നിസ്സാരമാണീ ലോകം

നൗഷാദ് റഹ്മാനി മേല്‍മുറി

ഇഹലോകത്തിന് പ്രപഞ്ചനാഥന്‍ നല്‍കിയ വില വളരെ തുച്ഛമാണ്. എല്ലാം സൃഷ്ടിച്ച നാഥനറിയാമല്ലോ അതിനെന്ത് മൂല്ല്യമുണ്ടെന്ന്. അവന്‍ പരിഗണിച്ചിരുന്നുവെങ്കില്‍ നമുക്കതിനെ സര്‍വ്വാദരവുകളോടെ നോക്കിക്കാണാമായിരുന്നു. എന്നാല്‍ ദുനിയാവിനെ അല്ലാഹു തീരെ ഗൗനിച്ചില്ല. ഒരു കൊതുകിന്‍റെ ചിറകിന്‍റെയത്ര പോലും. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. “ഇഹലോകം അല്ലാഹുവിന് ഒരു കൊതുകിന്‍റെ ചിറകിന്‍റെയത്ര വിലയുള്ളതായിരുന്നുവെങ്കില്‍ സത്യനിഷേധികള്‍ക്ക് അതില്‍നിന്ന് ഒരു മുറുക്ക് വെള്ളം പോലും കുടിപ്പിക്കുകയില്ലായിരുന്നു”.
ദുനിയാവിന്‍റെ നിസ്സാരത നിരവധി ആയത്തുകളിലൂടെയും ഹദീസുകളിലൂടെയും വ്യംഗ്യമായും അല്ലാതെയും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ കാലത്തേയും നബിമാര്‍ ഇഹലോകത്തെ സംബന്ധിച്ച് തങ്ങളുടെ സമൂഹത്തിന് നന്നായി ബോധ്യപ്പെടുത്തിക്കൊടുത്തു. അത് ചെവി കൊള്ളാതെ അഹങ്കരിച്ച് നടന്നവര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. ഏതാനും സമയം മാത്രം ദൈര്‍ഘ്യമുള്ളതാണീ ദുന്‍യവിയ്യായ ജീവിതമെന്ന് അവര്‍ സോദാഹരണം വിശദീകരിച്ചു. ബുദ്ധിയും വിവേകവുമുള്ളവര്‍ ചിന്തിച്ചു. ജീവിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി.

നബി തിരുമേനി(സ്വ) തങ്ങള്‍ പരിശുദ്ധ സ്വഹാബത്തിനെ ദുനിയാവിന്‍റെ നശ്വരതയെ സംബന്ധിച്ച് നിരന്തരം ബോധ്യപ്പെടുത്തി. ത്യാഗോജ്ജ്വലതയുടെ നിദര്‍ശനങ്ങളാവാന്‍ സ്വഹാബത്തിന് പ്രേരകമായത് പ്രവാചക പാഠങ്ങളാണ്. അവരുടെ ജീവിതം ഭൗതിക വിരക്തിയുടെ സന്ദേശങ്ങള്‍ കൊണ്ട് നിര്‍ഭരമായിരുന്നു. തികച്ചും അഭൗതികതയുടെ അര്‍ത്ഥതലങ്ങള്‍ സ്പര്‍ശിച്ച് കൊണ്ടാണ് അവര്‍ ജീവിത രേഖ വരച്ചു തീര്‍ത്തത്. പിന്നാലെ വന്നവരെല്ലാം ആ വഴിവെളിച്ചം ആസ്വദിച്ചാണ് ജീവിതം കരുപ്പിടിപ്പിച്ചത്.

