ത്വലാഖ്‌: മതം എന്ത് പറയുന്നു….!

വിവാഹ ബന്ധം വിഛേദിക്കാന്‍ മതം പുരുഷന്‌ നല്‍കിയ ഉപാദിയാണ്‌ ത്വലാഖ്‌. ഭാര്യയുമായി സഹജീവിതം തീര്‍ത്തും ദുസ്സഹമാകുമ്പോള്‍ മാത്രം വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഘട്ടംഘട്ടമായി പൂര്‍ത്തിയാവേണ്ട ഒരു പ്രക്രിയയാണിത്‌. ഒറ്റയടിക്ക്‌ ബന്ധ വിഛേദനം സാധ്യമാവും. പക്ഷെ പിണക്കത്തിനു പകരം ഇണക്കത്തിനുള്ള ചതുരുപായങ്ങളും പ്രയോഗിക്കാനാണ്‌ നബി തിരുമേനിയുടെ അധ്യാപനം. അങ്ങനെ ബന്ധ വിഛേദനത്തിന്റെ സാധ്യത പരമാവധി കുറച്ചു കൊണ്ടു വരാനും.

വളരെയെറെ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടാണെങ്കിലും വിവാഹ മോചനാധികാരം ഭര്‍ത്താവിനു നല്‍കിയതിന്റെ യുക്തി വളരെ വ്യക്തമാണ്‌. വിവാഹ മൂല്യം നല്‍കി നേടിയെടുത്ത ഭര്‍തൃത്വപദവി തെറ്റായ രീതിയില്‍ ഉപയോഗിച്ചാല്‍ ശിക്ഷാര്‍ഹനാവും എന്നു മാത്രം.

മോചനാധികാരം പുരുഷന്‌ നല്‍കിയത്‌ സ്‌ത്രീയോട്‌ അനീതി കാട്ടാനല്ല. മറിച്ച്‌ അന്തിമ വിശകലനത്തില്‍ സ്‌ത്രീ സമൂഹത്തിന്റെ നന്മയാണ്‌ ഇതിലടങ്ങിയിട്ടുള്ളത്‌ എന്ന്‌ കണ്ടെത്താന്‍ കഴിയും. ദാമ്പത്യ ബന്ധങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ വിഛേദിക്കപ്പെട്ടു കൊണ്ടിരിക്കുന്നതാണോ അതോ വിവാഹ ബന്ധങ്ങള്‍ക്ക്‌ കൂടുതല്‍ ഊടും ഉറപ്പും നല്‍കുന്നതാണോ സ്‌ത്രീയുടെ താല്‍പര്യം സംരക്ഷിക്കുക? ശാന്തിയും സംതൃപ്‌തിയും നിറഞ്ഞ മാതൃത്വമാണ്‌ ഏതൊരു സ്‌ത്രീയുടെയും ജീവിത സ്വപ്‌നം എന്നതിനാല്‍ കുഞ്ഞുങ്ങളുമായും പ്രിയതമനുമായും വേര്‍പിരിയേണ്ടിവരാത്ത ഭദ്രമായ ദാമ്പത്യമാണ്‌ അവള്‍ എന്നും ഇഷ്‌ടപ്പടുക.

വിവാഹ മോചനങ്ങളുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ ഇത്‌ സാധ്യമാവുകയുള്ളൂ. വിവാഹ മോചനാധികാരം പുരുഷന്റെ കയ്യില്‍ കൊടുത്തേല്‍പ്പിച്ച്‌ കൊണ്ട്‌ ഇസ്‌ലാം വിവാഹ മോചനത്തിന്റെ സാധ്യതകള്‍ ശാസ്‌ത്രീയമായി ചുരുക്കികൊണ്ടു വരികയാണ്‌ ചെയ്യുന്നത്‌.
ഭര്‍ത്താവ്‌ ഒരെ സമയം കുടുംബ നാഥനും മക്കളുടെ പിതാവുകൂടിയാണ്‌.

