ഇസ്ലാം അവര്‍ക്ക് സമാധാനമാണ്‌

ഹനീഫ് റഹ്മാനി പനങ്ങാങ്ങര

ആഗോളതലത്തില്‍ അനുദിനം ഇസ്ലാം മതത്തിന് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയെ ഇസ്ലാംപേടി സൃഷ്ടിച്ച് പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യവും സമാധാനവും മുഖമുദ്രയായിട്ടുള്ള ഒരു മതത്തിനു ഭീകരതയുടെ പരിവേഷം നല്‍കി ഓരോ കാലങ്ങളില്‍ വ്യത്യസ്തദേശങ്ങളില്‍ വിഭിന്നങ്ങളായ പേരുകളില്‍ മുഖംമൂടി സംഘടനകളെ സൃഷ്ടിച്ച് കിരാത തേര്‍വാഴ്ചകളിലൂടെ നിരപരാധികളെ കൊന്നൊടുക്കിയ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒളിയാക്രമണങ്ങള്‍ നടത്തിയും മതത്തെ പ്രതിക്കൂട്ടിലാക്കാന്‍ വലിയ ആസൂത്രണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തൊക്കെ ശ്രമങ്ങളുണ്ടായിട്ടും അവയെല്ലാം നിഷ്പ്രഭമാക്കി നാള്‍ക്കുനാള്‍ ഇസ്ലാം ശക്തിപ്രാപിക്കുന്ന അവസ്ഥാവിശേഷത്തിനു മുമ്പില്‍ ശാസ്ത്രചേരികള്‍ വലിയ അമ്പരപ്പിലാണ്.
2001 സപ്തംബര്‍ 11നു നടന്ന വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം മുസ്ലിം ഭീകരതയുടെ പേരില്‍ വച്ചുകെട്ടപ്പെട്ടതായിരുന്നെങ്കിലും അതിന്‍റെ പിന്നിലെ സിയോണിസ്റ്റ് ബ്രൈന്‍ വെളിച്ചത്തായതോടെ ഇസ്ലാം യൂറോപ്പിന്‍റെ ശ്രദ്ധാകേന്ദ്രവും പഠനവിഷയവുമായി മാറുന്നതും അത് ഇസ്ലാമിനു ശക്തമായ വേരോട്ടം നല്‍കുന്നതില്‍ സ്വാധീനം ചെലുത്തുന്നതുമാണ് ലോകം കണ്ടത്. വ്യക്തിപരമായ പഠനങ്ങളും സത്യാന്വേഷണ സപര്യകളും വൈയക്തിക സാഹചര്യങ്ങളും വ്യത്യസ്തമെങ്കിലും എല്ലാവരുടെയും ലക്ഷ്യം ഇസ്ലാം തന്നെ. ബുദ്ധിജീവികളുടെയും സാംസ്കാരിക നായകന്മാരുടെയും ഇസ്ലാം ആശ്ലേഷങ്ങള്‍ മറ്റുള്ളവരുടെ കൂടി ഇസ്ലാമിലേക്കുള്ള കുത്തൊഴുക്കിനു വഴിവയ്ക്കുമോ എന്ന് ഭയക്കുന്നവര്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് നടത്താറ്.
പതിറ്റാണ്ടുകള്‍ നീണ്ട പഠനത്തിനൊടുവിലായിരുന്നു മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി സുരയ്യയായത്. എന്നാല്‍, അവരുടെ ഇസ്ലാം ആശ്ലേഷണം പ്രഖ്യാപിക്കപ്പെട്ടതോടെ അവര്‍ പലര്‍ക്കും വെറുക്കപ്പെട്ടവളായി. 67 വയസുണ്ടായിരുന്ന ആ വയോധികയുടെ മതം മാറ്റത്തില്‍ കാമുകനെ തെരയുകയും പ്രേമിച്ച് മതം മാറിയവളെന്ന് പരിഹസിക്കുകയും ചെയ്തു. താന്‍ വര്‍ഷങ്ങള്‍ നീണ്ട സത്യാന്വേഷണത്തിനൊടുവിലാണ് ഇസ്ലാമിലേക്ക് ആകൃഷ്ടയായതെന്ന് പലവുരു വ്യക്തമാക്കിയിട്ടും അവരുടെ ഇസ്ലാം പക്വവും പരിശുദ്ധവുമായിരുന്നുവെന്ന് മകന്‍ എം.ഡി നാലപ്പാട്ട് സാക്ഷ്യപ്പെടുത്തിയിട്ടും അതു കേട്ട ഭാവം നടിക്കാതെ അവരുടെ മരണശേഷവും ഒരു പരിഹാസപാത്രമായി അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നിഷ്കപടവും നിര്‍മലവുമായിരുന്ന അവരുടെ മനസ് എന്നും സത്യാന്വേഷണ വീഥിയിലായിരുന്നുവെന്ന് അവരുടെ ആദ്യകാല രചനകളില്‍ ഏറിയ കൂറും ബോധ്യപ്പെടുത്തുന്നുണ്ട്. ജീവിതത്തിന്‍റെ പൊരുളും ആത്മാവിന്‍റെ യാഥാര്‍ത്ഥ്യങ്ങളും സദാചാര നിയമങ്ങളും മാനദണ്ഡങ്ങളും തേടിയിറങ്ങുന്ന ധീരയായ പഥികയുടെ മനഃസംഘര്‍ഷങ്ങള്‍ അവയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇസ്ലാം സ്വീകരിക്കുന്നതിന്‍റെ ഒന്നരപ്പതിറ്റാണ്ടു മുമ്പ് എഴുതിയ ഏകമുഖി എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:
നിനക്ക് ജീവിതത്തോട് പൊരുത്തപ്പെടുവാന്‍
സാധിക്കുന്നില്ല
അതുകൊണ്ടാവാം നീ കവിത എഴുതുന്നത്
….. നിന്‍റെ നീണ്ട ചൂണ്ടല്‍
കലങ്ങിയ ജലാശയത്തില്‍ സത്യത്തിനായി
പരതുന്നു….