ഇബ്നു ഉമര്‍(റ) പറയുന്നു. “എന്നെ പിടിച്ച് കൊണ്ട് നബി(സ്വ) തങ്ങള്‍ ഇപ്രകാരം പറഞ്ഞു. ڇനീ ദുനിയാവില്‍ വിദേശിയെപ്പോലെയോ വഴിയാത്രക്കാരനെപ്പോലെയോ ആവുക. നിന്‍റെ ശരീരത്തെ ഖബ്റില്‍ പോകാന്‍ തയ്യാറാക്കുക. രാവിലെയായാല്‍ വൈകുന്നേരത്തെ സംബന്ധിച്ച് നിന്‍റെ ശരീരത്തോട് നീ സംസാരിക്കരുത്. വൈകുന്നേരമായാല്‍ പ്രഭാതത്തെ സംബന്ധിച്ച് നിന്‍റെ ശരീരത്തോട് നീ സംസാരിക്കരുത്. നിന്‍റെ മരണത്തിന് മുമ്പ് ജീവിത കാലത്തും രോഗത്തിന് മുമ്പ് ആരോഗ്യ സമയത്തും (പരലോകത്തിന് വേണ്ടി) നീ അദ്ധ്വാനിക്കുക. അല്ലാഹുവിന്‍റെ ദാസാ.. നിശ്ചയം നാളത്തെ നിന്‍റെ അവസ്ഥയെന്താണെന്ന് നിനക്കറിയില്ല”.
വിദേശി താന്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളിലൊന്നും സ്ഥിരതാമസത്തിനുള്ള മാനസികാവസ്ഥയോടെയല്ല തങ്ങുക. വഴിയാത്രക്കാരന്‍ ഇടക്ക് വിശ്രമിക്കാനിറങ്ങുന്നു, വിശ്രമം കഴിഞ്ഞാല്‍ യാത്ര തുടരണമെന്ന ചിന്തയോടെ.

പരലോകത്തെ മറന്ന് ദുനിയാവിനെ വെട്ടിപ്പിടിക്കാനിറങ്ങിയവരൊന്നും വിജയിച്ചിട്ടില്ല. ഒരു പക്ഷേ നമ്മുടെ ദൃഷ്ടിയില്‍ അവര്‍ ഏറെ നേടിയിട്ടുണ്ടാവും. എന്നാല്‍ നശ്വരതക്കപ്പുറമുള്ള നിലനില്‍പ്പിന്‍റെ മുദ്ര പതിച്ചവയൊന്നും അതില്‍ കാണില്ല.അവര്‍ നൈരാശ്യത്തിന്‍റെ പടുകുഴിയില്‍ ആപതിക്കുന്ന ഒരു കാലം വരാനുണ്ട്.

മഹാډാരാരും തന്നെ നൈമിഷിക സുഖാഢംഭരങ്ങള്‍ സമ്മാനിക്കുന്ന ദുനിയാവിനെ വാരിപ്പുണര്‍ന്നിട്ടില്ല. യഥാര്‍ത്ഥ ജീവിതത്തിലേക്ക് തട്ടിച്ചു നോക്കുമ്പോള്‍ വളരെ തുച്ഛം കാലം മാത്രമുള്ള ഇഹലോക ജീവിതത്തെ മതിമറന്നാസ്വദിക്കുന്നവരെ അവര്‍ വിഢ്ഢികളെന്ന് വിളിച്ചു. അനശ്വര കാലത്തേക്ക് കൃഷിയൊരുക്കുന്നവരാണ് ബുദ്ധിമാډാരെന്ന് അവര്‍ ബോധ്യപ്പെടുത്തി. ദുനിയാവിനെ ത്വലാഖ് ചൊല്ലിയവരാണവര്‍.
എന്നാല്‍ ഭൗതികതയുടെ ലഹരി ബാധിച്ച നിരവധി പേരുണ്ട്. അവരുടെ ജീവിതം കണ്ടാല്‍ ഇതാണോ ശാശ്വത ഭവനം എന്ന് സംശയിച്ചു പോകും. ഗ്യാരണ്ടിയില്ലാത്ത നമ്മുടെയൊക്കെ ജീവന്‍ ഏത് നിമിഷമാണ് ശരീരത്തില്‍ നിന്ന് വേര്‍പെടുക എന്നറിയില്ല. അത് ഒരു പക്ഷേ തൊട്ടടുത്ത നിമിഷത്തിലാവാം. എന്നാല്‍ അത്തരം ചിന്തകള്‍ ലവലേശം പോലും തീണ്ടിയില്ലാത്ത എത്രയോ പേരെ നാം ദൈനം ദിനം കണ്ടുമുട്ടുന്നു. ചില നേരങ്ങളില്‍ നമുക്ക് പോലും മറവി ബാധിക്കുന്നില്ലേ… അംബരച്ചുംബികളായ കൊട്ടാരങ്ങളില്‍ അന്തിയുറങ്ങുന്നവരുടെ ചിന്താഗതി എന്താവും.
ആരാധനാ നിര്‍ഭരമാവേണ്ടതാണ് നമ്മുടെ ജീവിതം. മനുഷ്യരേയും ജിന്നുകളേയും സൃഷ്ടിച്ചത് ആരാധിക്കാന്‍ വേണ്ടി മാത്രമാണെന്ന് പരിശുദ്ധ ഖുര്‍ആനില്‍ കാണാം. പരലോകത്തേക്കെത്തിച്ചേരുന്ന വാഹനത്തില്‍ കയറിയിരിക്കുകയാണ് നാം. ഇത്, മതിമറന്ന് ആര്‍ത്തുല്ലസിച്ച് പൊട്ടിച്ചിരിക്കാനുള്ള ഇടമല്ല. ڇഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ വളരെ കുറച്ച് മാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നുڈ എന്ന് പരിശുദ്ധ പ്രവാചക തിരുമേനി (സ്വ) തങ്ങള്‍ അരുളിയിട്ടുണ്ട്.

