ഇസ്ലാം അജയ്യമീ ആശയധാര

കെ. ഉനൈസ് വളാഞ്ചേരി

ഇസ്ലാം ഇതര മതങ്ങളില്‍ നിന്നും ഇസങ്ങളില്‍ നിന്നും എന്നും അജയ്യമായി നില്‍ക്കുന്ന മതമാണ് വിശുദ്ധ ഇസ്ലാം. സ്രഷ്ടാവായ അല്ലാഹു നിയുക്തരാക്കിയ പ്രവാചകന്മാരിലൂടെ കടന്ന്വന്ന ഇസ്ലാമിന്‍റെ ദീപശിഖ എത്തി നില്‍ക്കുന്നത് മുഹമ്മദ് പ്രവാചകന്‍ (സ)യുടെ കരങ്ങളിലാണ്. കൃത്യമായ ആശയ സമ്പുഷ്ടതകൊണ്ടും വ്യക്തമായ നിയമ സംഹിതകള്‍ കൊണ്ടും എന്നും ഇസ്ലാം മഹോന്നതമായി തന്നെ നിലനില്‍ക്കുന്നു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നിലകളിലെല്ലാം നിസ്തുല്യമായ ആശയം കൊണ്ട് സമ്പുഷ്ടമാണ് ഇസ്ലാമിന്‍റെ ആശയ ധാര. മാത്രമല്ല എന്ത് കൊണ്ട് ഇസ്ലാം അജയ്യമാകുന്നു എന്ന് നാം അന്വേഷിക്കണം. അപ്പോള്‍ വിശുദ്ധ മതത്തിന്‍റെ അദ്വിതീയതയും അജയ്യതയും നമുക്ക് മനസ്സിലാക്കാനാകും.

ഇസ്ലാമും ആവിര്‍ഭാവവും

ഇസ്ലാം എന്ന അറബി സംജ്ഞക്ക് കീഴൊതുങ്ങുക, സമാധാനം കൈവരുത്തുക എന്നെല്ലാമാണ് അര്‍ത്ഥം. ഈ പേരിന് അനവധി പ്രത്യേകതകളുണ്ട്. കാരണം, ഇതര മതങ്ങളുടെ നാമങ്ങള്‍ പരിശോധിച്ചാല്‍ ചില വ്യക്തികളിലേക്കോ മറ്റുചില ഗോത്രങ്ങളിലേക്കോ സമുദായങ്ങളിലേക്കോ ചേര്‍ത്ത് വിളിക്കപ്പെടുന്നതാണ്. കൃസ്തുമതം എന്ന പേരിന്‍റെ ആവിര്‍ഭാവം യേശുകൃസ്തുവിന്‍റെ നാമത്തിലേക്ക് ചേര്‍ത്തു കൊണ്ടാണ് വിളിക്കപ്പെടുന്നത്. ജൂതമതം ജൂത വര്‍ഗത്തില്‍ നിന്നാണെങ്കില്‍ ഹീന്ദു മതത്തിന്‍റെ കടന്ന് വരവ് ഹിന്ദുക്കള്‍ എന്ന് സമുധായത്തിന്‍റെ പേരില്‍നിന്നാണ്. എന്നാല്‍ ഇത്തരം മതങ്ങള്‍ക്ക് വിരുദ്ധമായി വിശുദ്ധ മതത്തിന്‍റെ നാമകരണം സ്രഷ്ടാവായ അല്ലാഹുവാണ് നല്‍കിയിട്ടുളളത്. സൂറത്ത് മാഇദയില്‍ കാണാം, ഇസ്ലാം മതത്തെ നാം നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.(മാഇദ:3)

ലോകത്ത് മനുഷ്യ സ്പര്‍ശമേറ്റത് മുതല്‍ അഥവാ അദ്യ പിതാവ് ആദം പ്രവാചകന്‍ മുതല്‍ തന്നെയാണ് ഇസ്ലാമിന്‍റെ ആവിര്‍ഭാവം. അന്ന് മുതല്‍ തന്നെ ഇസ്ലാം എന്ന നാമവും ഈ വിശുദ്ധ ദീനീനുണ്ട്. ആദം നബിക്ക് ശേഷം നൂഹ്, ഇബ്റാഹീം, മൂസാ, ഈസാ (അ) തുടങ്ങി ഒരുലക്ഷത്തി ഇരുപത്തിനാലായിരം അമ്പിയാക്കډാരിലൂടെ കടന്ന് വന്ന ഇസ്ലാം ഓരോ പ്രവാചകډാര്‍ക്കും കാലികമായ ശരീഅത്തുകളും ഗ്രന്ഥങ്ങളും അല്ലാഹൂ അവര്‍ക്ക് നല്‍കി.

