ഉമര്‍ഖാളി;ചരിത്രത്തിലെ അപൂര്‍വ്വ പ്രതിഭ

കേരളത്തില്‍ ഇസ്ലാമിക പ്രബോധനദൗത്യവുമായെത്തിയ മഹാനായ മാലിക്ബ്നു ദീനാറില്‍(ഹിജ്റ 35ല്‍ ഖുറാസാനില്‍ വഫാത്) നിന്നു ഇസ്ലാം സ്വീകരിച്ച ചാലിയത്തുകാരനായ ശൈഖ് ഹസനുത്താബിഈ(റ)യുടെ സന്താന പരമ്പരയില്‍ പെട്ട കേരളാ മുസ്ലിംകളിലെ ആദ്യകാല തറവാടുകളില്‍ ഒന്നാണ്, മഹിതമായ പൈതൃകത്തിന്‍റെയും അധ്യാത്മിക പാരമ്പര്യവുമുള്ള പൊന്നാനിക്കടുത്ത വെളിയങ്കോട് ഗ്രാമത്തിലെ കാക്കത്തറ തറവാട്. ഈ കുടുംബത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന ആലിമുസ്ലിയാരുടെയും ഭക്തയായ ആമിനക്കുട്ടിയുടെയും മകനായി ഹിജ്റ 1179ല്‍ ഖാളിയാരകം വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും ഖുര്‍ആനുമെല്ലാം വെളിയങ്കോട് വെച്ചു തന്നെ നേടി. ഉമ്മയുടെയും ഉപ്പയുടെയും ശിക്ഷണത്തില്‍ വളര്‍ന്ന മഹാനവര്‍കള്‍ക്ക് വിദ്യ നുകരാനുള്ള ആവേശവും ഉത്സാഹവും ലഭിച്ചതും ഈ മാതാപിതാ ബന്ധമാണ്. തജ്വീദ്, അഖീദ, ഫിഖ്ഹ് എന്നിവ പഠിച്ചത് ഉപ്പയായ അലിമുസ്ലിയാരില്‍ നിന്നണ്.

എട്ടാം വയസ്സില്‍ ഹിജ്റ 1189ല്‍ വന്ദ്യ പിതാവ് വഫാതായോടെ അനാഥനായ മഹാനവര്‍കളുടെ പിന്നീടുള്ള സംരക്ഷണം മാതാവിന്‍റെ ചുമലിലായി. പിതാവിന്‍റെ മരണശേഷം താനൂര്‍ ഖാളി മഖ്ദൂം കുടുംബത്തില്‍ പെട്ട തുന്നംവീട്ടില്‍ അഹ്മദ് മുസ്ലിയാരുടെ(മ.ഹിജ്റ 1203) ശിഷ്യത്വം സ്വീകരിച്ചു. അറബി ഭാഷയിലെ വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ പഠിച്ചത് ഇവിടെ വെച്ചാണ്. തുടര്‍ന്ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ അപ്പോള്‍ ദര്‍സ് നടത്തിയിരുന്ന ഖാദിരിയ്യ ത്വരീഖത്തിന്‍റെ വക്താവായ മമ്മിക്കുട്ടി ഖാളി എന്ന പേരില്‍ പ്രസിദ്ധനായ ഖാളി മുഹമ്മദ് ബിന്‍ സൂഫിക്കുട്ടി മുസ്ലിയാരു(മ. 1217)ടെ മഹനീയ ശിക്ഷണത്തില്‍ ജലാലൈനി, തുഹ്ഫ, ശറഹുല്‍ ഹികം, ഇഹ്യാഉലൂമുദ്ദീന്‍, മിന്‍ഹാജുല്‍ ആബിദീന്‍,മഹല്ലി, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പഠിച്ചു. പതിമൂന്നാം വയസ്സിലായിരുന്ന പൊന്നാനി ദര്‍സിലെത്തിയത്. അഖീദ, തസവ്വുഫ്, താരീഖ്,ഫിഖ്ഹ് തുടങ്ങിയ എല്ലാ വിധ വിജ്ഞാന ശാഖകളിലും ഉയര്‍ന്ന വിജ്ഞാനം കരസ്ഥമാക്കാന്‍ മമ്മുക്കുട്ടി ഖാളിയുടെ ദര്‍സ് വളരെ സഹായകമായി.

