റെ നേരങ്ങള്‍ ആരാധനകള്‍ കൊണ്ട് മുഖരിതമാക്കുന്നതിലൂടെ നമുക്ക് ഖല്‍ബില്‍ തഖ്വക്ക് തടമൊരുക്കാം. വിശ്വാസികളുടെ ഇബാദത്തുകള്‍ അല്ലാഹു എന്ന ആത്യന്തിക ലക്ഷ്യത്തെ പുണരാനുള്ള വഴികളാണ്.

റമളാനില്‍ ത്യാഗ നിര്‍ഭരമായ മനസ്സോടെ അല്ലാഹുവിനോടടുക്കാനുള്ള ബോധം നമുക്കുള്ളില്‍ ഉണര്‍ന്നു നില്‍ക്കുമ്പോള്‍ മാത്രമേ നോമ്പ് നമുക്ക് അനുകൂലമാകുകയുള്ളൂ.

നോമ്പ് നമ്മുടെ ശരീരത്തെയും മനസ്സിനെയും തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തിനെയും സംസ്കരിക്കുന്നതായി മാറണം. വൈയക്തികവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ എല്ലാ തലങ്ങളിലും അടിഞ്ഞു കൂടിയ അരുതായ്മകളെ ശുദ്ധീകരിച്ചെടുക്കാന്‍ ഈ റമളാനില്‍ നമുക്ക് സാധിക്കണം.

പരിശുദ്ധ ഇസ്ലാമിന്‍റെ ആത്യന്തിക ലക്ഷ്യം തന്നെ സംസ്കരണമാണല്ലോ.ആത്മാവിനെ സംസ്കരിച്ചവന്‍ വിജയിക്കുകയും അല്ലാത്തവന്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു എന്നതാണല്ലോ ഖുര്‍ആനികാധ്യാപനം.
അല്ലാഹുവില്‍ ലയിച്ചു ചേരണമെന്ന ചിന്തയോടെ ജീവിതത്തെ സമീപിക്കാന്‍ ഈ റമളാന്‍ നമ്മെ പാകപ്പെടുത്തണം.

പശ്ചാത്താപവിവശനായ മനസ്സോടെ അല്ലാഹുവിനോടടുത്ത് തൗബയുടെ വാതില്‍പടികളില്‍ ഏതു നേരവും മനമുരുകി പ്രാര്‍ത്ഥിക്കുന്ന ഖല്‍ബിനുടമകളായി മാറാന്‍ റമളാനോളം വരുന്ന മറ്റൊരവസരവും നമുക്ക് കടന്നുവരാനില്ല. അടികള്‍ക്ക് കരുണചെയ്യാനും പാപം പൊറുത്തുകൊടുക്കാനും നരക മോചനത്തിനും വേണ്ടി അല്ലാഹു റമളാന്‍റെ ഓരോ ഭാഗങ്ങളും നീക്കി വെച്ചിരിക്കുകയാണ്. താണുകേണുകൊണ്ട് റബ്ബിനോട് തേടിയെങ്കില്‍ മാത്രമേ റമളാനിന്‍റെ ഈ നന്മകള്‍ നേടിയെടുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.
അടിമയും ഉടമയും തമ്മിലെ ബന്ധത്തില്‍ ഇടിവു സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെ പരിഹരിക്കാനുള്ള ഏറ്റവും ഉദാത്തമായ അവസരമാണ് റമളാന്‍ നമുക്ക് തുറന്നുതരുന്നത്. പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായി ജീവിതത്തെ സമീപിച്ചിട്ടുണ്ടെങ്കില്‍ അത്തരം ചിന്തകളെ വലിച്ചെറിഞ്ഞ് റബ്ബിനോടടുക്കാന്‍ നാം മനസ്സുവെച്ചാല്‍ അല്ലാഹു നമ്മെ സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രത്യേകിച്ചും പാപമോചനത്തിന്‍റെ ഈ നാളുകളില്‍ നാം അതിനുവേണ്ടി നമ്മുടെ സമയങ്ങള്‍ നീക്കിവെക്കേണ്ടതാണ്.ചെയ്തുപോയ പാപങ്ങളെയോര്‍ത്ത് വേദനിക്കുന്ന മനസ്സിന് അല്ലാഹുവിന്‍റെ അടുക്കല്‍ വലിയ വിലയാണുള്ളത്.