“ആകാശത്ത് നിന്ന് മഴ വര്‍ഷിക്കുകയും ഭൂമിയില്‍ അതു കാരണമായി ഹരിതാഭമാകുകയും ചെയ്തപ്പോള്‍ ആളുകള്‍ കരുതി, തങ്ങള്‍ ഇതിനെല്ലാം കഴിവുള്ളവരാണെന്ന്. പിന്നീടൊരിക്കല്‍ അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം കൃഷിയും പച്ചപ്പുമെല്ലാം തരിപ്പണമായി, മുമ്പ് അവിടെ ഒന്നും ഇല്ലാതിരുന്നപോലെയായി”. ദുനിയവിയ്യായ ജീവിതത്തിന്‍റെ ഉപമയായി സൂറത്തു യൂനുസില്‍ അല്ലാഹു ഇങ്ങനെ വിവരിച്ചിട്ടുണ്ട്.

പ്രമുഖ ഹദീസ് ഗ്രന്ഥമായ രിയാളുസ്സ്വാലിഹീന്‍റെ മുഖവുരയില്‍ ഈയര്‍ത്ഥം വരുന്ന അറബി കാവ്യം ചേര്‍ത്തിട്ടുണ്ട്. “നിശ്ചയം അല്ലാഹുവിന്, ദുനിയാവിനെ മൊഴി ചൊല്ലിയ, പരീക്ഷണങ്ങളെ ഭയക്കുന്ന, ബുദ്ധിമാډാരായ ചില അടിമകളുണ്ട്. ദുനിയാവ് സ്ഥിരതാമസത്തിനുള്ളതല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ ദുനിയാവിനെ സമുദ്രമായി കണക്കാക്കുകയും സല്‍പ്രവര്‍ത്തനങ്ങളെ കപ്പലായി പരിഗണിക്കുകയും ചെയ്തു”.
ഇഹലോക ജീവിതം കളിയും തമാശയും മാത്രമാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ കാണാം. സമ്പത്തും മക്കളുമൊക്കെ ദുനിയവിയ്യായ ജീവിതത്തിന്‍റെ അലങ്കാരമാണെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു.
ഒരു മഹാന്‍റെ വാക്ക് എത്ര അന്വര്‍ത്ഥമാണ്. ദുനിയാവെന്നത് വെറും മൂന്ന് ദിവസമാണ്. ഒന്ന് ഇന്നലെയായിരുന്നു. അത് കഴിഞ്ഞു പോയി. പിന്നെയൊന്ന് നാളെയാണ്. അത് നമുക്ക് ലഭിക്കുമോ എന്നറിഞ്ഞു കൂട. പിന്നെ ആകെ ശേഷിപ്പുള്ളത് ഇപ്പോള്‍ നാം ഉള്ള ഈ ദിനമാണ്. അതിനാല്‍ ഈ ദിവസം ഉപയോഗപ്പെടുത്തുക. ദുനിയാവിനെ മൂന്ന് മണിക്കൂറായും മഹാډാര്‍ എണ്ണി. ഒന്ന് കഴിഞ്ഞു പോയി, ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. ഒന്ന് വരാനിരിക്കുന്നത്, കിട്ടുമോ എന്നറിഞ്ഞു കൂട. ഒന്ന് ഇപ്പോള്‍ നാം ഉള്ള മണിക്കൂര്‍. അതിനാല്‍ ഇത് ഉപയോഗപ്പെടുത്തുക. ഒന്നു കൂടി സൂക്ഷ്മ നിരീക്ഷണം നടത്തി ചിലര്‍ പറഞ്ഞു. ദുനിയാവ് മൂന്ന് ശ്വാസങ്ങളാണ്. ഒന്ന് ശ്വസിച്ചു കഴിഞ്ഞു. മറ്റൊന്ന് ഇനി ശ്വസിക്കാനിരിക്കുന്നത്, കിട്ടുമോ എന്നറിയില്ല. ഒന്ന് ഇപ്പോഴത്തെ ശ്വാസം. സമയം നഷ്ടപ്പെടുത്താതിരിക്കല്‍ വലിയ സല്‍ക്കര്‍മ്മമാണ്. കാരണം, സമയം നഷ്ടപ്പെടുത്തുന്നവന്‍ തന്‍റെ ആയുസ്സിനെയാണ് പാഴാക്കുന്നത്.