ശിഷ്യന്‍റെ കഴിവും മാഹാത്മ്യവും മനസ്സിലാക്കിയ ഗുരുനാഥന്‍ എല്ലാവിധ പരിഗണനകളും നല്‍കിയാണ് പെരുമാറിയത്. ഉയര്‍ച്ചക്കു വേണ്ടിയുള്ള എല്ലാവിധ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉസ്താദ് നല്‍കാനും മറന്നില്ല. ദര്‍സ് നടത്താനുള്ള ഇജാസത്തും നല്‍കി. അങ്ങനെയാണ് സഹമുദരിസായി ഉമര്‍ഖാളി പൊന്നാനിയില്‍ നിയമിതനാകുന്നത്.

1217ല്‍ പ്രിയപ്പെട്ട ഗുരുനാഥന്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ജډനാടായ വെളിയങ്കോട്ടേക്കു തന്നെ മടങ്ങി. 1237 വരെയുള്ള നീണ്ട വര്‍ഷങ്ങള്‍ വെളിയങ്കോട്ട് ദര്‍സും ദീനീപ്രവര്‍ത്തനങ്ങളുമായി കഴിച്ചുകൂട്ടി. 1237 മുതല്‍ 1257 വരെ താനൂര്‍ നിവാസികളുടെ ആവശ്യപ്രകാരം അവിടേക്ക് മാറി. രണ്ട് പതിറ്റാണ്ടുകള്‍ താനൂരില്‍ വലിയ പ്രതിഫലനങ്ങള്‍ക്കു വഴിവെച്ചു. നാടിന്‍റെ നാനാ പ്രദേശങ്ങളില്‍ നിന്നും ആത്മീയ ഉപേദശങ്ങള്‍ക്കും വിജ്ഞാനത്തിനുമായി സാധാരണക്കാരും വിദ്യാര്‍ത്ഥികളും താനൂരിലേക്കൊഴുകി. വലിയൊരു വിദ്യാഭ്യാസ കേന്ദ്രമായി അങ്ങനെ താനൂര്‍ മാറി.

എന്നാല്‍ കേരളത്തിന്‍റെ മക്ക, പൊന്നാനി മഹാനവര്‍കള്‍ പിരിഞ്ഞതോടെ ശ്രദ്ധിക്കപ്പെടാതായി. വളര്‍ന്നു വന്ന മണ്ണിനോടുള്ള സേനഹം പൊന്നാനിയിലേക്കു തന്നെ വരാന്‍ പ്രേരിപ്പിച്ചു. പൊന്നാനി അതോടെ ജീവല്‍സമൃദ്ധമായി. 1265 വരെ പൊന്നാനിയില്‍ തുടര്‍ന്നു. പൊന്നാനിയുടെ വളര്‍ച്ച പ്രാപിച്ചു വന്നപ്പോള്‍ പക്ഷേ, മഹാനവര്‍കളുടെ ആരോഗ്യ സ്ഥിതി മോശമായി വന്നു. അങ്ങനെ സ്വദേശമായ വെളിയങ്കോട്ടേക്കു തന്നെ തിരിച്ചു. അവിടെ വെളിയങ്കോടിനു പുറമേ കോടഞ്ചേരി, പുന്നയൂര്‍ കുളം, ചാവക്കാട്, ചേറ്റുവ തുടങ്ങിയ പ്രദേശങ്ങളിലെയും ഖാളിയായി സേവനമനുഷ്ഠിച്ചു.

ലോകാനുഗ്രഹി പ്രവാചകര്‍ നല്‍കിയ ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനയാണ് അവിടുത്തെ ചികിത്സാമുറകള്‍. ഇതാണ് ത്വിബ്ബുന്നബി എന്ന പേരില്‍ അറിയപ്പെടുന്ന ശാസ്ത്രശാഖയായി പിന്നീട് വളര്‍ന്നു വന്നത്. ഈ ത്വിബ്ബുന്നബിയെ അവലംബിച്ചും ആയുര്‍വേദം കൂട്ടിച്ചേര്‍ത്തുമുള്ള ഒരു ചികിത്സാമുറയാണ് ഉമര്‍ഖാളി സ്വീകരിച്ചത്. ചികിത്സ തേടി എല്ലാ ഭാഗത്തു നിന്നും സന്ദര്‍ശകര്‍ വന്നെത്താറുണ്ടായിരുന്നു. രോഗത്തെ ശാരീരികമായും മാനസികവുമായി കണ്ട് മന്ത്രവും അവിടുന്ന് പരിഹാരമായി നിര്‍ദേശിച്ചു.