ദാവൂദ് നബി (അ)ന് സബൂറും മൂസാ നബി (അ)ന് തൗറാത്തും ഈസാ പ്രവാചന്‍(അ)ന് ഇഞ്ചീലും അല്ലാഹു നല്‍കി. പൂര്‍വ്വ പ്രവാചകന്മാരുടെ പിന്തുടര്‍ച്ചയായി മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനായി കടന്ന് വരികയും വിശുദ്ധ ഖുര്‍ആന്‍ നല്‍കുകയും ചെയ്തു. പ്രസ്തുത ഖുര്‍ആനും അതിന്‍റെ വിശദീകരണമായ തിരുദൂതര്‍ (സ) യുടെ മൊഴിമുത്തുകളായ തിരു ഹദീസുകളുമാണ് മുഖ്യമായി ഇസ്ലാമിന്‍റെ ശരീഅത്തായി ഗണിക്കുന്നത്. അതോടൊപ്പം ആറ് വിശ്വാസ കാര്യങ്ങളും പഞ്ചസതംബങ്ങളും ഇസ്ലാമിക അനുയായികള്‍ക്ക് ഒഴിച്ചുകൂടാനാവത്തതാണ്.

ഇസ്ലാമിക ആശയധാര

ഇസ്ലാമിന്‍റെ ആശയ ധാരകള്‍ എന്നും നിസ്തുല്യമായി ലോകത്ത് വിലനില്‍ക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുത്ത് നബി(സ) തങ്ങള്‍ കാണിച്ചു തന്ന കൃത്യവും സ്പഷ്ടവുമായ ഇസ്ലാമിന്‍റെ ആശയധാരക്ക് കാലങ്ങളായി സ്വഹാബികളും താബിഉകളും അവരുടെ പിന്‍തലമുറയും കാവല്‍ നിന്ന ഈ വിശുദ്ധ ഇസ്ലാം അധുനാതന കാലത്തും വളരെ പ്രാധാന്യത്തോടെയും പ്രാമുഖ്യത്തോടെയും നിലനല്‍ക്കുന്നു.
സാമൂഹികമായി മുസ്ലിം എങ്ങിനെ നിലകൊളളണമെന്നത് ഈ മതം നിര്‍വ്വചിക്കുന്നുണ്ട്. ഇസ്ലാമിന്‍റെ സാമൂഹുക ആശയവശങ്ങള്‍ പരിശോധിച്ചു നോക്കിയാല്‍ എങ്ങിനെയാണ് ഇസ്ലാം സമൂഹത്തോട് ഇടപെടാനും ഇടപഴകാനും അനുശാസിക്കുന്നതെന്ന് ബോധ്യമാകും. പ്രധാനമായും ഒരു വ്യക്തി സമൂഹത്തോട് അടുക്കുന്നതിന്‍റെ പ്രഥമായിട്ടുളളത് അവന്‍റെ കുടുംബമാണ്.

എങ്ങിനെ കുടുംബത്തോട് ഇടപഴകണമെന്നും ഒരു കുടുംബ നാഥന്‍ എങ്ങിനെയായിരിക്കണമെന്നും ഇസ്ലാം പ്രത്യേകം നിര്‍വ്വചിക്കുന്നുണ്ട്. കൗടുംബികമായ അനുഷ്ടാന കര്‍മങ്ങള്‍ക്ക് പുറമെ സമൂഹത്തോട് ഇടപഴകുന്ന രീതികളും രീതി ശാസ്ത്രവും ഇസ്ലാം പഠിപ്പിക്കുന്നതിന്‍റെ വ്യക്തമായ നിദര്‍ശനം ഖുര്‍ആനിലും ഹദീസിലും സുവ്യക്തമാണ്.

രാഷ്ട്രീയമായും സാസ്കാരികമായും ഇസ്ലാമിന്‍റെ ആശയധാരയെ വിചിന്തനം ചെയ്താല്‍ അതിന്‍റെ അജയ്യതയും അദ്വിതീയതയും വ്യക്തമാകും. ഒരുത്തമ ഭരണാധികാരി എങ്ങിനെ യാവണമെന്നത് കൃത്യമായി വരച്ച് കാട്ടിത്തരുന്ന ഇസ്ലാം ഭരണീയരുടെ കടമകളും നിര്‍വ്വഹണങ്ങളും വ്യക്തമാക്കുന്നുണ്ട്. സാമ്പത്തികമായി ഇസ്ലാമിന്‍റെ ആശയധാര അനിര്‍വ്വചനീയമാണ്. സക്കാത്ത് സമ്പ്രദായം ഇതരമതങ്ങളില്‍ നിന്നും ഇസങ്ങളില്‍ നിന്നും വളരെ വ്യതിരക്തമാണ്. പാവപ്പെട്ടവരുടെ അവകാശമായി സക്കാത്ത് മുതലുകളെ ഇസ്ലാം നിര്‍വ്വചിച്ചപ്പോള്‍ സ്വദഖ ഇസ്ലാം അത്യതികം പ്രോത്സാഹിക്കുന്നുണ്ട്.