സ്വന്തം താല്‍പര്യങ്ങളോടൊപ്പം തന്റെ ജീവിത പങ്കാളിയുടെയും മക്കളുടെയും താല്‍പര്യങ്ങള്‍ കൂടി സംരക്ഷിക്കേണ്ട ബാധ്യത ഇസ്‌ലാം അയാളിലാണ്‌ അര്‍പ്പിച്ചത്‌. വിവാഹ ബന്ധം വിഛേദിക്കാനുള്ള അധികാരം പുരുഷന്‌ നല്‍കിയതും കുടുംബത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാകുന്നു. സ്‌ത്രീക്ക്‌ ഇത്തരം ബാധ്യതകളൊന്നുമില്ല. ത്വലാഖിന്റെ അധികാരം അവള്‍ക്കാണ്‌ നല്‍കിയിരുന്നെതെങ്കില്‍ സ്വന്തം താല്‍പര്യം നോക്കി ഇഷ്‌ടം പോലെ ബന്ധം മുറിക്കാനും ഭര്‍ത്താക്കന്മാരെ മാറി മാറി സ്വീകരിക്കാനും അവള്‍ക്ക്‌ കഴിയുമായിരുന്നു. പുരുഷന്‌ പക്ഷെ അത്‌ സാധ്യമല്ല.

വിവാഹ മോചനത്തിന്‌ മുമ്പ്‌ ഒട്ടെറെ കാര്യങ്ങളെ കുറിച്ച്‌ അവന്‌ ആലോചിക്കേണ്ടതുണ്ട്‌. വിവാഹ വേളയില്‍ ഭാര്യക്ക്‌ നല്‍കിയ മഹ്‌റും മറ്റ്‌ ചെലവുകളും തുടങ്ങിയ നിരവധി സാമ്പത്തിക നഷ്‌ടം, പുതുതായി ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ വേണ്ടി വരുന്ന സാമ്പത്തിക ചെലവുകള്‍ കുട്ടികളുടെ പരിപാലനവും സുരക്ഷതത്വവും കുടുംബത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഭദ്രത ഇങ്ങനെ നിരവധി കാര്യങ്ങളെ കുറിച്ച്‌ ആലോചിച്ച ശേഷമെ ത്വലാഖിന്‌ ഒരുങ്ങാന്‍ കഴിയുകയുള്ളൂ. സ്‌ത്രീക്കാവട്ടെ ഇവ്വിതം ഒരു പ്രശ്‌നത്തെകുറിച്ച്‌ ചിന്തിക്കേണ്ട കാര്യമേ ഇല്ല. അത്‌ കൊണ്ട്‌ തന്നെ ത്വലാഖ്‌ അവളുടെ അവകാശമായിരുന്നുവെങ്കില്‍ ബന്ധങ്ങള്‍ തകരാന്‍ എളുപ്പമായിരിക്കും. ഇത്‌ ഒഴിവാക്കാനും അത്‌ വഴി സ്‌ത്രീ സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിക്കാനും വേണ്ടിയാണ്‌ പുരുഷന്റെ കയ്യില്‍ ത്വലാഖ്‌ നല്‍കികയത്‌.

വിവാഹ മോചനാധികാരം കോടതികള്‍ക്ക്‌ നല്‍കുന്ന പാശ്ചാത്യന്‍ നടപടിയുടെ ഹീനമായ ഭവിഷ്യത്തുകളില്‍ നിന്നും ത്വലാഖ്‌ പുരുഷന്റെ അധികാരമാക്കി കൊണ്ട്‌ ഇസ്‌ലാം ദമ്പതികളെ രക്ഷിച്ചിരിക്കുന്നു. അവിടെ ബന്ധം അറ്റുകിട്ടണമെങ്കില്‍ തന്റെ ജിവിത പങ്കാളിക്ക്‌ ചാരിത്ര ശുദ്ധിയില്ലെന്ന്‌ കോടതിയില്‍ സ്ഥാപിക്കണം.