ഇന്ത്യയിലുണ്ടായ വൈദേശികാധിപത്യരായ പോര്‍ച്ചുഗീസിന്‍റെ കണ്ണിലെ കരടായിരുന്നു ഉമര്‍ഖാളി(റ) എന്ന ധീരനായ പോരാളി. വിദേശീയര്‍ക്ക് നികുതി നിഷേധിച്ചതിലൂടെ വലിയൊരു വിപ്ലവമാണ് മഹാനനവര്‍കള്‍ എഴുതിച്ചേര്‍ത്തത്. വെളിയങ്കോട് അധികാരി ഉമര്‍ഖാളിയുടെ സ്വത്തിന് നികുതി നിശ്ചയിച്ചു. എന്നാല്‍ മഹാനവര്‍കള്‍ നല്‍കാന്‍ തയ്യാറായില്ല. ഇത് ചാവക്കാട് തുക്ടി നീതുസാഹിബ് ഇതു പ്രശ്നമാക്കുകയും പോലീസിനെ ഉപയോഗിച്ച് മഹാനവര്‍കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേവലം പണ്ഡിതന്‍ എന്നതിലപ്പുറം തികഞ്ഞ മതഭക്തനും ഔലിയ ആണെന്നും അറിയിക്കുന്ന വലിയൊരു മഹാദ്ഭുതത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു ശത്രുക്കള്‍.

അതിലുപരിയായി തങ്ങളുടെ നേതാവിന്‍റെ മഹോന്നതമായ പദവി നേരിട്ടനുഭവിക്കുകയായിരുന്ന അനുയായീ വൃന്ദം. പിറ്റേ ദിവസം തന്നെ മഹാനവര്‍കളെ തേടി പോലീസെത്തുമ്പോള്‍ മഹാനവര്‍കള്‍ പള്ളിയില്‍ ഇബാദത്തിലായിരുന്നു. പോലീസിന്‍റെ കൂടെ പോകുന്നതിനു മുമ്പായി വലിയൊരു അദ്ഭുതവും അവിടെ നടക്കുകയുണ്ടായി. സന്തത സഹചാരിയായിരുന്ന സൈനുദ്ദീന്‍ എന്ന മരക്കാരോട് “”ഓ..മരക്കാര്‍ നീ ഉറങ്ങുകയാണോ?.. ഞാന്‍ ബ്രിട്ടീഷുകാരുടെ ജയിലിലേക്കു പോവുകയാണ്” എന്ന് പറഞ്ഞപ്പോള്‍ ഖബര്‍ പിളര്‍ന്നതായാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. ഈ ഖബര്‍ പള്ളിയുടെ കിഴക്കേ വാതിലിനരികില്‍ അദ്ഭുതമായി ഇന്നും കാണാം.

നികുതി നിഷേധത്തെ തുടര്‍ന്ന് 1819 ഡിസംബര്‍ 18ന് കലക്ടര്‍ മെക്ലിന്‍ ഉമര്‍ഖാളിയെ തുറുങ്കിലടക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഈ ധീരപോരാളിയുടെ ഈ പ്രവര്‍ത്തനത്തെ പിന്തുടരുകയായിരുന്നു ഗാന്ധിജി പോലും (നിസഹകരണ പ്രസ്ഥാനത്തിന്‍റെ ഭാഗമായി നികുതി കൊടുക്കേണ്ടതില്ലെന്ന് ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു). ജീവിതത്തില്‍ മഹാനവര്‍കള്‍ വളരെയധികം ആത്മീയമായും ഭൗതികമായും ഊര്‍ജം നല്‍കിയത് മമ്പുറം തങ്ങളായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ ഉപദേശകനും മാര്‍ഗനിര്‍ദേശിയുമായിരുന്നു ഉറ്റം മിത്രം കൂടിയായിരുന്ന മമ്പുറം തങ്ങള്‍. ജയിലിലായ വിവരം ഒരു പദ്യത്തിലൂടെ മമ്പുറം തങ്ങളെ അറിയിക്കുകയും തങ്ങള്‍ പൗരപ്രമുഖന്മാര്‍ മുഖേന കലക്ടര്‍ക്ക് നിവേദനം സമര്‍ച്ചപ്പോള്‍ ഉമര്‍ഖാളി(റ)നെ വിട്ടയക്കുകയുമായിരുന്നു.

