ഗ്ലോബല്‍ റഹ് മാനീസ് പ്രഥമ എക്‌സലന്‍സ് അവാര്‍ഡ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക്

അവാര്‍ഡ് ദാനം ഇന്ന് കടമേരി റഹ് മാനിയ്യ സമ്മേളനത്തില്‍

മനാമ: റഹ് മാനീസ് ഗ്ലോബല്‍ അസോസിയേഷന്‍, ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് ‘സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

പാണ്ഡിത്യം, നേതൃ ഗുണം,സംഘാടന മികവ്, ആദര്‍ശ ബോധം തുടങ്ങി വിവിധ മേഖലകളില്‍ അദ്ധേഹം വഹിച്ച പങ്ക് വിലയിരുത്തിയാണ് പ്രഥമ ‘കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡിന് അദ്ധേഹത്തെ പരിഗണിച്ചതെന്നും പുതിയ കാലത്തിന്റെ അനുഗ്രഹമാണ് ജിഫ് രി മുത്തുക്കോയ തങ്ങളെന്നും ജൂറി പാനല്‍ വിലയിരുത്തി.

സമുദായ സേവന രംഗത്ത് സന്ദേശ ജീവിതം സമര്‍പ്പിച്ച് യാത്രയായ കടമേരി റഹ് മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ കൂടിയായിരുന്ന ശൈഖുനാ കോട്ടുമല ബാപ്പു മുസലിയാരുടെ സ്മരണാര്‍ത്ഥം കോളേജില്‍ പഠനം പൂര്‍ത്തീകരിച്ച ബിരുദ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് റഹ്മാനീസ് ആണ് പ്രിയ ഗുരുവിന്റെ പേരില്‍ പ്രഥമ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

കടമേരി റഹ് മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ എം ടി അബ്ദുല്ല മുസല്യാര്‍ , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് , അബ്ദു സമദ് പൂക്കോട്ടൂര്‍ , മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, എ.വി അബൂബക്കര്‍ ഖാസിമി, സൈനുല്‍ ആബിദീന്‍ സഫാരി, ഷാജഹാന്‍ റഹ് മാനി കംബ്ലക്കാട് എന്നിവരടങ്ങിയ ജൂറി പാനലാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

അവാര്‍ഡ് ദാനം ഇന്ന് നടക്കുന്ന കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ വെച്ച് കൈമാറും. ചടങ്ങില്‍ സമസ്ത നേതാക്കളും മതരാഷ്ട്രീയസാമൂഹികസാസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

2 Comments

Leave a Reply

Your email address will not be published.


*