ആദര്‍ശം വിശുദ്ധിയുടെ ഇന്നലെകള്‍

ഹംസ റഹ്മാനി കൊണ്ടിപറമ്പ്

ഇസ്ലാമിക ആദര്‍ശം സംശുദ്ധവും അന്യൂനവുമാണ്. മനുഷ്യോല്‍പത്തിയോളം പഴക്കം ഈ ആദര്‍ശത്തിനുണ്ട്. പ്രപഞ്ചത്തിലെ അനന്തകോടി ജീവിവര്‍ഗങ്ങളിലെ മറ്റേതൊരു വര്‍ഗത്തെയുംപോലെ സ്വതന്ത്ര അസ്തിത്വത്തോടെയാണ് മാനവ വര്‍ഗത്തിന്‍റെയും തുടക്കം. പരിണാമമെന്ന ശാസ്ത്രതത്ത്വത്തെ മതം അംഗീകരിക്കുന്നില്ല.
ആദിമ മനുഷ്യനെ ‘ആദം’ എന്ന പേരിലാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. ഭൂമിയിലെ ആദ്യ മനുഷ്യന്‍ ആദം(അ) ആണ്. രണ്ടാമത് പത്നി ഹവ്വയും. ഇവരില്‍ നിന്നാണ് മനുഷ്യകുടുംബം പരന്നുണ്ടായത്. ആദം(അ) പ്രവാചകനായിരുന്നു. ജീവിവര്‍ഗങ്ങളില്‍ സവിശേഷിതനായ മനുഷ്യനെ, ഭൗതിക ജീവിതത്തില്‍ അംഗീകരിക്കേണ്ട ആദര്‍ശങ്ങളും അനുവര്‍ത്തിക്കേണ്ട അനുഷ്ഠാന-ആചാരങ്ങളും ജീവിതത്തിന്‍റെ വ്യവസ്ഥാപിതമായ ചട്ടക്കൂടും എങ്ങനെയായിരിക്കണമെന്ന തന്‍റെ നിര്‍ദ്ദേശങ്ങള്‍ പഠിപ്പിക്കാനും പരിചയപ്പെടുത്താനും സ്രഷ്ടാവ് തെരഞ്ഞെടുക്കുന്ന പ്രത്യേക വിഭാഗമാണ് പ്രവാചകന്മാര്‍. സൂര്യനും ചന്ദ്രനുമടങ്ങുന്ന അനന്തകോടി അണ്ഠകടാഹങ്ങളെയും കടലും മലയും മരുഭൂമിയുമടങ്ങുന്ന ഭൗമ വസ്തുക്കളെയും കാറ്റും മഴയും വെയിലും തിരമാലയും അടങ്ങുന്ന പ്രതിഭാസങ്ങളെയും മികവോടെ സൃഷ്ടിച്ച് പരിപാലിച്ച് നിയന്ത്രിക്കുന്ന പ്രപഞ്ചനാഥന്‍, ധൈഷണിക മികവ് കൊണ്ട് വേറിട്ടുനില്‍ക്കുന്ന മനുഷ്യന് മാര്‍ഗഭ്രംശം വന്നുപോകുന്നതില്‍ ന്യായം പറയാതിരിക്കാനാണ് പ്രവാചക നിയോഗമെന്ന സംവിധാനം സ്വീകരിച്ചിട്ടുള്ളത്. ഒന്നാമത്തെ മനുഷ്യനെ തന്നെ പ്രവാചകനാക്കിയതിലൂടെ എല്ലാവരിലേക്കും ഈ തത്വം എത്തിക്കുകയെന്ന യുക്തിയാണ് സ്രഷ്ടാവ് നടപ്പിലാക്കിയത്.