ഒട്ടേറെ കറാമതുകള്‍ വെളിവായ ആ ജീവതം ഇസ്ലാമിക സാംസ്കാരിക ചരിത്രത്തില്‍ ഒട്ടേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മഹാനവര്‍കളുടെ കവിതകള്‍ ആധുനിക സാഹിത്യകാരډാര്‍ക്ക് ഇന്നും അദ്ഭുതമാണ്. നിരവധി പഠനങ്ങള്‍ ഉമര്‍ഖാളിയുടെ കവിതകളെ ആസ്പദമാക്കി നടന്നിട്ടുണ്ട്.

ഹി  ജ്റ 1209, 1225, 1238, 1253 എന്നീ വര്‍ഷങ്ങളില്‍ ഹജ്ജ് നിര്‍വഹിച്ചു. 1209 ലെ ഹജ്ജ് നിര്‍വഹണ വേളയില്‍ ഉണ്ടായ അദ്ഭുത സംഭവം അറിയാത്തവര്‍ ഉണ്ടാകില്ല. പല ഗ്രന്ഥങ്ങളും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. സ്വല്ലല്‍ ഇലാഹ് ബൈത് അതുകൊണ്ടുതന്നെയാണ് ലോകപ്രശസ്തമായതും.

1305ല്‍ വഫാതായ മഖ്ദൂം അഖീര്‍, കാസര്‍കോഡ് കുഞ്ചാര്‍ സ്വദേശി ഖാളി സഈദ് മുസ്ലിയാര്‍(മ.1289), ഫരീദുബിന്‍ മുഹ്യിദ്ദീനുല്‍ ബര്‍ബരി(മ.1300),പെരുമ്പടപ്പില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സൈനുദ്ദീനുര്‍റംലി(മ.1309), പൊന്നാനി കമ്മുക്കുട്ടി മുസ്ലിയാര്‍(മ.1277) തുടങ്ങിയ പണ്ഡിത കേസരികള്‍ ഉമര്‍ഖാളി(റ)ന്‍റെ ശിഷ്യപരമ്പരയില്‍ പെടുന്നു. ദീനുല്‍ ഇസ്ലാമിനും ഇന്ത്യാമഹാരാജ്യത്തിനും നിസ്തുല്യമായ സംഭാവനകള്‍ നല്‍കിയ ആ ജീവിതം ഹിജ്റ 1273, ദുല്‍ഹിജ്ജ 23വ്യാഴാഴ്ച രാത്രിയിലായിരുന്നു. മരണശേഷവും വേദനക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന മഹാനവര്‍കളുടെ മഖ്ബറയിലേക്ക് ദൈനം ദിനം ആയിരങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്.

മഖാസ്വിദുന്നികാഹ്

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി(റ)ന്‍റെ തുഹ്ഫയെ അവലംബിച്ച് തയ്യാറാക്കിയ പദ്യരൂപത്തിലുള്ള ഒരു കൃതിയാണ് മഖാസ്വിദുന്നികാഹ്. ഉമര്‍ഖാളി(റ)ന്‍റെ അറബി ഭാഷ, കര്‍മ്മശാസ്ത്രത്തിലുള്ള അഗാഥ പാണ്ഡിത്യവും കഴിവും കവിത്വവും വ്യക്തമായി മനസ്സിലാകും ഈ കൃതിയിലൂടെ. ഹിജ്റ 1225 റജബ് മാസം 22 നാണ് ഈ ഗ്രന്ഥം പൂര്‍ത്തിയാക്കിയത്. ഹംദ്, സ്വലാത്ത് കൊണ്ട് തുടങ്ങുന്ന ഈ ഗ്രന്ഥം 1132വരികളുള്‍ക്കൊള്ളുന്നതാണ്.