നീ നിന്നോട് തന്നെ സംസാരിക്കുന്നു
ചോദ്യങ്ങള്‍ ചോദിക്കുന്നു.
മനുഷ്യര്‍ നിര്‍മിച്ച ദൈവങ്ങള്‍ക്കും
മനുഷ്യര്‍ക്കെന്നപോലെ
ഗുഹ്യാവയവങ്ങള്‍ ഉണ്ടാകണം
പട്ടിലൊളിപ്പിച്ച മൃദുലാവയവങ്ങള്‍
തന്‍റെ സത്യാന്വേഷണയാത്രയിലെ ഉറച്ച കാല്‍വയ്പുകളെ ഊക്കുള്ള വാക്കുകൊണ്ട് ചിത്രീകരിക്കുന്ന സാമാന്യം ദൈര്‍ഘ്യമുള്ള കവിത അവസാനിക്കുന്നത് ഇങ്ങനെ:
സത്യത്തിന്‍റെ ചൈതന്യത്തില്‍
എന്‍റെ കാലുറച്ചാല്‍
തല്ലുകൊണ്ട പട്ടിയെപ്പോലെ
അപമാനിതയായി അലയേണ്ടിവരില്ല
എനിക്കൊരിക്കലും
ഇങ്ങനെ അലയേണ്ടിവരില്ല.
സത്യതീര്‍ത്ഥവും തേടി തണ്ണീര്‍ പന്തലുകള്‍ക്ക് ശമിപ്പിക്കാനാവാത്ത ദാഹവുമായി, പാരമ്പര്യവുമായി പൊരുത്തപ്പെടാനാവാതെ നാലപ്പാട്ടെ വഴികള്‍ക്കിടയില്‍നിന്ന്, നീര്‍മാതളപ്പൂക്കള്‍ക്കിടയില്‍നിന്ന്, പടിഞ്ഞാറെ പാലയും യക്ഷിപ്പനയും കടന്ന് സമുദ്രസമാനമായി തോന്നിയ തോടും കുളവും ആള്‍മറയില്ലാത്ത കിണറും താണ്ടി ബാല്യകാലം മുതല്‍ ഭയപ്പെട്ടോടിയ കമല എന്ന പെണ്‍കുട്ടി പാപങ്ങള്‍ ഒടുവില്‍ പുണ്യങ്ങളാവുമെന്നും കാമം ബോധമാവുമെന്നും ചളിയില്‍നിന്ന് ചെന്താമര പോലെ, തമസ്സില്‍നിന്ന് നൂതന ബോധം പോലെ കരകാണാകടലായ നിഷ്കളങ്കതയെ കണ്ടെത്തുമെന്ന് ദീര്‍ഘദര്‍ശനം നടത്തിയിരുന്നു.