ഏകദൈവ വിശ്വാസമെന്ന പ്രകൃതിമതത്തിനും പരമസത്യത്തിനും വിഘ്നമേല്‍ക്കാന്‍ തുടങ്ങുന്നത് ഹസ്റത്ത് നൂഹ് നബിയുടെ തൊട്ടുമുമ്പുള്ള കാലത്താണ്. വിഗ്രഹാരാധന ലോകത്ത് ആരംഭിച്ചത് ആ കാലഘട്ടത്തിലാണെന്നും ബഹുദൈവ വിശ്വാസികളിലേക്ക് നിയുക്തനായ ആദ്യ പ്രവാചകന്‍ അതുകൊണ്ടുതന്നെ, നൂഹ് നബി(അ) ആയിരുന്നുവെന്നും സൂറത്തു നൂഹിന്‍റെ വ്യാഖ്യാനത്തില്‍ മിക്ക പണ്ഡിതന്മാരും വിവരിക്കുന്നുണ്ട്. അദ്ദേഹത്തിനു ശേഷമുള്ള പ്രവാചകന്മാര്‍ക്കെല്ലാം ബഹുദൈവ വിശ്വാസികളെയും വിഗ്രഹാരാധകരെയും നേരിടേണ്ടിയും വന്നിട്ടുണ്ട്. എല്ലാ പ്രവാചകന്മാരും അടിസ്ഥാനപരമായി ഒരേ ആശയത്തിന്‍റെ പ്രചാരകരായിരുന്നു. പ്രവാചകരായ നൂഹ്, ഇബ്റാഹീം, മൂസ, ഈസ(അ) തുടങ്ങിയവരോടുള്ള നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്കും നിയമമാക്കിയിരിക്കുന്നതെന്ന് വിശുദ്ധഖുര്‍ആന്‍ (42:13)ലൂടെ ഉദ്ബോധിപ്പിക്കുന്നത് ഇതിന്‍റെ തെളിവാണ്. മുഹമ്മദ് നബി(സ)യെ അന്ത്യപ്രവാചകനായി പരിചയപ്പെടുത്തുന്ന വിശുദ്ധ ഖുര്‍ആനിലൂടെ (33:40) ആ പ്രവാചകന്‍റെ ആദര്‍ശത്തിന്‍റെ ആധികാരികതയും പൗരാണികതയും ഒരേസമയം സ്രഷ്ടാവ് ബോധ്യപ്പെടുത്തുകയാണ് പ്രസ്തുത വചനത്തിലൂടെ ചെയ്യുന്നത്.
പ്രപഞ്ചനാഥന്‍റെ നിയമശാസനകളുടെ സമാഹാരമായ ഇസ്ലാം മതത്തിന്‍റെ അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി(സ). ലോകാന്ത്യം വരെ ജീവിക്കുന്നവര്‍ അംഗീകരിക്കേണ്ട നിയമങ്ങളായതുകൊണ്ടുതന്നെ വൈകല്യങ്ങള്‍ വരാതെയും നഷ്ടപ്പെടാതെയും നിലനില്‍ക്കാവുന്ന സുരക്ഷിതത്വം സ്രഷ്ടാവ് തന്നെ ഇതിന് നല്‍കിയിട്ടുണ്ട്. ദൈവിക ഗ്രന്ഥമായ ഖുര്‍ആനിന്‍റെയും പ്രവാചക ജീവിതത്തിന്‍റെ സമ്പൂര്‍ണ ക്രോഡീകരണമായ ഹദീസുകളുടെയും വിസ്മയാവഹമായ സാന്നിധ്യം ഇതിന് തെളിവാണ്. മുഹമ്മദ് നബി(സ)യുടെ ജീവിതം രേഖപ്പെടുത്തിയതുപോലുള്ള സമഗ്രത ലോകത്തെ മറ്റൊരു നേതാവിനുമില്ലെന്നത് കേവലം അവകാശവാദമല്ലല്ലോ.
ഇസ്ലാമിക അധ്യാപനങ്ങളുടെ പ്രയോഗവത്കരണം പൂര്‍ണമായി പ്രാവര്‍ത്തികമാക്കുകയും വിശ്വാസ-അനുഷ്ഠാന-ആചാര-സാംസ്കാരിക തലങ്ങളിലെല്ലാം പ്രചരിപ്പിക്കപ്പെട്ട ആശയങ്ങളെ സമ്പൂര്‍ണമായി ആവാഹിച്ച പരലക്ഷങ്ങളെ ലോകത്തിന് സമര്‍പിക്കുകയും ചെയ്താണ് തിരുനബി(സ) ഭൗതികലോകത്തോട് വിട പറയുന്നത്. ‘എന്‍റെ അനുചരന്മാര്‍ഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഗമിച്ച പ്രഗത്ഭ പണ്ഡിതډാരുടെ സാന്നിധ്യത്തില്‍ പുനസംഘടിപ്പിക്കപ്പെടുകയും ചെയ്ത, ആദര്‍ശ സംരക്ഷണത്തിന്‍റെയും ആത്മവിശുദ്ധിയുടെയും സംഘവേദിയാണ് സമസ്ത. വരക്കല്‍ ബാ അലവി മുല്ലക്കോയ തങ്ങളായിരുന്നു പ്രസിഡണ്ട്.