വൈവാഹിക നിയമങ്ങള്‍, അതിന്‍റെ ഗുണങ്ങള്‍, ദാമ്പത്യ ജീവിതം, വിവാഹത്തിന്‍റെ ഇസ്ലാമിക മാനങ്ങള്‍ തുടങ്ങിയവാണ് ഇതിന്‍റെ പ്രതിപാദ്യ വിഷയങ്ങള്‍. വിവഹാത്തിന് മുമ്പ് പരസ്പരം കാണുന്നതിന്‍റെ ആവശ്യകത, വിവാഹാലോചന,വരനെപ്പറ്റിയുള്ള അന്വേഷണങ്ങള്‍, വിവാഹം കഴിക്കാന്‍ ഉത്തമമായ സ്ത്രീകള്‍, വിവാഹത്തിന്‍റെ സുന്നത്തുകള്‍, നിബന്ധനകള്‍, വിവാഹം നിഷിദ്ധമാക്കപ്പെട്ടവര്‍, മഹര്‍, ത്വലാഖ്, ഇദ്ദ എന്നിങ്ങനെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശാഫിഈ മദ്ഹബിനെ ആധാരമാക്കി ഉള്‍പെടുത്തിയിരിക്കുന്നു. ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ തുഹ്ഫയിലെ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യമായ ബോംബെയിലെ മീര്‍ഗനി പ്രസ്സില്‍ നിന്നും അച്ചടിക്കപ്പെട്ട ഈ ഗ്രന്ഥം പിന്നീട് പല സ്ഥലങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

കവിതകള്‍

സ്വല്ലല്‍ ഇലാഹ്

ഉമര്‍ഖാളി(റ)ന്‍റെ പ്രവാചക സ്നേഹം മനസ്സിലാക്കാന്‍ ഈ കവിത തന്നെ ധാരാളമാണ്. ഉമര്‍ഖാളി റൗളാ ശരീഫിലേക്ക് പോയ സമയത്ത് റൗളയിലേക്കുള്ള വാതിലുകളെല്ലാം കൊട്ടയടക്കപ്പെട്ടതാണ് കണ്ടത്. മഹാനവര്‍കള്‍ തിരുദൂതരുടെ സമീപത്ത് ചെല്ലാതെ തിരിച്ചുപോരാന്‍ തയ്യാറായില്ല. അവിടെ വെച്ച് കൊണ്ട് ഉരുവിട്ട മദ്ഹ് വരികളാണ് സ്വല്ലല്‍ ഇലാഹ്. മുത്തുനബിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ അവസാനിക്കുന്ന ഓരോ ബൈതുകളും കൂടെയണ്ടായിരുന്നവരും ഏറ്റുചൊല്ലി. അദ്ഭുതമെന്നു പറയട്ടെ, അടക്കപ്പെട്ട വാതിലുകള്‍ മഹാനവര്‍കള്‍ക്കു മുമ്പില്‍ തുറക്കപ്പെട്ടു.

സമ്പന്നമായ ഭാവനയില്‍ ലളിതമായ ഭാഷയാണ് മഹാനവര്‍കള്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊരു ശ്രോതാവും ആ വരികളില്‍ ലയിച്ചുപോകും. വളരെയധികം ശ്രേഷ്ഠതകള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട മുത്തുനബി ഒരിക്കലും പരുക്കന്‍ സ്വഭാവക്കാരനായിരുന്നില്ല. വളരെ ലോലഹൃദയനും സല്‍സ്വഭാവിയുമായിരുന്നു എന്നു പുകഴ്ത്തിക്കൊണ്ട് പ്രവാചകരെ കൂടുതല്‍ മഹത്വവത്കരിക്കുന്ന സംഭവവികാസങ്ങളിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ട് പോകുകയാണ് മഹാനായ കവി.