എന്ത് കൊണ്ട് ഇസ്ലാം അജയ്യമാകുന്നു

ഇസ്ലാമിന്‍റെ ആശയധാരയെ അജയ്യമെന്ന് പ്രഖ്യാപിക്കുമ്പോഴും എന്ത് കൊണ്ടാണ് ഇസ്ലാമിനെ അജയ്യമെന്ന് വിശേഷിപ്പിക്കുന്നത് എന്ന ചോദ്യം പ്രസ്ഥാവ്യമാണ്. ഇസ്ലാമിതര മതങ്ങളുടെ ആശയങ്ങളെ ഇസ്ലാമുമായി വിശകലനം ചെയ്യുമ്പോള്‍ ഇസ്ലാമിന്‍റെ അജയ്യത സുഗ്രാഹ്യമാകും. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍റെ ജീവിതത്തിന് ചില ലക്ഷ്യങ്ങളുണ്ട്. അതോടൊപ്പം ഒരു വ്യക്തി എവിടെ നിന്ന് വരുന്നു ? എവിടേക്ക് പോകുന്നു ? എന്തിനിവിടെ ജീവുക്കുന്നു? എന്നി ചോദ്യങ്ങ്ള്‍ വളരെ പ്രസക്തമാണ്. ഇസ്ലാമിക വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ചോദ്യ ശരങ്ങള്‍ക്ക് കൃത്യമായ മറുപടിയുണ്ട്. ഇസ്ലാം അത് വ്യക്തമായി പഠിപ്പിക്കുന്നുണ്ട് എന്നതാണിതിനു കാരണം.

ലോകത്ത് സര്‍വ്വ മതങ്ങള്‍ക്കും ദൈവം അല്ലെങ്കില്‍ സ്രഷ്ടാവ് എന്ന സങ്കല്‍പ്പമുണ്ട്. എന്നാല്‍ ദൈവത്തിന്‍റെ സത്തയില്‍ പല മതങ്ങളും വ്യതിരക്തമാണ്. ക്രിസ്തുമതം ത്രിയേകത്വ(പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്)ത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ ഹീന്ദുമതം ത്രയ(ബ്രഹ്മാവ്, വിഷ്ണു, ശിവന്‍) വിശ്വാസികളാണ്. എന്നാല്‍ വിശുദ്ധ ഇസ്ലാം ഏക ദൈവ വിശ്വാസമാണ് കല്‍പ്പിക്കുന്നത്. സ്രഷ്ടാവായ അല്ലാഹുവാണ് സര്‍വ്വതിനെയും സൃഷ്ടിക്കുന്നവന്‍. അത് കൊണ്ട് തന്നെ ഒരു മുസ്ലിം ഏകനായ അല്ലാഹുവില്‍ നിന്നാണ് വരുന്നത്.

എന്തിനിവിടെ ജീവിക്കുന്നു എന്ന ചോദ്യത്തിന് ഇസ്‌ലാമിക വിശ്വാസികള്‍ക്ക് മറുപടി അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി എന്നാണെങ്കില്‍ ഇതര മതസ്ത്യര്‍ക്ക് ബഹു ദൈവ ആരാധനയാണ്. മതമില്ലാത്തവര്‍ സ്വന്തമായ ആവശ്യ പൂര്‍ത്തീകരണത്തിനും സ്വന്തം വികാര വിചാരങ്ങള്‍ക്കടിമപ്പെട്ടാണ് ജീവിക്കുന്നത്. ഇവിടെയാണ് എവിടേക്ക് പോകുന്നു എന്ന ചോദ്യം പ്രസക്തമാകുന്നത്. മതേതര വാദികള്‍ ഇല്ലായ്മയിലേക്ക് പോകുമ്പോള്‍ ഹൈന്ദവര്‍ പുനര്‍ജډ വിശ്വാസികളാണ്. ജീവിതത്തില്‍ സുകൃതം ചെയ്താല്‍ മനുഷ്യനായും അല്ലെങ്കില്‍ മൃഗമായും പുനര്‍ജനിക്കുന്നു എന്ന വിശ്വാസമാണവര്‍ക്ക്. വിശുദ്ധ ഇസ്ലാമിന്‍റെ അനുയായികള്‍ അല്ലാഹുവിലേക്കും അതിലൂടെ സ്വര്‍ഗത്തിലേക്കുമാണ് ചെന്നെത്തുക.
ഇസ്ലാമിന്‍റെ ആശയങ്ങള്‍ എന്നത് വിശുദ്ധ ഖുര്‍ആനും തിരു ഹദീസുമാണ്.

