ദാമ്പത്യ നീതി

 മുഹമ്മദ് റഹ്മാനി മഞ്ചേരി

ജീവിതം പൂര്‍ണമായി നീതിയിലധിഷ്ഠിതമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന പരിശുദ്ധ ഇസ്ലാം മനുഷ്യജീവിതത്തിലെ സുപ്രധാന മേഖലയായിട്ടാണ് വൈവാഹിക ജീവിതത്തിനെ എണ്ണുന്നത് ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരമുള്ള കടപ്പാടുകള്‍ നീതിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലൂടെയാണ് വൈവാഹിക ജീവിതം സന്തുഷ്ടവും വിജയകരുവുമാക്കാന്‍ സാധിക്കുക.ഏകപക്ഷീയമായി നടക്കേണ്ട,ലാഘവജീവിതമല്ല ഇസ്ലാം വിഭാവനം ചെയ്യുന്ന കുടുംബലേകം.കൊണ്ടും കൊടുത്തും സഹിച്ചും സഹകരിച്ചും രൂപപ്പെടുത്തിയെടുക്കാന്‍ പഠിക്കേണ്ട മഹത്തായ ജീവിതരീതിയാണ് ഇസ്ലാം പകര്‍ന്നു തരുന്നത്.അത് തകരുന്നിടത്ത് അരക്ഷിതാവസ്ഥയും കലാപകലുഷിതവുമാകുന്നത് സ്വഭാവികം.

ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം ചെയ്തു കൊടുക്കേണ്ട ബാധ്യതകളുണ്ട്.പരസ്പരമുള്ള നീതി നിര്‍വഹണമാണത്. രണ്ടു പേരുടെയും ബാധ്യതകള്‍ വേവ്വേറെ വിവരിക്കാന്‍ മാത്രം തന്നെയുണ്ട്.ഭര്‍ത്താക്കന്മാര്‍ സഹധര്‍മ്മിണിയുടെ എല്ലാ ഉത്തരാവാദിത്തങ്ങളും ഉള്ളവനാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക.പുരുഷന്‍മാര്‍ സ്ത്രീകളുടെ കൈകാര്യകര്‍ത്താക്കളാകുന്നു.അവരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍  അല്ലാഹു പ്രത്യേകമായ യോഗ്യതകള്‍ നല്‍കിയതിനാലും പുരുഷന്മാര്‍ തങ്ങളുടെ ധനം വ്യായം ചെയ്യുന്നതിനാലുമാണത്.(അന്നിസാഅ് 34)

ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,ചികിത്സ, സേവകര്‍ തുടങ്ങിയുള്ള ജീവിതാവശ്യങ്ങള്‍ ഭാര്യക്ക് ചെയ്ത് കൊടുക്കല്‍ ഭര്‍ത്താവിന്‍റെ ഉത്തരാവാദിത്തത്തില്‍ പെട്ടതാണ്.അവര്‍ക്ക് മര്യാദ പ്രകാരം ഭക്ഷണവും വസ്ത്രവും നല്‍കാന്‍ ഭര്‍ത്താവ് കടപ്പെട്ടവനാണ്.എന്നാല്‍ ആരെയും അവരുടെ കഴിവിന്നതീതമായി നിര്‍ബന്ധിക്കാന്‍ പാടില്ല(അല്‍ ബക്കറ 233)ഈ ആയത്ത് ഭാര്യക്ക് ചെയ്ത് കൊടുക്കേണ്ട കടപ്പാടുകള്‍ വര്‍ദ്ധിച്ചതാണെന്ന് പഠിപ്പിക്കുന്നു.അവയില്‍ ഏതൊന്ന് അകാരണമായി വിലക്കുന്നവോ ഭര്‍ത്താവിന്‍റെ അനീതിയാണ്.