ബഹുദൈവാരാധന കൊണ്ട് വളരെ മോശമായ അന്തരീക്ഷമുള്ള കഅ്ബയെ ഏകദൈവത്വത്തിന്‍റെ നിറസാന്നിധ്യമുള്ള പരിശുദ്ധമാക്കപ്പെട്ട സ്ഥലാമാക്കി ഉയര്‍ത്താനുള്ള നബിദൂതരുടെ പരിശ്രമങ്ങളെ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഉമര്‍ഖാളി(റ). “”പാവപ്പെട്ടവനായ ഉമറിതാ ബഹുമാന്യരായ പ്രവാചകരേ അങ്ങയുടെ സമ്മാനവും പ്രതീക്ഷിച്ച് ഇവിടെ ഈ ഉമ്മറപ്പടിയില്‍ അണപൊട്ടിയൊഴുകുന്ന കണ്ണുകളുമായി വന്നിരിക്കുന്നു….”എന്നു തുടങ്ങുന്ന വരികള്‍ ചൊല്ലിയപ്പോഴാണ് തിരുസഹായം ഉണ്ടായതെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തുന്നു. മാത്രവുമല്ല, ഈ വരി അറിയാത്തവര്‍ നന്നേ കുറവായിരിക്കും.

അമ്മല്‍ ബുശ്റാ

തിരുനബിയെ കുറിച്ചുള്ള മറ്റൊരു കാവ്യമാണ് അമ്മല്‍ ബുശ്റാ. തിരുനബിയുടെ ജനനത്തെ സംബന്ധിച്ചും അദ്ഭുതസംഭവങ്ങളെ കുറിച്ചും പറഞ്ഞുതുടങ്ങുന്ന ഈ ഗ്രന്ഥം വ്യത്യസ്തമായ ശൈലിയാണ് കൈകൊണ്ടിരിക്കുന്നത് എന്നതിനാല്‍ വായനക്കാരന് മടുപ്പു തോന്നിക്കുന്നില്ല. പ്രവാചകന്‍ അദ്നാന്‍ ഗോത്രത്തിന്‍റെ നായകനും ബഹുദൈവ വിശ്വാസത്തിന്‍റെ അന്തകനുമാണ്. കരുണയുടെ സ്രോതസ്സായ അവിടുന്ന് സമുദായ രക്ഷകനാണ്. ഇരുളിനെ പ്രകാശമാക്കുന്നു, നډയുടെ സ്ഥാപകനും തിډയുടെ നശിപ്പിക്കുന്നവനുമാണ്. കുറേ പ്രയോഗങ്ങളും ഉപമകളും കവിതയെ മികച്ചതാക്കി മാറ്റുന്നു. അബ്ദുല്‍ ഖാദര്‍ അല്‍ഫള്ഫരിയുടെ ജവാഹിറുല്‍ അശ്ആറില്‍ ഈ കവിത ഉള്‍പെടുത്തിയിട്ടുണ്ട്.

ലാഹല്‍ ഹിലാലു

ഉമര്‍ഖാളി എന്ന മഹാ പണ്ഡിതകേസരി വലിയൊരു അദ്ഭുത ക്രിയയാണ് കാണിച്ചിരിക്കുന്നത്. പുള്ളിയുള്ളതും ഇല്ലാത്തതുമായ അക്ഷരങ്ങള്‍ അറബിയിലുണ്ട്. പുള്ളിയില്ലാത്ത അക്ഷരങ്ങളുപയോഗിച്ചാണ് ഈ കവിത രചിച്ചിരിക്കുന്നത്. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെങ്കിലും വളരെ ലളിതമാണീ കവിത. പ്രവാചകനെ തിളങ്ങുന്ന ചന്ദ്രനോടുപമിക്കുന്ന കവി, എല്ലാവിധ കുലീന സ്വഭാവങ്ങളും സമ്മേളിച്ചിരിക്കുന്ന വലിയൊരു പ്രതിഭയാണ് എന്നും പരിചയെപ്പെടുത്തുന്നു. അബ്ദുല്‍ ഖാദര്‍ അല്‍ഫള്ഫരിയുടെ ജവാഹിറുല്‍ അശ്ആറില്‍ ഈ കവിത ഉള്‍പെടുത്തിയിട്ടുണ്ട്. റസൂല്‍ പ്രപഞ്ചത്തിന്‍റെ ആത്മാവാണ്. ദൈവത്തിന്‍റെ അനുഗ്രഹമാണ്, ദൈവത്തോട് നന്ദിയുള്ളവനാണ്. എല്ലാ പ്രവാചകരുടേയും നേതാവുമാണ്..കവി തുടരുന്നു.