അതിന്‌ ഇരുവരും ഏറ്റവും പ്രാപ്‌തരായ അഭിപാശകരെ നിയോഗിക്കുന്നു . ബര്‍ണാട്‌ഷാ ചൂണ്ടിക്കാട്ടിയത്‌ പോലെ അങ്ങനെ സ്വകാര്യ ജീവിതത്തിന്റെ വിഴുപ്പുകള്‍ കോടതികളില്‍ പരസ്യമായി അലക്കപ്പെടുന്നു. കോടതികളില്‍ ചുരുളഴിക്കപ്പെടുന്ന രഹസ്യ ജീവിതത്തിലെ നാറുന്ന കഥകള്‍ ദമ്പതികളെയും കുടുംബങ്ങളെയും എക്കാലത്തേക്കും മാനഹാനിപ്പെടുത്തുന്നു. അവരുടെ ഭാവി ജീവിതത്തേയും അത്‌ പ്രതികൂലമായി ബാധിക്കുമെന്ന്‌ തീര്‍ച്ച,

ദമ്പതികളും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ആരാേഗ്യകരവും അന്തസ്സാര്‍ന്നതുമായ നില നില്‍പിന്‌ മറ്റു പോംവഴികളുന്നുമില്ലാതെ വരുമ്പോള്‍ മാത്രം പ്രചയോഗിക്കാനുള്ള അവസാനത്തെ ആയുധമാണ്‌ വിവാഹ മോചനം. ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ചയും വിരോധവും കൂടുമ്പോള്‍ കുടുംബാന്തരീക്ഷം മുഴുവനും കലുഷിതമായിത്തീരും. അവരുടെ മാത്രമല്ല കുഞ്ഞുങ്ങളുടെയും ജീവിതത്തെ അത്‌ അലങ്കോലപ്പെടുത്തും. ഇതൊഴിവാക്കാനുള്ള മാര്‍ഗം വേര്‍പിരിയുന്നതിന്‌ മുമ്പ്‌ ഒത്തു പോകാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നന്യേഷിക്കലാണ്‌. ഒരു കുടുംബ ജീവിതം അസ്വസ്‌ത ഭരിതമാകുവാന്‍ ഇസ്‌്‌ലാം അനുവദിക്കുന്നില്ല. വിവാഹ മോചനം നിമിത്തം നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവിതവും താളം തെറ്റും. മാതൃ – പിതൃ ലാളനയും അവര്‍ക്ക്‌ നഷ്ട്‌പ്പെടും. അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ഇത്‌ വളരെ പ്രതി കൂലമായി ഇത്‌ ബാധിച്ചേക്കും.
അത്‌ കൊണ്ട്‌ നിസാര കാരണങ്ങളെ ചൊല്ലി ഏറ്റുവം മര്‍മ്മ ഭേതകമായ വിവാഹ മോചനത്തിന്‌ തുനിഞ്ഞ്‌ കൂടാ എന്നതാണ്‌ മതത്തിന്റെ ശാസന. അകല്‍ച്ചയുടെ ആദ്യ ലക്ഷണം കണ്ടു തുടങ്ങുമ്പോഴെ ചികിത്സിക്കണം.

ഗുണ ദോഷിക്കുക , അച്ചടക്ക നടപടി സ്വീകരിക്കുക, കിടപ്പറ വെടിയുക, മധ്യസ്ഥര്‍ മുഖേന അനുരജ്ഞനത്തിന്റെ സാധ്യതകള്‍ ആരായുക, തുടങ്ങിയ പ്രക്രിയകള്‍ കഴിഞ്ഞു വേണം വേര്‍പാടിനെ കുറിച്ച്‌ ചിന്തിക്കാന്‍.
മനുഷ്യ സഹജമായ തെറ്റുകള്‍ നിമിത്തം ദമ്പതികള്‍ക്കിടയില്‍ അസ്വസ്‌ഥം ഉണ്ടാകുന്നത്‌ സര്‍വ്വ സാധാരണമാണ്‌. അപ്പോള്‍ മറ്റുള്ളവരെ അറിയിക്കാതെ സ്വന്തമായിത്തന്നെ അത്‌ ഒതുക്കിത്തീര്‍ക്കണമെന്ന്‌ ഖുര്‍ആന്‍ ഉപദേശിക്കുന്നു.