അഞ്ച് കാര്യങ്ങള്‍ വരും മുമ്പ് അഞ്ച് കാര്യങ്ങള്‍ മുതലെടുക്കാന്‍ പുണ്ണ്യ നബി(സ്വ) തങ്ങള്‍ അരുളിയിട്ടുണ്ട്. വാര്‍ദ്ധക്യത്തിനു മുമ്പ് യുവത്വം, ദാരിദ്ര്യത്തിന് മുമ്പ് ഐശ്വര്യം. ജോലിത്തിരക്കിനു മുമ്പ് ഒഴിവു സമയം, രോഗത്തിന് മുമ്പ് ആരോഗ്യം, മരണത്തിന് മുമ്പ് ജീവിതം.

ദുനിയാവിനെ തീര്‍ത്തും ത്യജിച്ചവരായിരുന്നു പുണ്ണ്യ നബി(സ്വ) തങ്ങള്‍. ദിവസങ്ങളോളം പ്രവാചകരുടെ വീട്ടില്‍ അടുപ്പ് പുകഞ്ഞിരുന്നില്ലെന്ന് ഹദീസുകളില്‍ കാണാം. എത്രയോ നാളുകള്‍ തങ്ങള്‍ വിശപ്പ് സഹിച്ചു. ഒന്ന് മനസ്സ് വെച്ചാല്‍ സുഭിക്ഷമായ വിഭവങ്ങള്‍ മുന്നില്‍ നിറയുമായിരുന്നു. എന്നാല്‍ ദുനിയവിയ്യായ കാര്യങ്ങള്‍ക്ക് തങ്ങള്‍ പ്രാധാന്യം നല്‍കിയില്ല. ഒരിക്കല്‍ ജിബ്രീല്‍ (അ) ഇറങ്ങി വന്ന് തങ്ങളോട് ചോദിച്ചു. “ഈ പര്‍വ്വതങ്ങള്‍ മുഴുവന്‍ താങ്കള്‍ക്ക് വേണ്ടി സ്വര്‍ണമാക്കാന്‍ താങ്കള്‍ ഇഷ്ടപ്പെടുന്നുണ്ടോ?” അപ്പോള്‍ പ്രവാചക പുംഗവര്‍(സ്വ) തങ്ങള്‍ അരുളിയത് ഇപ്രകാരമാണ്. “ജിബ്രീലേ… വീടില്ലാത്തവന്‍റെ വീടാണ് ദുനിയാവ്. സമ്പത്തില്ലാത്തവന്‍റെ സമ്പത്താണ് ദുനിയാവ്. ബുദ്ധിയില്ലാത്തവനാണ് ഇത് ഒരുമിച്ച് കൂട്ടുക”.
ബിലാല്‍(റ) വിനോട് നബി തങ്ങള്‍(സ്വ) പറഞ്ഞത്, “ബിലാലേ, നീ ദരിദ്രനായി മരണപ്പെടണം. ധനികനായി മരിക്കരുത്” എന്നാണ്.
ജാബിറുബ്നു അബ്ദില്ലാഹ് (റ) വിനെ തൊട്ട് നിവേദനം. അദ്ദേഹം പറഞ്ഞു. ڇഞാന്‍ നബി(സ്വ) തങ്ങളുടെ കൂടെയുള്ള സമയത്ത്, വെളുത്ത മുഖവും ഭംഗിയുള്ള മുടിയുമുള്ള ഒരു തൂവെള്ള വസ്ത്രധാരി തങ്ങളുടെ അരികിലേക്ക് വന്ന് സലാം പറഞ്ഞു. എന്നിട്ട് ചോദിച്ചു: “എന്താണ് ദുനിയാവ്”? തങ്ങള്‍ പറഞ്ഞു: “ഉറങ്ങുന്നവന്‍റെ സ്വപ്നം പോലെയാണ്”. അപ്പോള്‍ അദ്ദേഹം