ഈ ആശയധാര കാലങ്ങളായി നിലനില്‍ക്കുകയും അന്ത്യ ദിനം വരെ തുടര്‍ച്ച ഉണ്ടാകുകയും ചെയ്യും. എന്നാല്‍ ഈ സ്ഥിരത നിലനിര്‍ത്ഥി ക്കൊണ്ട് തന്നെ വിശുദ്ധ ഇസ്ലാമില്‍ കാലോചിതമായ അനവധി മാറ്റങ്ങള്‍ ഉണ്ടായതായി കാണാം. അത്തരം മാറ്റങ്ങളാണ് ഇസ്ലാമിനെ അജയ്യമാക്കുന്നത്. വിശുദ്ധ ഹജ്ജ് കര്‍മ്മം ഇസ്ലാമില്‍ വളരെ പവത്രമായ ആരാധനയാണ്.

എന്നാല്‍ തിരു ഹദീസുകളില്‍ മുത്ത് നബി(സ) കാല്‍നടയായും ഒട്ടകപ്പുറത്തും ഹജ്ജിന് പോയി എന്ന് കാണാം. പക്ഷെ ഇന്ന് നാം അതിവേഗത സഞ്ചാര മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു, അത് ഇസ്ലാമിനന്യമല്ല. അത് പോലെ അഹ്ലുസ്സുഫ്ഫ എന്ന മുത്ത് റസൂലിന്‍റെ വൈജ്ഞാനിക സമുച്ചയം ഇന്ന് മോഡേണ്‍ ദര്‍സുകളും അറബിക്ക് കോളേജുകളുമായി ഉയര്‍ന്നിരിക്കുകയാണ്. ഇതിലൊക്കെ ഇസ്ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളുടെ നില നല്‍പോടെ അനിവാര്യമായ മാറ്റങ്ങളാണ് ഇസ്ലാമിനെ അജയ്യമാക്കുന്നത്.

ആത്മീയത ഇസ്ലാമിനനിവാര്യമാണെങ്കിലും ഭൗതികതയെ ഒരിക്കലും അന്യം നിര്‍ത്തുന്നില്ല. ഇസ്ലാമിന്‍റെ വലിയൊരു സവിശേഷതയുമാണിത്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഭൗതിക കാര്യങ്ങളില്‍ ഇടപഴകല്‍ അനിവാര്യമാണ്. സര്‍വ്വകാര്യങ്ങളിലും സ്പഷ്ടവീക്ഷണമുളള ഇസ്ലാം ഏതു ഭൗതിക വിഷയങ്ങളെയും കൃത്യമായി വരച്ച് കാണിച്ച് തന്നിട്ടുണ്ട്.

അത്തരം സാഹചര്യത്തില്‍ ഭൗതിക കാര്യങ്ങളില്‍ ഇസ്ലാം എന്ത് പറയുന്നു എന്ന് അന്യേഷിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന്, ഒരു മനുഷ്യന് ഭക്ഷണം കഴിക്കല്‍ അത്യന്താപേക്ഷിതമാണ്. അവിടെ ഇസ്ലാം എന്ത് കഴിക്കണം, എങ്ങിനെ കഴിക്കണം, എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ രീതിയില്‍ ഭക്ഷിക്കുമ്പോള്‍ നമ്മുടെ ഭൗതിക പ്രവര്‍ത്തനങ്ങള്‍ ആത്മീയതയില്‍ പരിലസിപ്പിക്കാന്‍ നമുക്ക് കഴിയും.

ചുരുക്കത്തില്‍, ഇസ്ലാം അജയ്യമാണ് അതിന്‍റെ ആശയതലങ്ങള്‍ അദ്വിതീയമാണ്. ഈ അദ്വിതീയതയും അജയ്യതയും എന്നെന്നും നിലനിര്‍ത്തല്‍ അനിവാര്യവുമാണ്. അതിന് വിശ്വാസികള്‍ തയ്യാറാകുകയും ഇസ്ലാമിന്‍റെ തനതായ മാര്‍ഗത്തില്‍ മുന്നോട്ട് പോവുകയും ചെയ്യണം. എന്നാല്‍ മാത്രമെ ഇസ്ലാമിനൊപ്പം മുസ്ലിമും അജയ്യനാവുകയുളളൂ.

 

Be the first to comment

Leave a Reply

Your email address will not be published.


*