ഭര്‍ത്താവിന്റെ ഭാഗത്തു നിന്നാണ്‌ പിണക്കമെങ്കില്‍ സ്‌ത്രീയോട്‌ ഖുര്‍ആന്‍ ഇപ്രകാരം ഉപദേശിക്കുന്നു. ഒരു സ്‌ത്രീ തന്റെ ഭര്‍ത്താവിന്റെ അടുക്കല്‍ നിന്ന്‌ പിണക്കമോ അവഗണനയോ ഭയക്കുന്നുവെങ്കില്‍ അവര്‍ പരസ്‌പരം വല്ല ഒത്തു തീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക്‌ കുറ്റമില്ല. ഏതു നിലക്കും ഒത്തു തീര്‍പ്പാണ്‌ ഉത്തമം. (നിസാഅ്‌ 128)

സ്‌ത്രീയുടെ ഭാഗത്ത്‌ നിന്നാണ്‌ പിണക്കത്തിന്റെ കാരണങ്ങള്‍ കാണുന്നതെങ്കില്‍ ഉപദേശിക്കുക, കിടപ്പറ വെടിയുക, ചെറുതായി പ്രഹരിക്കുക, എന്നിങ്ങനെ ഫലപ്രദമായി തോന്നുന്ന ഏതെങ്കിലും മാര്‍ഗം സ്വീകരിച്ച്‌ അവധാനതാ പൂര്‍വ്വം പ്രശ്‌നം പരിഹരിക്കാനാണ്‌ പുരുഷനോട്‌ ആവശ്യപ്പെടുന്നത്‌. (നിസാഅ്‌ 34).പിണക്കത്തിന്‌ ഇരുവരും കാരണക്കാരാണെങ്കില്‍ ഇരുവരുടെയും കുടുംബ മധ്യസ്ഥന്മാര്‍ മുഖേന ഒത്തു തീര്‍പ്പിന്‌ ശ്രമിക്കുക,( നിസാഅ്‌ 35)എന്ന്‌ ഖുര്‍ആന്‍ ഉത്‌പോദിപ്പിക്കുന്നു. മേല്‍ പറഞ്ഞ ചികിത്സ കൊണ്ടൊന്നും ഭേതമാകാത്ത വിധം ദമ്പതികള്‍ക്കിടയില്‍ വിരോധവും ശത്രുതയും വളര്‍ന്നാല്‍ പിന്നെ അവരെ മാന്യമായി വേര്‍പിരിയാന്‍ അനുവധിക്കുകയെന്നത്‌ തന്നെയാണ്‌ ഉത്തമം.

അനുരജ്‌നവും ഒത്തു തീര്‍പ്പും പരമാവധി ആത്മാര്‍ത്ഥതയോടെയും വിട്ടു സദുദ്ദേശ്യത്തോട്‌ കൂടിയും ആവണം. ഒരു ദമ്പതികള്‍ക്കിടയിലെ പിണക്കം തീര്‍ക്കാന്‍ ഉമര്‍ (റ) രണ്ട്‌ പേരെ നിയോഗിച്ചു. അവര്‍ മടങ്ങി വന്ന്‌ അവരുടെ ദൗത്യം പരാജയമാണെന്ന്‌ അറിയിച്ചപ്പോള്‍ ഖലീഫ ദേഷ്യപ്പെടുകയാണ്‌ ചെയ്‌തത്‌. നിങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരിക്കില്ല എന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. മധ്യസ്ഥര്‍ വീണ്ടും അനുരജ്‌നത്തിന്‌ ശ്രമിക്കുകുയും പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തു.

ക്ഷമിക്കുകയും വിട്ടു വീഴ്‌ച്ചകള്‍ ചെയ്യുകയും അച്ചടക്ക നടപടിയും അനുരജ്‌ന മാര്‍ഗ്ഗവും സ്വീകരിക്കുകയുമൊന്നും ചെയ്യാതെ ഒരാള്‍ ഒറ്റയടിക്ക്‌ ത്വലാഖ്‌ ചൊല്ലിയാല്‍ ത്വലാഖ്‌ സാധുവാകും. മുന്‍ പിന്‍ നോക്കാതെ ആദ്യം തന്നെ അവസാനത്തെ ആയുധമായ ത്വലാഖ്‌ എടുത്ത്‌ പ്രയോഗിക്കുന്നത്‌ മതം അനുശാസിക്കുന്നുവെന്ന്‌ ഇതിനര്‍ത്ഥമില്ല. അത്‌ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും തെരഞ്ഞെടുപ്പിനും വിട്ടിരിക്കുകയാണ്‌. അതിന്റെ ഗുണ ദോഷങ്ങള്‍ അയാള്‍ അനുഭവിക്കുകയും വേണം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*