ഒടുവില്‍ ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

 • നാലാഴ്ചക്കാലം ഡല്‍ഹിയില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന ഉപാധിയോടെയാണ് ജാമ്യം
 • ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു. അടുത്ത നാലാഴ്ചക്കാലം ഡല്‍ഹിയില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന ഉപാധിയോടെയാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.

  ഡല്‍ഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ പിറ്റേന്ന് ഡിസംബര്‍ 21നാണ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. ആസാദിന് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലിസ് നടത്തിയ വാദത്തിനെതിരെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വൈകുന്നേരത്തോടെ ജാമ്യം ലഭിച്ചത്.

  ഡല്‍ഹി ജുമാമസ്ജിദിലെത്തി സമരം ചെയ്തതിനെ ഇങ്ങനെ എതിര്‍ക്കാന്‍ ജുമാമസ്ജിദെന്താ പാകിസ്താനിലാണോയെന്ന് ആസാദിന്റെ ജാമ്യത്തെ എതിര്‍ത്ത പബ്ലിക് പ്രോസിക്യൂട്ടറോട് തീസ് ഹസാരി കോടതി ചോദിച്ചിരുന്നു. ആസാദിന്റെ ജാമ്യാപേക്ഷ സംബന്ധിച്ച കേസില്‍ ജുമാമസ്ജിദില്‍ പോയി സമരം ചെയ്തത് വലിയ കുറ്റമായി പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയപ്പോഴാണ് തീസ് ഹസാരി അഡീഷണല്‍ ജഡ്ജി ഡോ. കാമിനി ലാവു ഈ ചോദ്യമുന്നയിച്ചത്.

  ജുമാമസ്ജിദിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചാല്‍ എന്താണ് കുഴപ്പമെന്നും ആളുകളോട് പ്രതിഷേധിക്കരുതെന്നു പറയാന്‍ പൊലിസ് ആരാണെന്നും പ്രോസിക്യൂട്ടര്‍ ഭരണഘടന വായിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ആസാദ് ധര്‍ണ നടത്താനാണ് ജുമാമസ്ജിദില്‍ പോയതെന്ന വാദത്തിന് എന്താണ് ധര്‍ണ നടത്തിയാല്‍ കുഴപ്പമെന്ന് കോടതി മറുചോദ്യമുന്നയിച്ചു. പ്രതിഷേധം ഭരണഘടനാപരമായ അവകാശമല്ലേ ജുമാമസ്ജിദ് നില്‍ക്കുന്നത് പാകിസ്താനിലാണോ ആണെങ്കില്‍ തന്നെ അവിടെയും പോകുകയും സമരം നടത്തുകയും ചെയ്യാമെന്നും കോടതി പറഞ്ഞു.

  ഒരു മതസ്ഥാപനത്തിനു പുറത്ത് സമരം ചെയ്യാന്‍ പാടില്ലെന്ന് നിയമത്തിലുണ്ടെങ്കില്‍ ആ നിയമമേതെന്ന് നിങ്ങള്‍ പറഞ്ഞുതരൂ എന്നും ജഡ്ജി പറഞ്ഞു. രാഷ്ട്രീയക്കാര്‍ പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധിക്കാറില്ലേ അവര്‍ പിന്നീട് നേതാക്കളും മന്ത്രിമാരുമാകുന്നു. ആസാദ് ഒരു രാഷ്ട്രീയക്കാരനാണ്. ആസാദ് സോഷ്യല്‍ മീഡിയയിലൂടെ ആളെക്കൂട്ടി ആക്രമണത്തിനു പ്രേരിപ്പിച്ചുവെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചപ്പോള്‍, അക്രമത്തിനു പ്രേരിപ്പിച്ചതിന്റെ തെളിവെവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. നിങ്ങള്‍ ഹാജരാക്കിയ ആസാദിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഒരു കുഴപ്പവും കാണാനാവുന്നില്ല. ഈ പോസ്റ്റുകളില്‍ എവിടെയാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ഇതിലൊന്നിലും നിയമവിരുദ്ധമായി ഒന്നുമില്ല. ചെറിയ കേസില്‍ പോലും തെളിവ് ഹാജരാക്കുന്ന ഡല്‍ഹി പൊലിസിന് ഈ വലിയ കേസില്‍ ആസാദ് അക്രമം നടത്തിയെന്ന വാദത്തിന് എന്തുകൊണ്ട് തെളിവില്ലാതെ പോയെന്നും കോടതി ചോദിച്ചു.

  ആസാദിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസാദിന്റെ അഭിഭാഷകന്‍ മഹ്മൂദ് പ്രാചയ്ക്കു കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. പൊലിസ് മടികാട്ടിയപ്പോള്‍ കൈമാറിയേ പറ്റൂ എന്ന നിലപാടായിരുന്നു ജഡ്ജിയുടേത്. 144ാം വകുപ്പു ലംഘിച്ച് അനുമതിയില്ലാതെയാണ് ആസാദ് പ്രതിഷേധം സംഘടിപ്പിച്ചതെന്നായിരുന്നു പൊലിസിന്റെ അടുത്ത വാദം. എന്ത് അനുമതിയെന്നായിരുന്നു കോടതിയുടെ ചിരിച്ചുള്ള ചോദ്യം. 144ാം വകുപ്പ് ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് സുപ്രിംകോടതി വിധിയുണ്ടെന്ന് അറിയില്ലേയെന്ന് കശ്മിര്‍ കേസിലെ വിധി ചൂണ്ടിക്കാട്ടി കോടതി ചോദിച്ചു. ബ്രിട്ടീഷ് കാലത്തു പോലും ജനം തെരുവില്‍ സമരം നടത്തിയിട്ടുണ്ട്. ആളുകള്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് തടയാനൊന്നും പറ്റില്ല. പാര്‍ലമെന്റില്‍ പറയാന്‍ കഴിയാത്തതു കൊണ്ടാണ് ജനം തെരുവില്‍ പറയുന്നതെന്നും കോടതി പറഞ്ഞു.

  ആസാദ് പ്രകോപനപരമായ പ്രസംഗം നടത്തുന്നതിന്റെ ഡ്രോണ്‍ വിഡിയോ ദൃശ്യങ്ങളുണ്ടെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ ആസാദ് ഭരണഘടനയുടെ ആമുഖം വായിക്കുകയും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗിക്കുകയുമാണ് ചെയ്തതെന്ന് ആസാദിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.