വൈവാഹിക ജീവിതത്തിന്‍റെ ലക്ഷ്യങ്ങളിലെ പ്രധാനപ്പെട്ട ശാരീരിക ബന്ധത്തിലേര്‍പ്പേടല്‍ ഭര്‍ത്താവ് ചെയ്ത് കൊടുക്കേണ്ട ബാധ്യതകളില്‍ സുപ്രധാനമാണ്.അബ്ദുല്ലാഹി ബ്നു അംറുല്‍ ആസ്(റ) പ്രവാചക സവിധത്തില്‍,ഭാര്യയുടെ ഹഖ് വീട്ടാതെ ഇബാദത്തില്‍ മാത്രം കഴിഞ്ഞ്ക്കൂടുന്നതായി,തന്നെ സംബന്ധിച്ച് പിതാവ് ആരോപിച്ച ഒരു ചരിത്രസംഭവമുണ്ട്.ആരോപണം പൂര്‍ണമായി കേട്ട ശേഷം തിരുനബി(സ്വ) അരുളി അബ്ദുല്ല, ഭാര്യയില്‍ നിനക്ക് ഹഖുണ്ട്.അത് നീ വീട്ടണം

അബ്ദുല്ല(റ) രാത്രി മുഴുവന്‍ നിസ്ക്കരിക്കുകയും പകല്‍ മുഴുവന്‍ വ്രതമെടുക്കുകയും ചെയ്തിരുന്ന മഹാനായിരുന്നു.പക്ഷെ,തന്‍റെ ഭാര്യയുടെ ബാദ്ധ്യതകള്‍  വീട്ടുന്നില്ലെന്നറിഞ്ഞ പിതാവാണ് മകനെ സംബന്ധിച്ചുള്ള പരാതി തിരുസവിധത്തിലെത്തിച്ചത്.തിരുനബി(സ്വ) അത് അറിഞ്ഞയുടനെ പരിഹാരമുണ്ടാക്കാന്‍ തയ്യാറായി.സ്ത്രീകള്‍ നേരിടുന്ന ഭൂരിഭാഗം മാനസിക രോഗത്തിന്‍റെയും അവളുടെ ലൈംഗികഅതൃപ്തിയില്‍നിന്നും ഉത്ഭവിക്കുന്നതാണെന്ന് കണ്ടെത്തീട്ടുണ്ട്.ഒരു സ്ത്രീക്ക് വികാരസംതൃപ്തി പൂര്‍ത്തീകരിക്കാതെ എത്രകാലം കഴിയാന്‍ സാധിക്കുമെന്നതും അക്ഷമയുടെ പാരമ്മത്യയില്‍ അവളില്‍ ഉടലെടുക്കുന്ന മാനസിക വിഭ്രാന്തികളെന്തെക്കെയെന്നും ഇന്ന് മാനസിക രോഗവിദഗ്ധന്മാര്‍ വ്യക്താമാക്കുന്നുണ്ട്.

പ്രകൃതിവിരുദ്ധമായ യാതൊന്നിനെയും അംഗീകരിക്കാത്ത ഇസ്ലാം ഭാര്യയുമായുള്ള ശാരീരിക ബന്ധത്തിന് കൃത്യമായ ചിട്ടകളും മര്യാദകളും നിശ്ചയിച്ചിരിക്കുന്നു.അന്നപാനീയ,വസ്ത്രാതികള്‍ കൊണ്ട് മാത്രം തീരുന്നതല്ല സ്ത്രീകളുടെ ബാദ്ധ്യതെയന്നും അതിനപ്പുറം ഏതൊരു മനുഷ്യപ്രകൃതിയും ഇഛിക്കുന്നചിലതിന്‍റെ പൂര്‍ത്തീകരണവും കൂടി അനിവാര്യമാണെന്നും ഇസ്ലാം തിരിച്ചറിയുന്നു.പവിത്രവും ക്ലിപ്പ്ത്തപ്പെടുത്താന്‍ സാധ്യമല്ലാത്ത പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുള്ള യുദ്ധത്തിന്‍റെ ആളുകളെ തിരഞ്ഞെടുക്കന്നതില്‍,അടുത്തിടെ വിവാഹിതരായവരെ മാറ്റിനിര്‍ത്താന്‍ കല്‍പ്പിക്കപ്പെട്ടതിന്‍റെ ഒരു കാരണമതാണ്.