ഒരിക്കല്‍ മുആദ്(റ) നബി(സ)ക്കരികില്‍ ചെന്നുകൊണ്ട് പറഞ്ഞു: “ഒരു യുവാവ് കരഞ്ഞു കൊണ്ട് വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ട്”. അദ്ദേഹത്തോട് അകത്തുവരാന്‍ നബി(സ) പറഞ്ഞു. കരയുന്നതിന്‍റെ കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: “നബിയേ, ഞാന്‍ നിരവധി ദോഷങ്ങള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ചിലതിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ തന്നെ നരകത്തില്‍ ശാശ്വതമായി കടക്കേണ്ടി വരും.

മുഴുവന്‍ ദോഷങ്ങളുടെ പേരിലും ശിക്ഷിക്കപ്പെടുകയാണെങ്കില്‍ എന്തായിരിക്കും എന്‍റെ അവസ്ഥ!. ശേഷം മലഞ്ചെരുവില്‍ ചെന്ന് രണ്ട് കയ്യും ബന്ധിച്ച് അല്ലാഹുവിനോട് കരഞ്ഞു പ്രാര്‍ത്ഥിക്കുമായിരുന്നു”.
നോമ്പ് കാലത്തെ പ്രവാസം
നമ്മുടെ സമയങ്ങളെ കൃത്യമായി വിനിയോഗിക്കാന്‍ നമുക്ക് ഈ അനുഗ്രഹീത വേളകളില്‍ സാധിക്കേണ്ടതാണ്.പ്രത്യേകിച്ചും പ്രവാസികളായ പലര്‍ക്കും നോമ്പ് കാലത്ത് ഒഴിവ് സമയങ്ങള്‍ കൂടുതലുള്ളവരുണ്ട്. ഈ സമയങ്ങളെല്ലാം വളരെ ആസൂത്രിതമായി ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കി റബ്ബിന്‍റെ പൊരുത്തം നേടാന്‍ സാധിക്കേണ്ടതുണ്ട്.

നല്ല ആരോഗ്യമുള്ള സമയത്ത് ചെയ്യുന്ന ആരാധനകള്‍ക്കാണ് അല്ലാഹുവിന്‍റെ അടുക്കല്‍ കൂടുതല്‍ പ്രതിഫലമുള്ളത്. പ്രവാസികളുടെ ജീവിതത്തിന്‍റെ ഏറ്റവും ഐശ്വര്യം നിറഞ്ഞ നേരങ്ങള്‍ ചെലവഴിക്കുന്നത് വിദേശത്താണ്. അതുകൊണ്ട് തന്നെ കിട്ടുന്ന നേരങ്ങള്‍ പരമാവധി മുതലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പ്രവാസ ലോകത്ത് നിന്നും പെന്‍ഷന്‍ പറ്റി തിരിച്ചുപോകുന്ന നേരത്ത് ഈ ആരോഗ്യവും ചുറുചുറുക്കുമുണ്ടായിക്കൊള്ളണമെന്നില്ല. അല്ലാഹു നല്ല നേരത്ത് തരുന്ന അവസരങ്ങള്‍ മുതലാക്കാനാണ് ബുദ്ധിമാന്മാര്‍ സമയം കണ്ടെത്തേണ്ടത്.

ചുരുക്കത്തില്‍ നോമ്പ് ഉള്‍ക്കൊള്ളുന്ന സമര വീര്യത്തെ അടുത്തറിയാനും അനുഭവിക്കാനും നാം ആവേശം കാണിക്കണം. നോമ്പ് ഒരേ സമയം നന്മകളുടെ സംഗമ ഭൂമികയും തിന്മകള്‍ക്കെതിരെയുള്ള പ്രതിരോധവുമാണ്. ആയുശ്കാലം മുഴുവന്‍ സ്വന്തം നഫ്സിനോട് സമരം ചെയ്യാനുളള ശക്തി ഈ നോമ്പിലൂടെ നാം നേടിയെടുക്കണം. ആ രൂപത്തിലുള്ള ഒരു പരിശീലനക്കളരിയായി നോമ്പിനെ മാറ്റിയെടുക്കാന്‍ നമുക്ക് സാധിച്ചാല്‍ നോമ്പിന്‍റെ ലക്ഷ്യമായ തഖ്വ ആര്‍ജ്ജിച്ചെടുത്ത് ഇഹവും പരവും വിജയിക്കുന്നവരില്‍ പെടാന്‍ നമുക് സാധിക്കുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*