ശൈശവത്തില്‍ പിതാവിന്‍റെയും ശേഷം ഭര്‍ത്താവിന്‍റെയും കൂടെ താമസിക്കുമ്പോള്‍ നിരന്തരമായ പറിച്ചുനടലിന്‍റെയും പലായനത്തിന്‍റെയും നടുക്ക് ജീവിതം എവിടെയും വേരുപിടിക്കാതെ അസ്വസ്ഥതയുടെ കെട്ടും മാറാപും പേറി നഗരങ്ങളിലും ഗ്രാമങ്ങളിലും മാറിമറിത്താമസിക്കേണ്ടിവന്നിട്ടുണ്ട്. ഇക്കാലയളഴില്‍ ഒറ്റപ്പെടലിന്‍റെ വീര്‍പ്പുമുട്ടലും സ്നേഹനിരാസത്തിന്‍റെ വശ്യതയും നേരിടേണ്ടിവന്ന അവര്‍ക്ക് ഇസ്ലാം ഏകാന്തയില്‍നിന്നുള്ള മോചനമായിരുന്നു. കുട്ടിക്കാലം നഗരവാസികളോടൊപ്പം ചെലവഴിക്കേണ്ടിവന്നിട്ടും തലതിരിഞ്ഞ പരിഷ്കാരങ്ങളില്‍ ഫാഷനെന്നോണം വാരി പ്പുണരുന്നവര്‍ കൂട്ടിനുണ്ടായിട്ടും പെണ്ണിന്‍റെ സത്ത ലജ്ജയായി തിരിച്ചറിയുകയും ജീവിതത്തില്‍ കാത്തുസൂക്ഷിക്കുകയും ചെയ്ത അവര്‍ക്ക് ഇസ്ലാം സ്ത്രീമഹത്വത്തിന്‍റെ സാക്ഷാല്‍ ക്കാരമെന്ന് തിരിച്ചറിവായിരുന്നു. ഇസ്ലാം സ്വീകരിക്കാനുള്ള അവരുടെ ആഗ്രഹം വര്‍ഷങ്ങളുടെ പഴക്കമുള്ളതും ഭര്‍ത്താവ് മാധവദാസുമായി ചര്‍ച്ച ചെയ്തിരുന്നതുമായിരുന്നെങ്കില്‍ കൂടി 1992ല്‍ വൈവിധ്യത്തിലേക്ക് പ്രവേശിച്ചതോടെ വൈധവ്യത്തില്‍ അനുഭവിക്കേണ്ടിവന്ന വൈഷമ്യങ്ങളും ഹിന്ദു മതം വിധവകളോട് പുലര്‍ത്തുന്ന സമീപനങ്ങളും അനുഭവിക്കേണ്ടിവന്നപ്പോള്‍ ഇസ്ലാമിലേക്കുള്ള വഴി ഒന്നുകൂടി വ്യക്തമാവുകയായിരുന്നു.
ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടം കൊടുക്കാതിരിക്കാനും സത്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വസ്തുതബോധ്യമാവാനും അവര്‍ തന്നെ കാര്യങ്ങള്‍ തുറന്നുപറഞ്ഞു. യാ അല്ലാഹ്, സ്നേഹം എന്നീ പുസ്തകങ്ങള്‍ അവരുടെ ഇസ്ലാമിക വിചാരങ്ങളുടെ നിലനില്‍ക്കുന്ന സാക്ഷ്യമാണ്. 2002ലെ ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ നമുക്ക് വായിക്കാം: “ഇസ്ലാം എന്‍റെ മതമാണ്. ആ മതം എന്നെ ആകര്‍ഷിച്ചത് അതിന്‍റെ കാരുണ്യം കൊണ്ടാണ്. സ്നേഹമാണ് അതിന്‍റെ പൊട്ടന്‍ഷ്യല്‍, എല്ലാം കൊടുക്കുന്ന ഒരു അല്ലാഹു. ഒരു പുനര്‍ജന്മം കിട്ടുന്നപോലെയാ പരലോകം. അവിടെ വെച്ചന്നാല്‍ സ്വര്‍ഗം തരുന്ന ഒരു അല്ലാഹു. അങ്ങനെയൊക്കെ കൊതിതോന്നീട്ടാണ് ഞാന്‍ ചേര്‍ന്നത്….
അന്വേഷണ കുതുകികള്‍ക്കൊക്കെയും മതത്തിന്‍റെ അകക്കാമ്പിലെത്തിച്ചേരാന്‍ മാത്രം ആന്തരിക ചൈതന്യമുള്ള ഇസ്ലാമിനെ ബുദ്ധിജീവികള്‍ കണ്ടെത്തുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ശത്രുക്കള്‍ പടച്ചുവിടുന്ന കുതന്ത്രങ്ങളെ തടുക്കാന്‍ മുസ്ലിം ലോകത്തിന്‍റെ കൈയില്‍ ജാലവിദ്യകളൊന്നും ഇല്ലാതിരുന്നിട്ടും സ്രഷ്ടാവ് സൃഷ്ടികള്‍ക്ക് സമ്മാനിച്ച മതമെന്ന നിലയില്‍ ഇസ്ലാം പ്രചുരപ്രചാരം നേടുകയാണ്. ഇസ്ലാം വിരുദ്ധ തീവ്ര മതേതരത്വത്തിന്‍റെ പറുദീസയായി അറിയപ്പെടുന്ന ഫ്രാന്‍സ് ഇന്ന് ഏറ്റവുമധികം ഇസ്ലാം ആശ്ലേഷണം നടന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. സാമൂഹ്യശാസ്ത്രജ്ഞരുടെയടക്കം സജീവ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു ഫ്രാന്‍സിലെ ഇസ്ലാം ആശ്ലേഷണങ്ങള്‍.
സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള, സാമ്പത്തികമായി ഔന്നത്യം നേടിയ, പേരും പ്രശസ്തിയുമുള്ള ബുദ്ധിജീവികളും കലാകായിക രംഗത്തുള്ള പ്രമുഖരും ഇസ്ലാം സ്വീകരിച്ച ഫ്രഞ്ച് പൊതുകാര്യ പ്രസക്തരില്‍ ഉണ്ട്. Thierry Daniel Henry എന്ന ഫുട്ബാള്‍ താരത്തിന്‍റെ ഇസ്ലാം ആശ്ലേഷം ഈയ്യിടെ ഏറെചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കുമിടയില്‍ ഇസ്ലാം സാധ്യമാകുന്ന ശക്തമായ ബന്ധമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ നിമിത്തമായത്. ഇതേ മേഖലയില്‍നിന്നുള്ള Benoit Assou-Ekotto യുടെ ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനത്തിനു കാരണം പറഞ്ഞത് യൂറോപ്യന്‍ സംസ്കാരത്തില്‍നിന്ന് വ്യതിരിക്തത പുലര്‍ത്തുന്ന ഇസ്ലാമിന്‍റെ കുടുംബ മൂല്യങ്ങളും അതിന്‍റെ കെട്ടുറപ്പും, ബന്ധുക്കളോടും അയല്‍വാസികളോടുമുള്ള സമീപനവും കൃത്യനിഷ്ഠയും സന്താനങ്ങള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കുന്ന സദാചാര വിദ്യാഭ്യാസവും വിശിഷ്ടമായ ധാര്‍മികതയുമാണ്. ദിയാം എന്ന് പേര് സ്വീകരിച്ച ഫ്രഞ്ച് റാപ ആര്‍ടിസ്റ്റ് Melanie Geor ogiodes താന്‍ കണ്ടെത്തിയ പുതിയ ജീവിതരീതിയെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “ശാന്തിയിലേക്ക്, ഒരുമയിലേക്ക്, മൈത്രിയിലേക്ക് മനുഷ്യസാഹോദര്യത്തിലേക്ക് ഇവിടെ വഴി ഒന്നേയുള്ളൂ. പക്ഷേ, പലര്‍ക്കുമിത് ഇപ്പോഴും കടുപ്പമുള്ളത്.” ഫ്രഞ്ച്, സ്പാനിഷ് ക്ലബുകള്‍ക്ക് വേണ്ടി കളിക്കുന്ന കനൂത്തെ കുവൈത്ത് ടെലിവിഷനോട് മനസ് തുറന്നു: “ഇസ്ലാം അതാണെന്‍റെ ജീവന്‍; അതാണന്‍റെ ജീവിതം.”
ബ്രിട്ടനിലും ഇസ്ലാമിന്‍റെ അതിശക്തമായ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിവര്‍ഷം അമ്പതിനായിരത്തോളം ബ്രിട്ടീഷുകാര്‍ ഇസ്ലാം സ്വീകരിക്കുന്നുണ്ടെന്നും അതില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇസ്ലാമിന്‍റെ തണല്‍ സ്വീകരിക്കുന്ന ബ്രിട്ടീഷ് വനിതകളില്‍ ഏറിയ കൂറും ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന തൊഴിലുമുള്ളവരാണെന്നതാണ് ഏറെ ശ്രദ്ധേയം. ടോണിബ്ലയറിന്‍റെ ബന്ധു Lauren Booth, പ്രമുഖ പത്രപ്രവര്‍ത്തക Yvonne Ridly, MTV അവതാരികയായിരുന്ന Kristiance Backer തുടങ്ങിയ അതിപ്രശസ്തരായ ബ്രിട്ടീഷ് വനിതകളെല്ലാം അടുത്ത കാലത്തായി ഇസ്ലാം സ്വീകരിച്ചവരാണ്. മുസ്ലിമായ ശേഷം സയണിസത്തിനും പാശ്ചാത്യമാധ്യമങ്ങളുടെ ദുഷ്പ്രചാരണത്തിനുമെതിരേ ശക്തമായ പോരാടുന്ന യിവോണ്‍ റിഡ്ലി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പോരാളികളുടെ പിടിയില്‍ പെട്ടാണ് ലോക ശ്രദ്ധ നേടിയത്. അക്കാലത്തെ അനുഭവങ്ങളില്‍ ഖുര്‍ആന്‍ പഠിക്കാന്‍ തീരുമാനിക്കുകയും ഇസ്ലാമിലേക്ക് അതവര്‍ക്ക് വഴി തുറക്കുകയുമായിരുന്നു.