പുരുഷസാനിധ്യം കൊണ്ടല്ലാതെ പൂര്‍ണസംതൃപ്തി നേടാന്‍ കഴിയാത്തവളാണ് സ്ത്രീ. പുരുഷനില്‍ നിന്നും മാനസിക ശാരീരിക പ്രകൃതി വിത്യാസം അവളിലുണ്ടെന്നതാണ് ഇതിന് കാരണം.കാമപൂര്‍ത്തീകരണത്തില്‍ മാത്രമല്ല പുരുഷസ്പര്‍ശനാതി സ്ത്രീ താല്‍പര്യത്തിന്‍റെ ഭാഗമായി എന്തൊക്കെയുണ്ടോ അതൊക്കെയും സ്ത്രീ എന്ന ഏകപക്ഷീയതയിലൂടെ ലഭ്യമാകുന്നതല്ല.ഉമര്‍(റ)ന്‍റെ കാലത്ത്,ഭര്‍ത്താവിന്‍റെ അസാന്നിദ്ധ്യത്തെ വിലാപകാവ്യത്തിലൂടെ അവതരിപ്പിക്കുന്ന സ്ത്രീയെ കേട്ട അദ്ദേഹം ഭര്‍ത്താവില്‍ നിന്നകന്ന് നില്‍ക്കാന്‍ ഭാര്യക്ക് സാധ്യമാകുന്ന കാലയളവ് മകളോടന്വേഷിച്ച ശേഷം നാലു മാസത്തില്‍ കൂടുതല്‍ ആരും വീട്ടില്‍ പോകാതെ യുദ്ധസൈന്യത്തില്‍ തുടരാന്‍ പാടില്ലെന്ന് കല്‍പ്പിച്ചത് അത് കൊണ്ടാണ്.

ഭക്ഷണ-വസ്ത്രാതികളാല്‍ സുഭിക്ഷവും സന്തുഷ്ടവുമായി പുറമെ നാം വിലയിരുത്തുന്ന പല വൈവാഹികജീവിതവും ഭാര്യക്ക് നല്‍കേണ്ട ശാരീരക ബന്ധമെന്ന ബാദ്ധ്യത വിസ്മരിക്കുന്നവരാണെന്നും അതിലൂടെ അതീതിക്കര്‍ഹരാകുന്നവരാണെന്നും നമ്മളിലെത്ര പേര്‍ക്കറിയാം.ഉസ്മാന്‍ ബ്നു മള്ഊന്‍റെ ഭാര്യഹൗലാഅ് മുഷിഞ്ഞ വസ്ത്രത്തില്‍ ആഇശ(റ)യുടെ സവിധത്തില്‍ ഹാജറായ ഒരു സംഭവമുണ്ട്.

ഇതിന്‍റെ കാരണം മഹതി ആരാഞ്ഞപ്പോള്‍ തന്‍റെ ഭര്‍ത്താവ് ദിവസങ്ങളായി തന്നെ സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്ന വസ്തുത ഹൗലാഅ ആയിശ ബീവിയെ അറിയിക്കുകയുണ്ടായി.മഹതി തിരുനബി(സ്വ)യെ ആ കാര്യം അറിയിച്ചതിനെ തുടര്‍ന്ന് ഉസ്മാന്‍ ബ്നു മള്ഊനിനെ വിളിച്ച് വരുത്തി ഭാര്യയുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിക്കുകയും തന്‍റെ ന്യായവാദങ്ങള്‍ അദ്ധേഹം പറഞ്ഞുവെങ്കിലും തിരുനബി(സ്വ) അതംഗീകരിച്ചില്ലെന്ന് മാത്രമല്ല ഭാര്യയുമായി ശയിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണുണ്ടായത്.ഈ സംഭവവും സ്ത്രൈന പ്രകൃതി തച്ചുതകര്‍ക്കാതെ,സംരക്ഷിക്കേണ്ടിടത്ത് കാത്തുസൂക്ഷിക്കണമെന്നു കൂടി പഠിപ്പിക്കുന്നുണ്ട്.

