കുടിയേറ്റ ക്യാംപുകളിലെ ദുരിതം; രാജ്യം വിട്ട് വരുന്നവര്‍ക്ക് വീട്ടിലിരുന്നാല്‍ പോരായിരുന്നോയെന്ന് ട്രംപിന്റെ പരിഹാസം

വാഷിങ്ടണ്‍: യു.എസ് മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റക്കാരുടെ ക്യാംപുകളിലെ ദുരിതജീവിതം പുറത്തുവന്നതിന് പിന്നാലെ അഭയാര്‍ഥികളെ പരിഹസിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യാംപുകളില്‍ അസംതൃപ്തിയുള്ളവര്‍ വീട്ടിലിരിക്കണമെന്നാണ് ട്രംപ് പറഞ്ഞത്.
ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള ക്യാംപുകള്‍ സന്ദര്‍ശിച്ച് ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അഭയാര്‍ഥികളെ കുത്തിനിറച്ച് നടത്തുന്ന ക്യാംപുകളില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല. ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കഴിഞ്ഞ ദിവസം ടെക്‌സാസിലെ റിയോ ഗ്രാന്‍ഡ് വാലിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്യാംപിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. പരമാവധി ഉള്‍ക്കൊളളിക്കാനാവുന്നതിലും ഇരട്ടി അഭയാര്‍ഥികളെയാണ് ഇവിടെ പാര്‍പ്പിച്ചിട്ടുള്ളത്.
പെട്ടെന്ന് നിര്‍മിച്ച ക്യാംപുകളിലും പുനര്‍ നിര്‍മിക്കാവുന്ന ടെന്റുകളിലും മറ്റും പാര്‍ക്കുന്ന കുടിയേറ്റക്കാര്‍ അവരുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൃപ്തരാണങ്കില്‍ ഇങ്ങോട്ടു വരേണ്ടതില്ലെന്നും അതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നാണ് ഇത് സംബന്ധിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്. അതിര്‍ത്തികളില്‍ പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരോ നഴ്‌സുമരോ അല്ലെന്നും ഇവര്‍ ചെയ്യുന്നത് മഹത്തായ സേവനമാണെന്നും ഇതിന് മുന്‍പ് ട്രംപ് മറ്റൊരു ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*