അക്കാദമിക പണ്ഡിതന്‍മാര്‍ക്കടക്കം അവഗണിക്കാന്‍ കഴിയാത്ത ഒരു സാമൂഹികാനുഭവമായി വര്‍ധിച്ച തോതിലുള്ള പെണ്‍ ഇസ്ലാം ആശ്ലേഷം ബ്രിട്ടനില്‍ ഇപ്പോള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ സെന്‍റര്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസും ലെയ്സസ്റ്റര്‍ കേന്ദ്രമാക്കിയുള്ള ന്യൂ മുസ്ലിംസ് പ്രൊജക്ടും സംയുക്തമായി Narratives of Conversion to Islam എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. യാദൃച്ഛികമായുണ്ടാകുന്ന പല നിമിത്തങ്ങളുമാണ് വിശദമായ ഇസ്ലാം പഠനത്തിലേക്ക് നയിച്ചതെന്ന ബ്രിട്ടീഷ് നവ മുസ്ലിങ്ങളെ ആസ്പദിച്ചുള്ള ആ റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഭക്ത കത്തോലിക്കാ ജീവിതം നയിച്ചിരുന്ന ആനിസാ ആക്റ്റിന്‍സണ്‍ ബോറടി മാറ്റാന്‍ വേണ്ടി വെറുതെ എടുത്തുനോക്കിയ ഒരു ലഘുലേഖയാണ് ഇസ്ലാമിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്ന ഇഷ്ടം വളര്‍ത്തിയത്. പഠനം സത്യതീരത്തേക്ക് എത്തിക്കുകയും ചെയ്തു. അടുത്ത കൂട്ടുകാരി ഒരു മുസ്ലിമിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത സൃഷ്ടിച്ച കൗതുകമാണ് കരോളിന്‍ സെയ്റ്റിനെ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ വിപുല വായനയിലേക്ക് പ്രചോദിതയാക്കിയത്.
തമിഴ്നാട്ടിലെ പ്രമുഖ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന വെങ്കടാചലം അടിയാര്‍ അബ്ദുല്ല അടിയാര്‍ ആയി മാറിയത് തന്‍റെ ജയില്‍വാസകാലത്തെ പഠനങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു. രൂക്ഷമായ വിമര്‍ശകനായിരുന്ന അടിയാറെ ജയിലിലടച്ചപ്പോള്‍ അവിടെയുള്ള അനീതികളെയും ശക്തമായ ഭാഷയില്‍ അദ്ദേഹം അപലപിച്ചു. ജയിലധികൃതര്‍ വലിയ കുറ്റവാളികളെ ഉപയോഗിച്ച് അദ്ദേഹത്തെ മര്‍ദ്ദിച്ചു. തുടരെയുള്ള മര്‍ദ്ദനത്താല്‍ വയറ് പൊട്ടി മരണത്തെ മുഖാമുഖം കാണുന്ന സാഹചര്യം വരെ ഉണ്ടായി. അന്നോളം നിരീശ്വരവാദിയായി ജീവിച്ച അടിയാര്‍ ദൈവത്തെ ഓര്‍ത്തു. മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഹിന്ദുമതം, ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം തുടങ്ങിയവയെല്ലാം പഠനവിധേയമാക്കി. എന്നാല്‍, തടവറയിലെ ഭയാനകദിനങ്ങളില്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വലിയ ആത്മവിശ്വാസം പകരുന്നതായി അദ്ദേഹം അനുഭവിച്ചു.
അദ്ദേഹം തന്നെ പറയട്ടെ: “തടവറയിലെ പുലര്‍ക്കാലങ്ങള്‍ വിചിത്രമാണ്. സൂര്യനുദിച്ചാലും ഇല്ലെങ്കിലും മഴ പെയ്താലും മഞ്ഞുപെയ്താലും കൃത്യം ആറുമണിക്ക് തടവറ വാതിലുകള്‍ തുറക്കപ്പെടുന്ന ശബ്ദം ജയില്‍വാസികള്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ മണിനാദമാണ്. ചിലര്‍ ഓടും, ചിലര്‍ ആടും, ചിലര്‍ പാടും, ചിലര്‍ പതുക്കെ വെളിയിലേക്ക് തല നീട്ടും, മറ്റു ചിലര്‍ ഓരോന്നാലോചിച്ച് അകത്തുതന്നെയിരുന്ന് സ്വതന്ത്ര വായു ശ്വസിക്കും. ഇവരെപ്പോലെയായിരുന്ന എന്നെ വിശുദ്ധ ഖുര്‍ആനും നബിചരിത്രവും പരിവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. മുഖവും കൈകാലുകളും കഴുകി വന്ന് പുസ്തകം നിവര്‍ത്തി വായിക്കാനിരിക്കും. മണ്ണിനടിയിലെ ജ്ഞാനത്തിന്‍റെ വിത്ത് വെളുത്ത മുള പൊട്ടി പതുക്കെ പൊങ്ങിവരുന്നതിനെ കുറിച്ച് ഞാന്‍ ബോധവാനായി. ഇതുവരെ വായിച്ചറിഞ്ഞിട്ടില്ലാത്ത എന്ത് അത്ഭുതങ്ങളാണ് അവയിലുണ്ടായിരുന്നത്? യുക്തിവാദികളുടെ കൂട്ടില്‍ ഒരു കുയിലായി വളര്‍ന്ന എന്‍റെ അന്തരംഗത്ത് ഇസ്ലാം യുക്തിവിചാരത്തിന്‍റെ കോകിലനാദം മുഴക്കിയതായി എനിക്ക് അനുഭവപ്പെട്ടു. (തടവറയില്‍നിന്ന് പള്ളിയിലേക്ക്-അബ്ദുല്ല അടിയാള്‍)
1987ല്‍ ഇസ്ലാം സ്വീകരിച്ച ശേഷം ഇസ്ലാമിനെ കുറിച്ച് അദ്ദേഹം 14 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ‘നാന്‍ കാതലിക്കും ഇസ്ലാം’ എന്ന പുസ്തകം ലോകപ്രശസ്തിയാര്‍ജ്ജിക്കുകയുണ്ടായി.