ഇതു പോലെ ഭക്ഷണ വസ്ത്രാതി ഭര്‍ത്താവ് ചെയ്തു കൊടുക്കേണ്ട മറ്റെല്ലാകാര്യങ്ങളിലും നിയമങ്ങള്‍ പാലിക്കാന്‍ ഇസ്ലാം നിഷ്കരിഷിക്കുന്നുണ്ട്. അബൂസൂഫ്യാന്‍(റ) തനിക്കും മക്കള്‍ക്കും ആവിശ്യമുള്ളത് തരാറില്ലെന്ന് ഭാര്യ നബി(സ്വ)യോട് പരാതി പറഞ്ഞപ്പോള്‍ അവിടന്ന് അരുളിയത് ഇങ്ങനെയായിരുന്നു നിനക്കും കുട്ടികള്‍ക്കും ന്യായമായ ആവശ്യത്തിന് അനിവാര്യമായത് എടുത്തു കൊള്ളുക.ഭര്‍ത്താവിന്‍റെ മുതലില്‍ നിന്നും ന്യായമായത് എടുക്കാന്‍ മാത്രം അനുവാദം തരണമെങ്കില്‍ തീര്‍ച്ചയായും അവള്‍ക്ക് ലഭിക്കേണ്ട നീതി തന്നെയാണത്.അത് കൊണ്ടാണ് ചെലവിന് തരാത്ത ഭര്‍ത്താവിനെതിരെ പരാതി പറഞ്ഞാല്‍ നാട്ടിലെ ഖാളി അവള്‍ക്കുള്ള വിഹിതം നിശ്ചയിച്ചു കൊടുക്കണമെന്ന് പറയുന്നത്(ഫത്ത്ഹുല്‍ മുഈന്‍ 424)

പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ തിരുനബി(സ്വ) പറയുന്നുണ്ട് സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക…. മര്യാദപ്രകാരം ഭക്ഷണവും വസ്ത്രവും നല്‍കല്‍ നിങ്ങള്‍ക്ക് അവരോടുള്ള ബാധ്യതയാകുന്നു.(മുസ്ലിം)മുആവിയ്യത് ഉദ്ധരിച്ച ഹദീസില്‍ കാണാം ഞാന്‍ നബി(സ്വ)യോട് ചോദിച്ചു അല്ലാഹുവിന്‍റെ ദൂതരെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭാര്യമാരോടുള്ള ബാധ്യതകള്‍ എന്തെല്ലാമാണെന്ന്.അവിടുന്ന് അരുളി നീ ഉണ്ണുമ്പോള്‍ അവളെയും ഊട്ടുക.നീ ഉടക്കുമ്പോള്‍ അവളെയും ഉടുപ്പിക്കുക.മുഖത്ത് അടിക്കാതിരിക്കുക.പുലഭ്യം പറയാതിരിക്കുക.കിടപ്പറിയില്‍ വെച്ചല്ലാതെ അവളുമായി വിട്ട് നില്‍ക്കാതിരിക്കുക(അബൂ ദാവൂദ്)

ഭാര്യക്കുമുണ്ട് ധാരാളം ബാധ്യതകള്‍.ഭാര്യ ചെയ്യേണ്ട ഉത്തരാവാദിത്തങ്ങള്‍ നിര്‍വഹിച്ചില്ലെങ്കില്‍ കടുത്ത അനീതിയാകുമത് എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.ഭര്‍തൃസേവനവും ഗൃഹഭരണവും അന്ന്യരില്‍ നിന്ന് തന്‍റെ നഗ്നത മറക്കലും തുടങ്ങി ഭാര്യയുടെ ബാധ്യതകള്‍ ഭാരിച്ചതാണ്.നബി(സ്വ) പറയുന്നു ഒരു മനുഷ്യനോട് മറ്റൊരാള്‍ക്ക് സാഷ്ടാംഗം ചെയ്യാന്‍ ഞാന്‍ ആജ്ഞാപിക്കുമായിരുന്നെങ്കില്‍ സ്ത്രീയോട് തന്‍റെ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുമായിരുന്നു(അബൂദാവൂദ്,തിര്‍മിദി)പൂര്‍ണമായും തന്‍റെ ഭര്‍ത്താവിന് വഴിപ്പേടേണ്ടവളാണ് സ്ത്രീ എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.സ്ത്രീക്ക് ഏറ്റവും കൂടുതല്‍ കടപ്പാട് ആരോടാണെന്ന് ആഇശ(റ) ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞത് തന്‍റെ ഭര്‍ത്താവിനോട് എന്നാണ്.

