ക്രൂരത കൈവിടാതെ ഇസ്റാഈല്‍

സിദ്ധീഖ് എന്‍ മുതുവല്ലൂര്‍

മനുഷ്യ മനഃസ്സാക്ഷിയുടെ നിസ്സംഗത മൂലം ലോക ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഫലസ്തീന്‍. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലെന്നും കണ്ണീര്‍ കയമെന്നും വിശേഷിപ്പിക്കപ്പെടുന്ന ആ പുണ്യ ദേശം അതിന്‍റെ സമാധാനാന്തരീക്ഷം കണ്ടിട്ട് കാലങ്ങളായി. ചരിത്രത്തിലെ തുല്യതയില്ലാത്ത വഞ്ചനയിലൂടെയായിരുന്നു ജൂതന്മാര്‍ ഫലസ്തീനിന്‍റെ മണ്ണില്‍ കയറിക്കൂടിയത്. ലക്ഷക്കണക്കിന് അറബികളെ കൊന്നൊടുക്കിയും അന്യ ദേശങ്ങളിലേക്ക് ആട്ടിപ്പായിച്ചും ഭരണം കൈയ്യടക്കിയ ജൂതന്മാര്‍ ഇരട്ടത്താപ്പിന്‍റെ വീരനായ അമേരിക്കയെ കൂട്ടുപിടിച്ച് ഫലസ്തീനില്‍ കാണിക്കാത്ത ക്രൂരതകളൊന്നുമില്ല.  ആ ക്രൂരതകളില്‍പെട്ട അവസാനത്തെ കരുനീക്കമാണ് ജൂത രാഷ്ട്ര ബില്‍ ഇസ്റാഈല്‍ പാര്‍ലമെന്‍റ് പാസാക്കിയത്. ഈ ബില്ലിലൂടെ അതിശക്തമായ ഒരു ജൂത രാഷ്ട്രത്തെ നിര്‍മ്മിച്ചെടുക്കാനും സ്വദേശത്ത് പ്രവാസികളായ അറബികളുടെ പൗരത്വത്തെ മരവിപ്പിക്കാനും ഇസ്റാഈലിന് സാധിക്കുന്നതാണ്. ഔദ്യോഗിക ഭാഷാ സ്ഥാനത്തുനിന്നും അറബിയെ നീക്കം ചെയ്യാനും ഹീബ്രുവിനെ മാത്രം ദേശീയ ഭാഷയാക്കാനും ജറുസലേമിനെ ഇസ്റാഈലിന്‍റെ തലസ്ഥാനമാക്കാനും പുതിയ ബില്‍ ആവശ്യപ്പെടുന്നു. അതോടെ ടെല്‍ അവീവില്‍ നിന്നും  എംബസികള്‍ മാറ്റാന്‍ മുഴുവന്‍ രാജ്യങ്ങളും നിര്‍ബന്ധിതരായിത്തീരുകയും ചെയ്യും. എഴുപത് വര്‍ഷം മുമ്പ് 1948 ല്‍ തന്നെ ഇസ്റാഈല്‍ ഒരു ജൂത രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും ഫലസ്തീനികളുടെ കടുത്ത പ്രതിഷേധങ്ങള്‍ കാരണം പ്രാബല്യത്തില്‍ വരാതിരിക്കുകയായിരുന്നു. പക്ഷേ, പ്രതിഷേധങ്ങളെ ബോംബും തോക്കും കൊണ്ട് കീഴടക്കിയ ഇസ്റാഈല്‍ നരമേധര്‍ക്ക് ഇന്ന് ആ യുദ്ധങ്ങള്‍ തീര്‍ത്ത നെരിപ്പോടുകള്‍ക്കിടയില്‍ നിന്നും തങ്ങളുടെ രാജ്യത്തിന്‍റെ ദേശീയത പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് പോലും അവര്‍ വലിയ നേട്ടമായാണ് കാണുന്നത്. ഫലസ്തീന്‍ പ്രതിനിധികളുടെ ശക്തമായ എതിര്‍പ്പുകളുണ്ടായിട്ടും നേരിയ മുന്‍തൂക്കത്തിനു ബില്‍ പാസാക്കപ്പെട്ടപ്പോള്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്.! ‘സയണിസ്റ്റ് ചരിത്രം നിശ്ചയിച്ച് നിമിഷമാണിതെന്നാ’യിരുന്നു അയാളുടെ വാക്കുകള്‍.  