ചോദിച്ചു: “എന്താണ് ആഖിറ”? തങ്ങള്‍ പറഞ്ഞു: “ഒരു വിഭാഗം സ്വര്‍ഗത്തിലും ഒരു വിഭാഗം നരകത്തിലും”. അദ്ദേഹം ചോദിച്ചു. “അപ്പോള്‍ സ്വര്‍ഗമെന്താണ്”. തങ്ങള്‍ പറഞ്ഞു: “ദുനിയാവ് ഉപേക്ഷിച്ചവന്, അതിന് പകരമുള്ളതാണ്. നിശ്ചയം സ്വര്‍ഗത്തിന്‍റെ വില ദുനിയാവിനെ ഉപേക്ഷിക്കലാണ്”. അദ്ദേഹം ചോദിച്ചു: “അപ്പോള്‍ നരകം എന്താണ്”. തങ്ങള്‍ പറഞ്ഞു: “ദുനിയാവിനെ തേടിയവര്‍ക്ക് അതിന് പകരമുള്ളതാണ്”.
ദുനിയാവിനെ വര്‍ണ്ണിക്കാന്‍ അലി(റ) വിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. “നീട്ടിപ്പറയണോ ചുരുക്കിപ്പറയണോ…” ചുരുക്കിപ്പറയണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അലി(റ) പറഞ്ഞു: “അതിലെ ഹലാലുകള്‍ വിചാരണ ചെയ്യപ്പെടുന്നതും ഹറാമുകള്‍ നരകത്തിലേക്ക് വഴി തെളിയിക്കപ്പെടുന്നതുമാണ്”.

ഒരു അറബിക്കവിതയുടെ സാരം ഇങ്ങനെയാണ്. ദുനിയാവ് തരം മാറുന്ന ശവം മാത്രമാണ്. അതിന്‍റെ ചുറ്റും കടിച്ച് കീറാന്‍ കൊതിക്കുന്ന നായകളുണ്ട്. ശവത്തെ ഒഴിവാക്കിയാല്‍ അവരോട് നീ സന്ധി ചെയ്തവന്‍. അല്ലെങ്കില്‍ ആ നായകള്‍ നിന്നോട് കടിപിടി കൂടും.

അബൂ ഹുറൈറ(റ) പറഞ്ഞു. നബി(സ്വ) തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു. “അറിയുക, നിശ്ചയം ദുനിയാവ് ശപിക്കപ്പെട്ടതാണ്. അല്ലാഹുവിന്‍റെ സ്മരണയും അതിനോടനുബന്ധിച്ചതും പണ്ഡിതനും വിദ്യാര്‍ത്ഥിയുമൊഴിച്ച് അതിലുള്ളതെല്ലാം ശപിക്കപ്പെട്ടതാണ്”.
ദുനിയാവിനെ വാരിപ്പുണരാനുള്ള വ്യഗ്രതയും അത്യാഗ്രഹവും കര കവിഞ്ഞൊഴുകി സ്വയം നശിക്കുന്ന ഹതഭാഗ്യരില്‍ നമ്മെ അല്ലാഹു ഉള്‍പ്പെടുത്താതിരിക്കട്ടെ, ആമീന്‍.

Be the first to comment

Leave a Reply

Your email address will not be published.


*