ഉത്തമ വനിതകള്‍ അനുസരണ സ്വഭാവമുള്ളവരും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരുമാണെന്ന് ഖുര്‍ആന്‍ നിസാഅ് സൂറത്തില്‍ പഠിപ്പിക്കുന്നുണ്ട്. ഭര്‍ത്താവിനോട് ചെയ്യുന്ന ഏറ്റവും വലിയ നീതിയാണ് അവര്‍ തമ്മിലുള്ള ശാരീരക ബന്ധത്തെ രഹസ്യമാക്കുക എന്നത്.അതിനെ പരസ്യപ്പെടുത്തുന്നവളെ നബി(സ്വ) ആക്ഷേപിക്കുകയും അവളുടെ അനീതിയെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അബ്ദുല്ലാഹിബ്നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു സ്വന്തം ശരീരത്തെ ഭര്‍ത്താവിന് വിലക്കാതിരിക്കുക ഭാര്യക്ക് ഭര്‍ത്താവിനോടുള്ള ബാധ്യതയാകുന്നു.അത് ഒരു ചെറിയ ഒട്ടകപല്ലക്കിലായാല്‍ പോലും.നിര്‍ബന്ധ വ്രതമൊഴിച്ച് അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ നോമ്പനുഷ്ടിക്കാതിരിക്കലും അവളുടെ കടമയാകുന്നു. അഥവാ അവള്‍ അങ്ങനെ ചെയ്താല്‍ കുറ്റക്കാരിയാകും.അതൊട്ട് അവളില്‍ നിന്ന് സ്വീകരിക്കുകയും ഇല്ല.ഭര്‍ത്താവിന്‍റെ സമ്മതമില്ലാതെ ഭാര്യ അയാളുടെ വീട്ടില്‍ നിന്ന് പുറത്ത് പോകരുത്.അങ്ങനെ ചെയ്താല്‍ അവള്‍ മടങ്ങുകയോ പശ്ചാതപിക്കുകയോ ചെയ്യുന്നത് വരെ അല്ലാഹുവും മലക്കുകളും അവളെ ശപിച്ച് കൊണ്ടിരിക്കും അയാള്‍ ഒരക്രമിയാണെങ്കില്‍ പോലും(അബൂദാവൂദ്,ബൈഹഖി)

ഇങ്ങനെ ഭാര്യക്കുള്ള ബാധ്യതകള്‍ നിരവധി ഹദീസുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.ഭര്‍ത്താവിനെ വെറുപ്പിക്കാതിരിക്കലും ഭര്‍ത്താവിന്‍റെ സ്നേഹം പിടിച്ചുപറ്റാനായി ഭാര്യ അധ്വാനിക്കേണ്ടതുമാണ്.നബി(സ്വ) പറയുന്നു: “പ്രിയതമന്‍റെ പ്രീതി നേടി രാത്രി കഴിച്ചു കൂട്ടുന്നവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്.ഭര്‍ത്താവിന്‍റെ അതൃപ്തിക്കു പാത്രമായി അന്തിയുറങ്ങുന്നവള്‍ മലക്കുകളാല്‍ അഭിശപ്തയും.”

ഭര്‍ത്താവിന്‍റെ സംതൃപ്തിയും സന്തോഷവും കവര്‍ന്നെടുക്കാന്‍ ശ്രമിക്കലും ഭര്‍ത്താവിന്‍റെ ചുമതലകളും ചുറ്റുപാടുകളും തിരിച്ചറിഞ്ഞ് പെരുമാറലും അനാവശ്യമായി ഭര്‍ത്താവിനെ ശല്ല്യപ്പെടുത്താതിരിക്കലുമെല്ലാം സഹോദരിമാരുടെ ബാധ്യതകളും നീതിബോധവുമാണ്.   ഈ തിരിച്ചറിവിലൂടെ ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം നീതിപൂര്‍വ്വം ജീവിതം നയിക്കുമ്പോഴാണ് സന്തുഷ്ട കുടുംബം രൂപപ്പെടുക.അതിന് നാഥന്‍ തുണക്കട്ടെ….

 

 

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*