90 ലക്ഷം ജനസംഖ്യയുള്ള ഇസ്റാഈലിന്‍റെ ഇരുപത് ശതമാനത്തോളം വരുന്ന അറബ് വംശജരെ തുടച്ചു നീക്കാനുള്ള കുത്സിത ശ്രമത്തിന്‍റെ തുടക്കമാണ് ഈ ബില്‍. ഗസ്സയിലും വെസ്റ്റ്ബാങ്കിലും ജീവ വായുവിനു വേണ്ടി പോരാടുന്നവരെ ഉപരോധങ്ങളുടെ ചങ്ങലകള്‍ കൊണ്ടും തീ തുപ്പുന്ന ഡ്രോണുകള്‍ കൊണ്ടും കൊന്നു തീര്‍ക്കുന്ന ഇസ്റാഈല്‍ ഫലസ്തീനിനെ സമ്പൂര്‍ണ്ണമായി വരുതിയിലാക്കാനാണ് കിണഞ്ഞു പരിശ്രമിക്കുന്നത്. ജൂത-മുസ്ലിംകള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിരുന്ന ജറൂസലമിനെ തലസ്ഥാനമാക്കിയതും അമേരിക്കന്‍ എംബസി അവിടേക്ക് മാറ്റിയതും ആ ലക്ഷ്യത്തിനു വേണ്ടി തന്നെയാണ്. ഇവകളുടെ പുറമെ പുതിയ ബില്‍ കൂടെ പ്രാബല്യത്തില്‍ വരുമ്പോള്‍ ഫലസ്തീനികളുടെ ജീവിതം നരക തുല്യമായിരിക്കുമെന്നതില്‍ സംശയം വേണ്ട.  ഇവിടെ മറ്റൊരു തലത്തില്‍ കൂടിയും നാം ചിന്തിക്കേണ്ടതുണ്ട്. തായ്ലന്‍റിലെ താം ലുവാങ് ഗുഹയില്‍ ഒരു ഫുഡ്ബോള്‍ സംഘം അകപ്പെട്ടപ്പോള്‍ അവരെ രക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ കാണിച്ച ശുശ്കാന്തി ഏറെ പ്രശംസനീയമാണ്. വലിയ മീഡിയ കവറേജ് ലഭിച്ചതിലൂടെ ലോകമൊന്നടങ്കം രക്ഷാപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ സാകൂതം വീക്ഷിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥനാ നിരതരാവുകയും ചെയ്തു. പക്ഷേ, പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരച്ചുവട്ടില്‍ നിന്നും ചുടുകണ്ണീര്‍ പൊഴിക്കുന്ന ഫലസ്തീന്‍ ബാല്യങ്ങളുടെ ദയനീയത കാണാന്‍ ലോകത്തെ ഒരു രാജ്യത്തിനും സാധിക്കുന്നില്ല എന്നത് ഏറെ വിരോധാഭാസമാണ്. അമേരിക്ക കൂട്ടിനുണ്ടല്ലോ എന്ന ധൈര്യത്തില്‍ ഇസ്റാഈല്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് മൂക്കുകയറിടാന്‍ തായ്ലന്‍റിലെ കുട്ടികള്‍ക്കായി കൈകോര്‍ത്ത രാജ്യങ്ങള്‍ക്കും ലോകത്തിലെ സമാധാന പ്രേമികള്‍ക്കും സാധിക്കുമെന്നത് തീര്‍ച്ചയാണ്. ഫലസ്തീനികള്‍ക്ക് സമാധാനത്തിന്‍റെ മേല്‍ക്കൂര നിര്‍മ്മിക്കാന്‍ മുഴുവന്‍ രാജ്യങ്ങളും കൈകോര്‍ക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*