പ്രമുഖനായ ജര്‍മ്മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. മുറാദ് വില്‍ഫ്രഡ്ഹോഫ്മാന്‍റെ ഇസ്ലാം ആശ്ലേഷം പാശ്ചാത്യലോകത്ത് ഒരു കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരുകത്തോലിക്കന്‍ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മുറാദ് ഹോഫ്മാന്‍ 1980ല്‍ ഇസ്ലാം സ്വീകരിച്ചു. അള്‍ജീരിയന്‍ യുദ്ധത്തിന്‍റെ അനന്തരഫലത്തിനുസാക്ഷിയായതും ഇസ്ലാമിക കാലയോട് തോന്നിയ ഇഷ്ടവും പോളിസ്റ്റ് ക്രിസ്ത്യന്‍ തത്വങ്ങളിലെ വൈരുദ്ധ്യവും ആണ് ഇസ്ലാമിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചത്. ഇസ്ലാം ദ ആള്‍ടര്‍നേറ്റ്, എ ജേണിടു മക്ക, ഇസ്ലാം തുടങ്ങി അദ്ദേഹം ധാരാളം കൃതികളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്. ജര്‍മനിയുടെ ഫെഡറല്‍ ക്രോസ് ഓഫ് മെറിറ്റ്, ഇറ്റലിയുടെ കമാണ്ടര്‍ ഓഫ് ദ മെറിറ്റ്, ദുബൈ ഇന്‍റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ കമ്മിറ്റിയുടെ 2009ലെ ഇസ്ലാമിക് പേഴ്സണാലിറ്റി അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞനും കാന്‍സാസ് സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസറുമായ ജെഫ്രിലാങ് റോമന്‍ കാത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് 1980കളുടെ ആദ്യത്തില്‍ ഇസ്ലാം സ്വീകരിച്ച വ്യക്തിയാണ്. ഒരു മുസ്ലിമായിരിക്കുമ്പോള്‍ തനിക്ക് കൂടുതല്‍ ആത്മനിര്‍വൃതി ലഭിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ജെഫ്രിലാങ് മൂന്ന് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അമേരിക്കന്‍ മുസ്ലിങ്ങളില്‍ നല്ല പ്രചാരമുണ്ട് ഈ പുസ്തകങ്ങള്‍ക്ക്. അമേരിക്കന്‍ മുസ്ലിം വിദ്യാഭ്യാസ സംഘടനയായ മെക്ക സെന്‍ട്രിക്കിന്‍റെ പ്രചാരം നേടിയ പ്രഭാഷകനും ജനറേഷന്‍ ഇസ്ലാം എന്ന വടക്കന്‍ അമേരിക്കന്‍ സംഘടനയുടെ ഉപദേശകനുമാണ്.
ഒരു ആഫ്രോ അമേരിക്കന്‍ സാമൂഹ്യപ്രവര്‍ത്തകനും വര്‍ണവിവേചനത്തിനെതിരേ സമരം ചെയ്ത വ്യക്തിത്വവുമായിരുന്ന മാല്‍ക്കം എക്സ് ക്രിസ്ത്യന്‍ സുവിശേഷ പ്രസംഗകനും അമേരിക്കയിലെ കറുത്ത വരെ ആഫ്രിക്കയിലേക്ക് തിരിച്ചുകൊണ്ടു പോകണമെന്ന് വാദിക്കുന്ന പ്രസ്ഥാനത്തിന്‍റെ നേതാവുമായ ഏള്‍ ലാറ്റിലിന്‍റെയും ലുസിനോര്‍ടന്‍റെയും മകനായി അമേരിക്കയിലെ ഒമഹയില്‍ ജനിച്ചു. ആറു വയസ്സുള്ളപ്പോള്‍ പിതാവ് കൊല്ലപ്പെട്ടു. മാല്‍ക്കമിന്‍റെ പതിമൂന്നാമത്തെ വയസ്സില്‍ മാതാവ് മനോരോഗം മൂലം ആശുപത്രിയില്‍ ചികിത്സയിലായി. അനാഥാലയത്തിലായിരുന്നു മാല്‍ക്കം പിന്നീടു വളര്‍ന്നത്. മോഷണക്കുറ്റത്തിനു ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. തടവറയില്‍വച്ച് നാഷനല്‍ ഓഫ് ഇസ്ലാം എന്ന സംഘടനയുമായി ബന്ധപ്പെട്ട അദ്ദേഹം സങ്കുചിതമായ വംശീയ ചിന്തയാണെന്ന് ആരോപിച്ച പിന്നീട് ആ പ്രസ്ഥാനത്തോട് വിടപറഞ്ഞു. ആഫ്രിക്കന്‍ അറബ് രാജ്യങ്ങളിലൂടെയുള്ള യാത്രയില്‍ സുന്നി ആശയങ്ങളില്‍ ആകൃഷ്ടനായി അവയുടെ പ്രചാരകനായി രംഗത്തുവന്നു. അദ്ദേഹത്തിന്‍റെ മരണശേഷം വെളിച്ചം കണ്ട ദ ഓട്ടോബയോഗ്രഫി ഓഫ് മാല്‍ക്കം എക്സ് എന്ന ആത്മകഥ ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ സംസ്കാരത്തെ ഏറെ സ്വാധീനിച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.
