ഏഴാകാശവും കടന്ന് 

‘നബിയേ പുറപ്പെടാം’. പതിവിന്ന് വിപരീതമായി ജിബ്രീല്‍(അ) അങ്ങനെ പറഞ്ഞപ്പോള്‍ ഒരു നിമിഷം പ്രവാചകര്‍ ചിന്താനിമഗ്നനായി. ചന്ദ്രവെട്ടം ഭൂമിയെ പുണര്‍ന്നു കിടക്കുന്നു. ആ പ്രകാശത്തില്‍ നിന്നും വെളിച്ചം സ്വീകരിച്ച് മാനത്ത് തത്തിക്കളിക്കുകയാണ് താരകങ്ങള്‍. ഒരു വലിയ ചരിത്ര ദൗത്യത്തിന് പാകമായി മാറിയ അന്തരീക്ഷം.  ഈന്തപ്പനകള്‍ കൊണ്ട് മേഞ്ഞ മസ്ജിദുല്‍ ഹറമിന്‍റെ പരിസരത്ത് ഉമ്മുഹാനി(റ)യുടെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു പ്രവാചകര്‍. ‘ഈ സമയത്ത് എങ്ങോട്ടാണ് ജിബ്രീലേ?’ സംശയ ഭാവത്തില്‍ പ്രവാചകര്‍ ചോദിച്ചു. ‘ജഗപരിപാലക സവിധം അങ്ങയെ കൊണ്ടെത്തിക്കാന്‍ കല്‍പനയുണ്ട്.

അല്ലാഹുവുമായുള്ള സംഭാഷണത്തിന് പാകമാകാന്‍ വേണ്ടി അങ്ങയുടെ നെഞ്ചില്‍ നിന്നും ചിലതെല്ലാം ഒഴിവാക്കി ഹൃദയം സംസം കൊണ്ട് ഞങ്ങള്‍ കഴുകി വൃത്തിയാക്കിയിട്ടുണ്ട്’. അസാധാരണത്വം വിളിച്ചറിയിക്കുന്ന അത്ഭുതാവഹമായ യാത്രാ മുന്നൊരുക്കം. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്ന് ഫലസ്തീനിലെ ഖുദ്സ് (റോഡ് മാര്‍ഗം മക്കയില്‍ നിന്ന് 1400 കി.മി ഉണ്ട് ഖുദ്സിലേക്ക്) നഗരത്തിലുള്ള മസ്ജിദുല്‍ അഖ്സയിലേക്ക് ജിബ്രീല്‍ സഹയാത്രികനായി ബുറാഖ് എന്ന അത്ഭുത മൃഗത്തിന്‍റെ പുറത്ത് മുഹമ്മദ് മുസ്തഫ(സ)യെ അല്ലാഹു രാത്രിയുടെ ഏതാനും സമയങ്ങള്‍ക്കുള്ളില്‍ കൊണ്ടുപോവുകയും തിരിച്ചു കൊണ്ടുവരികയും ചെയ്തു. ഇസ്രാഇന്‍റെ പൂര്‍ത്തീകരണം സാധ്യമായിരിക്കുന്നു.

ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് ഏഴാകാശങ്ങളിലേക്കും അതിനപ്പുറത്തുള്ള അപ്രാപ്യവും അത്ഭുതകരവുമായ മേഖലകളിലേക്കും അല്ലാഹു കൊണ്ടുപോവുകയും വാനലോകത്തു വെച്ച് അഞ്ച് വഖ്ത് നിസ്ക്കാരം നിര്‍ബന്ധമാക്കുകയും മറ്റനേകം ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു തിരികെ  ബൈത്തുല്‍ മുഖദ്ദസില്‍ തന്നെ എത്തിച്ചു.

പ്രവാചക വാനാരോഹണം, അതായത് നബി(സ)യുടെ മിഅ്റാജിന്‍റെ ചരിത്ര പശ്ചാത്തലമാണിത്.  അമ്പരന്നുപോയി പ്രവാചകര്‍. ഇതുവരെ പരിശുദ്ധ ഖുര്‍ആനിലൂടെ മാത്രം കേട്ടറിഞ്ഞതും അല്ലാത്തതുമായ ഓരോ കാര്യങ്ങളും ഇതാ കണ്‍മുന്നില്‍ തെളിഞ്ഞു കാണുന്നു. ഇസ്റാഇന്‍റെ യാത്ര കേവല ബുദ്ധികള്‍ക്ക് അപ്രാപ്യമായതു തന്നെയായിരുന്നു. അല്ലാഹു നല്‍കിയ നൂറാനിയായ പ്രവാചകത്വത്തില്‍ നിന്നും എല്ലാം നബി തങ്ങള്‍ക്ക് ദൃശ്യമായി. സര്‍വ്വതിന്‍റെയും നേര്‍സാക്ഷി വിവരണം ജിബ്രീല്‍(അ)ല്‍ നിന്ന് നബി(സ) ചോദിച്ചറിഞ്ഞുകൊണ്ടേയിരുന്നു. യാത്രാ മധ്യേ ആദ്യമായി കാണുന്നത് കൃഷിയിറക്കുന്ന ഒരു വിഭാഗത്തെയാണ്. കൃഷിയിറക്കുന്ന ദിവസം തന്നെ കൊയ്ത്തും വിളവെടുപ്പും നടക്കുന്നു.