നബിയ്യുന്‍ നജിയ്യുന്‍

ഒരു സാങ്കല്പിക കാമുകിയെ സ്മരിക്കുന്ന രൂപത്തിലാണ് ഈ കവിതയുടെ ആരംഭം. ലാഹല്‍ ഹിലാലു പുള്ളിയില്ലാത്ത അക്ഷരങ്ങളുപയോഗിച്ചാണെങ്കില്‍ നബിയ്യുന്‍ നജിയ്യുന്‍ പുള്ളികളുള്ള അക്ഷരങ്ങളുപയോഗിച്ചാണ് രചിച്ചിരിക്കുന്നത്. ജവാഹിറുല്‍ അശ്ആറില്‍ ഉള്ള ഈ കവിത പ്രവാചകരെ ദു:ഖമനുഭവിക്കുന്നവരുടെ പരിഹാരമായും വേദനിക്കുന്നവരുടെ അഭയകേന്ദ്രമായും ചിത്രീകരിക്കുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന വിശിഷ്ട വ്യക്തിയായും മുത്തുനബിയെ പരിചയപ്പെടുത്തുന്നു.

സില്‍സാല്‍

             1251/1835 ല്‍ പൊന്നാനിയിലുണ്ടായ ഒരു ഭൂമികുലക്കത്തെ സംബന്ധിച്ച് വിവരിക്കുന്ന ഒരു കാവ്യമാണ് സില്‍സാല്‍. “”ഭൂമി അതിന്‍റെ നിവാസികളോടൊപ്പം കിടിലം കൊണ്ടു. ജനങ്ങള്‍ പരിഭ്രാന്തരായി ബഹളം വെച്ചു..”തുടങ്ങി ഭൂമികുലുക്കത്തിന്‍റെ ഭീകരതയും ജനങ്ങളുടെ ഭയാനകതയും വരികളിലൂടെ മഹാനവര്‍കള്‍ വിശദീകരിക്കുന്നു. പ്രസിദ്ധീകരിക്കപ്പെടാത്ത ഈ കൃതിയുടെ കോപ്പി ഇന്നും പ്രൊഫ. വി മുഹമ്മദ് സാഹിബിന്‍റെ കൈവശമുണ്ട്.

മഹദ് വ്യക്തികളുടെ വഫാതിനു ശേഷം അവരുടെ വ്യക്തിത്വത്തെ കുറിച്ചും സ്വഭാവ വിശേഷണത്തെ കുറിച്ചും പാണ്ഡിത്യത്തെ കുറിച്ചും സ്മരിച്ചു കൊണ്ട് എഴുതപ്പെട്ട ധാരാളം വിലാപ കാവ്യങ്ങള്‍(മര്‍ഥിയ്യ)നമുക്ക് കാണാവുന്നതാണ്. ഇത്തരത്തില്‍ മഹാനായ ഉമര്‍ഖാളി(റ)നെ കുറിച്ച് മുഹ്യിദ്ദീനുബ്നു ഫരീദ് രചിച്ച ഒരു വിലാപ കാവ്യമാണ് മര്‍ഥിയ്യ അലല്‍ ഖാളി ഉമറുബ്നു അലി. പണ്ഡിതര്‍ ലോകത്തിന് വഴികാട്ടുന്ന വിശിഷ്ട വ്യക്തിത്വങ്ങളാണ്. അവരുടെ നഷ്ടം അത് ലോകത്തിന്‍റെ തന്നെ തീരാ നഷ്ടമാണ്. നിനച്ചിരിക്കാതെ വന്നെത്തുന്ന മരണം സാധാരണക്കാരനേയും പണ്ഡിതനേയും പിടികൂടുന്ന കാര്യത്തില്‍ വീഴ്ച വരുത്താറില്ല. ഉമര്‍ഖാളിയുടെ മരണം ഇത്തരത്തില്‍ മനുഷ്യകുലത്തിന് തീരാനഷ്ടം വരുത്തിത്തീര്‍ത്ത ഒന്നാണ്. എന്നിങ്ങനെ പറഞ്ഞ് തുടങ്ങുന്ന മുഹ്യിദ്ദീനുബ്നു ഫരീദ്, ഉമര്‍ഖാളി(റ)ന്‍റെ കവിതകളെയും ജീവചരിത്രങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്

 

 

Be the first to comment

Leave a Reply

Your email address will not be published.


*