അമേരിക്കയിലെ വര്‍ണവിവേചനത്തിന്‍റെ ഇരയാകേണ്ടിവന്നതിനാല്‍ മനുഷ്യസമത്വവും സാഹോദര്യവും തേടി ഇസ്ലാം പുല്‍കിയ വ്യക്തിയാണു കഴിഞ്ഞ വര്‍ഷം അന്തരിച്ച ബോക്സിങ് താരം മുഹമ്മദ് അലി ക്ലേ. മൂന്നുതവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും ഒളിമ്പിക്സ് ചാമ്പ്യനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കറുത്ത വര്‍ഗക്കാരനായതുകൊണ്ട് ഒരു റസ്റ്റോറന്‍റിലെ ഭക്ഷണം നിഷേധിച്ചതിന് തന്‍റെ ഒളിമ്പിക് മെഡല്‍ ഓഹയയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. അമേരിക്ക വിയറ്റ്നാമിനെതിരേ യുദ്ധത്തിലേര്‍പ്പെട്ട കാലത്ത് നിര്‍ബന്ധിത സൈനിക സേവനത്തിനായി തന്‍റെ പേര് വിളിക്കപ്പെട്ടപ്പോള്‍ മുന്നോട്ടുവരാതിരുന്ന മുഹമ്മദലിയെന്ന ബോക്സര്‍ രാഷ്ട്രീയ കായിക രംഗത്ത് ചര്‍ച്ചയായി. തന്‍റെ വിശ്വാസം നിരപരാധികളോട് യുദ്ധം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞു തുടങ്ങിയ മുഹമ്മദലി പിന്നീട് വിവേചനത്തിനും അനീതിക്കുമെതിരേയുള്ള സമരമുഖത്ത് സീജവമായി. ‘എന്‍റെ മനസ്സാക്ഷി എന്‍റെ സഹോദരങ്ങളെയോ കൂടുതല്‍ കറുത്തവരായവരെയോ പാവങ്ങളെയോ വിശക്കുന്നവരെയോ വലിയ ശക്തരായ അമേരിക്കക്കുവേണ്ടി വെടിവച്ചു കൊല്ലാന്‍ അനുവദിക്കുന്നില്ല. ഞാന്‍ എന്തിനുവേണ്ടി അവരെ വെടിവച്ചുവീഴ്ത്തണം? അവരെന്നെ നിഗ്രോ എന്ന് വിളിച്ചിട്ടില്ല; എന്നോട് ക്രൂരമായി പെരുമാറിയിട്ടില്ല’ എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ നടത്തിനിര്‍ബന്ധിത പട്ടാളപ്പണിക്ക് തയ്യാറാവാതിരുന്ന അലിയുടെ ചാമ്പ്യന്‍ പട്ടങ്ങളെല്ലാം അമേരിക്ക തിരിച്ചെടുത്തു.