ഉടനെ അടുത്ത കൃഷി പ്രത്യക്ഷപ്പെടുന്നു. നബി(സ) തങ്ങള്‍ യാത്രാ ഗൈഡിനോട് കാര്യമന്വേഷിച്ചു. ‘അല്ലാഹുവിന്‍റെ വഴിയില്‍ ധര്‍മ്മ സമരം ചെയ്ത ധീരരാണവര്‍. അവരുടെ ഒരു നډക്ക് എഴുന്നൂറിരട്ടി പ്രതിഫലം അല്ലാഹു നല്‍കുമെന്നതിന്‍റെ ചിത്രീകരണമാണിത്’. ജിബ്രീല്‍ മറുപടി നല്‍കി.  രണ്ടാമതായി കാണുന്നത് പാറക്കല്ലുകള്‍ കൊണ്ട് സ്വന്തം ശിരസ്സുകള്‍ തകര്‍ക്കുന്നവരെയാണ്. തകരുംതോറും അവരുടെ തലകള്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു. വീണ്ടും തകര്‍ക്കുന്നു. നിര്‍ബന്ധ നിസ്ക്കാരം നിര്‍വ്വഹിക്കാന്‍ സന്നദ്ധരല്ലാത്ത വിധം അഹങ്കരിച്ചു നടന്നവരുടെ ശിക്ഷയാണിതെന്ന് ജിബ്രീല്‍(അ) വിവരിച്ചു കൊടുത്തു. സകാത്ത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷയാണ് പിന്നീട് നബി(സ) തങ്ങള്‍ക്ക് കാണിക്കപ്പെട്ടത്. ഇരു ദ്വാരങ്ങളും തുണിക്കീറുകളുപയോഗിച്ച് മറച്ച് വെച്ച് മൃഗങ്ങളെപ്പോലെ മേഞ്ഞു നടക്കുന്നൊരു വിഭാഗം. കള്ളിമുള്‍ ചെടികള്‍ നരക വൃക്ഷമായ സഖൂം, നരകത്തിലെ ചൂടുകല്ലുകള്‍ എന്നിവയാണ് അവരുടെ ഭക്ഷണം.  സകാത്ത് പാവങ്ങളുടെ അവകാശമാണ്.

തന്നതെല്ലാം തിരിച്ചെടുക്കാന്‍ അല്ലാഹുവിന് കഴിയും. സാമ്പത്തിക ഭ്രമം തലക്കു പിടിച്ച് പാവങ്ങളെ തട്ടിയകറ്റുന്നവര്‍ വരാന്‍ പോകുന്ന ശിക്ഷയെക്കുറിച്ച് ചിന്തിക്കാത്തവര്‍ തന്നെയാണ്.  ജിബ്രീല്‍(അ) ഉം നബി(സ)യും ചെന്നെത്തുന്നത് മറ്റൊരു ആള്‍ക്കൂട്ടത്തിലേക്കാണ്. അവര്‍ക്കു മുന്നില്‍ വേവിച്ച നല്ല മാംസങ്ങള്‍ വെച്ചിട്ടുണ്ടെങ്കിലും അതെടുക്കാതെ അടുത്തുള്ള വേവിക്കാത്ത മാംസമാണവര്‍ കഴിക്കുന്നത്. ആരാണിവരെന്ന് നബി(സ) അന്വേഷിച്ചു. നിങ്ങളുടെ സമൂഹത്തില്‍ അനുവദനീയമാം വിധം ഉടമപ്പെടുത്തിയ ഭാര്യയോ ഭര്‍ത്താവോ ഉണ്ടായിരിക്കെ അവിഹിതമായി പരസ്ത്രീ/പുരുഷ ബന്ധത്തില്‍ കഴിയുന്നവര്‍ക്കുള്ള പരിണിതിയാണെന്ന് വിശദീകരിക്കപ്പെടുകയുണ്ടായി. 

