എല്ലാം സ്വന്തമാക്കാന്‍ ഉറച്ച് തന്നെ; ഗുജറാത്തിലെ സബര്‍മതി ആശ്രമവും ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഗുജറാത്ത്: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിയുടെ ഓര്‍മകള്‍ പോലും സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന വിവാദം നിലനില്‍ക്കെ അദ്ദേഹം പണികഴിപ്പിച്ച സബര്‍മതി ആശ്രമവും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ആശ്രമത്തിന്റെ ട്രസ്റ്റിക്കും മറ്റ് അംഗങ്ങള്‍ക്കും സര്‍ക്കാര്‍ നോട്ടിസ് നല്‍കി.

ആശ്രമത്തെ ലോകാത്തരമാക്കി മാറ്റുമെന്ന് പറയുന്ന നോട്ടീസില്‍ സ്ഥാപനങ്ങളുടെയും ഭൂമിയുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനായി നഷ്ടപരിഹാരം നല്‍കാമെന്നും താമസക്കാര്‍ക്കായി അപാര്‍ട്ടുമെന്റ് നല്‍കാമെന്നും സൂചിപ്പിക്കുന്നുണ്ട്. അതേസമയം ആശ്രമം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരേ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സബര്‍മതി ആശ്രമം 1917 നും 1930 നും ഇടയില്‍ സ്ഥാപിച്ചതാണെന്നും ഗാന്ധിയുടെ വസതിയായിരുന്നുമെന്നുമാണ് ഗാന്ധിയന്മാര്‍ പറയുന്നത്.. ഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നില്ലെന്നും കടുത്ത പ്രതിസന്ധികള്‍ നേരിട്ട് ഗാന്ധിയുടെ മാര്‍ഗം പിന്തുടരുന്ന തങ്ങളെ സര്‍ക്കാര്‍ കണ്ണിലെ കരടായാണ് കാണുന്നതെന്നും ഇവര്‍ ആരോപിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് 200 കോടി രൂപ ചെലവില്‍ മഹാത്മ മന്ദിര്‍ എന്ന പേരില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും ഇന്നത് ലക്ഷ്വറി ഹോട്ടലുകളടക്കം പ്രവര്‍ത്തിപ്പിക്കുന്ന ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ കൈകളിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*