ഇംഗ്ലണ്ടിലെ ഇസ്ലാമിക സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ച വില്യംഹന്‍ട്രി ക്വില്ല്യം എന്ന അബ്ദുല്ല ക്വില്ല്യം ഇസ്ലാമിലേക്ക് ആകൃഷ്ടനായത് ആ മതത്തിന്‍റെ മദ്യത്തിനെതിരേയുള്ള കണിശമായ നിലപാടാണ്. ബാങ്കിന്‍റെ മനോഹരമായ ഈരടികള്‍ കേട്ട് ദൈവത്തിന്‍റെ സംഗീതമോ എന്നാശ്ചര്യം കൂറിയാണ് ബ്രിട്ടനിലെ പ്രശസ്ത പോപ് ഗായകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കാറ്റ് സ്റ്റീവന്‍സ് എന്ന യൂസുഫ് ഇസ്ലാം സ്വീകരിക്കാന്‍ വഴിയൊരുങ്ങിയത്. ജൂത മതസ്ഥനായിരുന്ന ലിയോപോള്‍ഡ് വെയ്സ് എന്ന വ്യക്തി ‘ഫ്രാങ്ക് ഫര്‍ട്ട് സീറ്റന്‍ക്’ എന്ന പത്രത്തിന്‍റെ വിദേശകാര്യലേഖകനായി നിയോഗിക്കപ്പെട്ടപ്പോള്‍ ഇസ്ലാമുമായും മുസ്ലിങ്ങളുമായും ഉണ്ടായ ബന്ധമാണ് മുഹമ്മദ് അസദിലേക്ക് അദ്ദേഹത്തെ പരിവര്‍ത്തിപ്പിച്ചത്. ഗ്രന്ഥകാരനും പാകിസ്ഥാന്‍റെ മുന്‍ യു.എന്‍ അംബാസഡറുമാണ് മുഹമ്മദ് അസദ്. ‘റോഡ് ടു മക്ക’ എന്ന ഗ്രന്ഥം മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ഇസ്ലാമിനെക്കുറിച്ച് അദ്ദേഹം എഴുതി: “ഒരു തികവുറ്റ ശില്‍പമായിട്ടാണ് ഇസ്ലാം എനിക്ക് അനുഭവപ്പെട്ടത്. അതിന്‍റെ ഓരോ ഭാഗങ്ങളും പരസ്പരം പൂരകമായതും ഇണങ്ങിനില്‍ക്കുന്നതുമായി തോന്നി. ഏതിന്‍റെയെങ്കിലും കുറവുള്ളതായോ അല്ലെങ്കില്‍ എന്തെങ്കിലും മുഴച്ചുനില്‍ക്കുന്നതായോ കാണുന്നില്ല. സന്തുലിതവും ശക്തവുമായ ഒരു ഘടനയാണ് അതിനുള്ളത്.”
സോവിയിറ്റ് യൂണിയനെതിരേ തുടര്‍ച്ചയായി വിമര്‍ശനങ്ങളുന്നയിച്ചതിനെ തുടര്‍ന്ന് കമ്മ്യൂണിസത്തില്‍നിന്ന് പുറത്താക്കപ്പെട്ട് പില്‍ക്കാലത്ത് ഇസ്ലാം സ്വീകരിച്ച ഫ്രഞ്ച് തത്വചിന്തകനും എഴുത്തുകാരനുമായ രാജാ ഗരോഡി, മുസ്ലിം ലിറ്റററി സൊസൈറ്റി സംഘടിപ്പിച്ച ഇസ്ലാമും പുരോഗതിയും എന്ന വിഷയത്തിലെ പ്രഭാഷണത്തിനൊടുവില്‍ വളരെ നാടകീയമായ രീതിയില്‍ ഇസ്ലാം സ്വീകരിച്ച് ഖുര്‍ആനിനു കാവ്യാത്മകമായ ഇംഗ്ലീഷ് വിവര്‍ത്തനം നല്‍കി പ്രസിദ്ധമായ മര്‍മഡ്യൂക് പിക്കാള്‍ എന്ന മുഹമ്മദ് മര്‍മഡ്യൂക് പിക്താള്‍ എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്ത പ്രഗത്ഭരില്‍ ചിലരെ മാത്രം ഇവിടെ ചൂണ്ടിക്കാട്ടിയെന്നു മാത്രം.
2070 ആകുമ്പോഴേക്ക് ലോകത്തെ ഏറ്റവും അംഗബലമുള്ള മതമായി ഇസ്ലാം മാറുമെന്നാണ് ഈ രംഗത്ത് നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിന് അടിവരയിട്ടുകൊണ്ടാണ് വാഷിങ്ടണിലെ പ്യൂ റിസര്‍ച്ച് സെന്‍ററിന്‍റെ പുതിയ പഠനഫലങ്ങള്‍ പുറത്തുവന്നത്. ക്രിസ്ത്യാനിയെക്കാള്‍ ഇസ്ലാമിനും മാര്‍ക്സിനെക്കാള്‍ ഗാന്ധിജിക്കും മതേതരത്വത്തെക്കാള്‍ മതത്തിനും പ്രസക്തിയുള്ള നൂറ്റാണ്ടാണ് 21ാം നൂറ്റാണ്ടെന്ന് പ്രസ്താവിച്ചത് സിവിക് ചന്ദ്രനാണ്. ശാസ്ത്രീയ യുഗത്തില്‍ ഐഡിയേഷന്‍, സെന്‍സേഷന്‍ എന്നീ സ്വഭാവമുള്ള നാഗരികതക്ക് പിടിച്ചുനില്‍ക്കാനാവില്ല. അവിടെ ശാശ്വതത്വം അവകാശപ്പെടാന്‍ മതവും യുക്തിയും ഒരുമിക്കുന്ന ഐഡിയലിസ്റ്റ് ആയ ഒരു മതത്തിനേ കഴിയൂ എന്ന് സാമൂഹ്യശാസ്ത്രജ്ഞനായ സൊറോക്കിന്‍ സമര്‍ത്ഥിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*