ഭയം വിട്ടുമാറാത്ത കാഴ്ചകള്‍. ഹൃദയം നൊമ്പരപ്പെടുത്തുന്ന സംഭവങ്ങള്‍. പക്ഷേ, എല്ലാം മുന്നറിയിപ്പായിട്ട് ഖുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതിനെക്കുറിച്ച് ചിന്തിക്കുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യാത്തവര്‍ക്കുള്ളതാണ് ഇത്തരത്തിലുള്ള ശിക്ഷകള്‍.  പിന്നീട് നബി(സ) കാണുന്നത് വിറകിന്‍റെ വമ്പന്‍ ശേഖരത്തിനടുത്ത് നില്‍ക്കുന്ന ഒരു വ്യക്തിയെയാണ്. മുന്നിലുള്ള വിറകു തന്നെ വഹിക്കാന്‍ കഴിയാത്ത അദ്ദേഹം വീണ്ടും വിറകുകള്‍ ശേഖരിച്ചുകൊണ്ടേയിരിക്കുന്നു. ആരാണ് ജിബ്രീല്‍ ഇത്? മലക്ക് പറഞ്ഞു: ‘സ്വന്തം ഉമ്മത്തിലെ ചിലരുടെ അവസ്ഥയാണിത് നബിയേ. അന്യരുടെ അമാനത്തുകളും ബാധ്യതകളും ഏറ്റെടുത്ത് യഥാവിധി ചെയ്തു തീര്‍ക്കാനോ കൊടുത്തു വീട്ടാനോ കഴിയാത്ത അദ്ദേഹം വീണ്ടും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. അവരെ കാത്തിരിക്കുന്ന അവസ്ഥയാണിത്’.

നബി(സ) സഹയാത്രികനോടൊപ്പം യാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബീഭത്സമായ കാഴ്ചയാണ് പിന്നീട് ദൃശ്യമായത്. ഒരു സംഘം സ്വന്തം നാക്കുകളും ചുണ്ടുകളും കത്രികകളുപയോഗിച്ച് മുറിച്ചുകൊണ്ടിരിക്കുകയാണ്. മുറിയുംതോറും പൂര്‍വ്വ സ്ഥിതി പ്രാപിക്കപ്പെടുന്ന അവയവങ്ങള്‍ വീണ്ടും ഛേദിക്കപ്പെടുന്നു. വിനാശത്തിന്‍റെ പ്രഭാഷകരാണിവരെന്ന് ജിബ്രീല്‍(അ) നബി(സ)ക്ക് പറഞ്ഞുകൊടുത്തു. കഠോരമായ ശകാരവര്‍ഷങ്ങള്‍ നടത്തി പിന്നീട് ഖേദിക്കുന്നെങ്കിലും വേണ്ട വിധം തിരിച്ചെടുക്കാന്‍ കഴിയാത്തവരുടെ ഉപമയാണ് പിന്നീട് നബി(സ) കണ്ടത്. അഥവാ ഒരു ചെറിയ കല്ല്. അതില്‍ നിന്നും ഒരു വലിയ കാള പുറത്തേക്ക് വരുന്നു. ആ സുഷിരത്തിലൂടെ തന്നെ ആ ജീവിക്ക് ഉള്ളില്‍ കയറിപ്പറ്റണം. പക്ഷേ, ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.

ഇങ്ങനെ നിരവധി അനുഭവങ്ങളും കാഴ്ചകളും കണ്ടും ചിന്തിച്ചും അനുഭവിച്ചുമാണ് തിരുനബിയും ജിബ്രീലും യാത്ര തുടരുന്നത്. യാത്രയുടെ തല്‍ക്കാല വിരാമം ബൈത്തുല്‍ മുഖദ്ദസിലാണ്. അവിടെയെത്തിയ ഉടനെ വാഹനം നിര്‍ത്തിയിട്ട് പള്ളിയില്‍ പ്രവേശിച്ച് സന്നിഹിതരായ നബിമാര്‍ക്കും മലക്കുകള്‍ക്കും നിസ്ക്കാരത്തിന് നേതൃത്വം നല്‍കി.

തുടര്‍ന്ന് മിഅ്റാജിന്‍റെ ആരംഭമായിരുന്നു. ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് ആകാശത്തിലേക്ക് ജിബ്രീല്‍(അ) കൊണ്ടുപോവുകയും ഓരോ ആകാശങ്ങളിലെത്തുമ്പോഴും അതിന്‍റെ പാറാവുകാരോട് സമ്മതം ചോദിക്കുകയും ചെയ്യും. ശേഷം പ്രവേശിക്കും. ജിബ്രീല്‍(അ) പ്രവേശന കവാടം തുറക്കാനാവശ്യപ്പെടുമ്പോള്‍ മറുഭാഗത്ത് നിന്ന് തിരിച്ചു ചോദിക്കും, ആരാണ്? ജിബ്രീലാണെന്ന് പറയുമ്പോള്‍ നിങ്ങളുടെ കൂടെ ആരാണെന്ന് ചോദിക്കും. മുഹമ്മദ് നബിയാണെന്ന് ഉത്തരം പറയും. അന്നേരം ‘അവിടത്തോട് ഇന്നേരം ഇങ്ങോട്ട് പുറപ്പെടാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതാണോ’ എന്ന ചോദ്യമുയരും. ‘അതെ’ എന്ന് കേള്‍ക്കലോടെ നല്ല അഭിവാദ്യ വചനങ്ങളാല്‍ പ്രവേശനാനുമതി നല്‍കും. ഇങ്ങനെ ഏഴാകാശങ്ങളിലും നടന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*