ഡോക്ടറാകുന്നത് സ്വപ്‌നം കണ്ടു; പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ബോംബ് സ്‌ഫോടനത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായി; കൈകള്‍ രണ്ടും മുറിച്ചു മാറ്റിയപ്പോഴും തളരാതെ വെളിച്ചമെന്ന ലക്ഷ്യവുമായി കൊച്ചിയിലെത്തി; ഇനി മടക്കം എല്ലാം കണ്ടും; യുദ്ധക്കെടുതിയില്‍ നരകയാതനകള്‍ അനുഭവിക്കുന്ന ഇസ്ലാം ഹുസൈന് വീണ്ടും കാഴ്ച കിട്ടി

കൊച്ചി: മുട്ടിനു താഴെ മുറിച്ചുമാറ്റിയ കൈകള്‍….. ആഭ്യന്തര കലാപം രൂക്ഷമായ യെമനിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇസ്ലാം ഹുസൈന്‍ എന്ന ഇരുപത്തിയൊന്നുകാരന്‍. ഡോക്ടറാവുന്നതു സ്വപ്നം കണ്ട ഇസ്ലാം ഹുസൈന്റെ കണ്ണുകള്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ബോംബ് സ്‌ഫോടനത്തില്‍ പൊട്ടിത്തകര്‍ന്നു. ഇതിനൊപ്പമാണ് പഴുപ്പുബാധിച്ച കൈകള്‍ മുറിച്ചുമാറ്റിയതും.

കാഴ്ച നഷ്ടമായത് ഈ യുവാവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതിന് വേണ്ടിയാണ് കേരളത്തിലെത്തിയത്. ഈ യാത്ര വെറുതെയായില്ല. മടങ്ങുമ്ബോള് എല്ലാം വ്യക്തമായി തന്നെ മുമ്ബില്‍ തെളിയുന്നു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയിലൂടെ ഒരു കണ്ണിന്റെ കാഴ്‌ച്ച 90 ശതമാനം തിരിച്ചുകിട്ടി. ഇടതുകണ്ണും ശരിയാക്കി. അങ്ങനെ പുതു ജീവിതത്തിലേക്ക് ഇസ്ലാം ഹുസൈന്‍ എത്തുന്നു.

മധ്യ യെമനിലെ മലഞ്ചെരുവുകളിലെ പുരാതന ഗ്രാമമായ ടൈസിസിനു സമീപമുള്ള ഗ്രാമത്തിലാണ് ഇസ്ലാമിന്റെ വീട്. സ്ഥിരം യുദ്ധഭൂമി. ഇസ്ലാമിനെ പോലെ മരിച്ചു ജീവിക്കുന്ന യുവാക്കള്‍ ഏറെയാണ് ഇവിടെ. ജീവിക്കുന്ന രക്തസാക്ഷികളായി അറുന്നൂറിലേറെ യുവാക്കളുണ്ട്. പലര്‍ക്കും കൈകാലുകളില്ല, കാഴ്ചയില്ല, കേള്‍വിയില്ല. ഇങ്ങനെ പോകുന്നു. പക്ഷേ യുദ്ധത്തിന് മുമ്ബില്‍ തോല്‍കാന്‍ ഹുസൈന്‍ തയ്യാറായില്ല.

നരകജീവിതത്തിന് തന്റെ ശരീരം വിട്ടുകൊടുക്കാന്‍ ഇസ്ലാമും ബന്ധുക്കളും ഒരുക്കമല്ലായിരുന്നു. യെമനിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കു പ്രവേശിപ്പിച്ചപ്പോള്‍ കാലുകള്‍ മുറിച്ചുമാറ്റാതെ മാര്‍ഗമില്ലെന്നു ഡോക്ടര്‍മാര്‍ വിധിച്ചു. ഇസ്ലാമിന്റെ പിതാവ് അതിന് ഒരുക്കമല്ലായിരുന്നു. ഈജിപ്തിലെ ആശുപത്രിയില്‍ ചികില്‍സിച്ചപ്പോള്‍ കാലുകള്‍ രക്ഷിക്കാനായി. പക്ഷേ, കൈകള്‍ മുറിച്ചുമാറ്റി.

വീണ്ടും പരീക്ഷണത്തിനായാണ് ഇസ്ലാമും കുടുംബവും കേരളത്തില്‍ എത്തിയത്. ഒഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്‌പിള്ള, ഡോ. അനില്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അത് വിജയമായതോടെ കാഴ്ച ഈ യുവാവിന് തിരിച്ചുകിട്ടുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*