അഗാധജ്ഞാനത്തിന്‍റെയും ആത്മിക ഔന്നത്യത്തിന്‍റെയും വ്യക്തിവിശുദ്ധിയുടെയും അനുപമ മാതൃകകളായ മഹാവ്യക്തിത്വങ്ങളാണ് തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും ഈ ആദര്‍ശ പണ്ഡിത പ്രസ്ഥാനത്തെ നയിച്ചത്. പുത്തനാശയങ്ങളുടെ കെണിയിലകപ്പെടാവുന്ന പ്രദേശങ്ങളിലോ വ്യക്തികളിലോ ഇവരുടെ സാമീപ്യമുണ്ടാവുമ്പോഴേക്ക് മാറ്റങ്ങള്‍ ഉറപ്പാക്കാനാവുന്ന സ്വാധീന ശക്തികളായിരുന്നു ഓരോരുത്തരും. പണത്തിനും പൊങ്ങച്ചത്തിനും ഭാഷാലങ്കാരങ്ങള്‍ക്കുമപ്പുറം വിശ്വാസത്തിന്‍റെ വെണ്‍മയും നിഷ്കളങ്കതയും ലാളിത്യവും പ്രഭ തീര്‍ത്ത അവരുടെ കാന്തിക വലയത്തിലാണ് മുസ്ലിം കേരളത്തിന്‍റെ മതപാരമ്പര്യം നിലനിര്‍ത്താനായത്.
ആശയപ്രചാരണത്തിനുവേണ്ടി പ്രതിയോഗികള്‍ സമ്മേളനങ്ങള്‍ നടത്തുന്ന രീതിയെ സമസ്തയും അതേ രൂപത്തില്‍ തന്നെ നേരിട്ടു. 1927 മുതല്‍ 1944 വരെയുള്ള കാലയളവില്‍ പതിനഞ്ച് സമ്മേളനങ്ങളാണ് ഇങ്ങനെ സംഘടിപ്പിക്കപ്പെട്ടത്. ആദര്‍ശരംഗത്തെ വിവിധ രീതിയിലുള്ള വ്യതിയാനങ്ങള്‍ക്കെതിരെയുള്ള ശക്തമായ ഇടപെടലായിരുന്നു ഓരോ സമ്മേളനവും. 1933ലെ ഫറോക്ക് സമ്മേളനം, 1945ലെ കാര്യവട്ടം സമ്മേളനം, 1947ലെ മീഞ്ചന്ത സമ്മേളനം, 1950-ലെ വടകര സമ്മേളനം, 1954ലെ താനൂര്‍ സമ്മേളനം മുതലായവയെല്ലാം സമസ്തയുടെ കഴിഞ്ഞകാല ചരിത്രത്തില്‍ ഏറെ നിര്‍ണായകവും ആദര്‍ശ കേരളത്തിന്‍റെ ഭദ്രതയുമായി ബന്ധപ്പെട്ട അനിഷേധ്യവും നിസ്തുലവുമായ ചുവടുവെപ്പുകള്‍ നടത്തിയവയുമാണ്.
കേരള മുസ്ലിം ഐക്യ സംഘത്തിലൂടെ 1922 ല്‍ ആരംഭിച്ച ഉല്‍പതിഷ്ണു പ്രവര്‍ത്തനങ്ങള്‍ കാലികമായ മാറ്റങ്ങളും കുതന്ത്രങ്ങളും കൗശല പ്രയോഗങ്ങളും യഥേഷ്ടം സ്വീകരിച്ചിട്ടും സൗദി അറേബ്യയടക്കമുള്ള സലഫീ ആശയ വാക്താക്കളായ ഭരണകൂടത്തിന്‍റെയും സമ്പന്ന അറബികളുടെയും നിര്‍ല്ലോഭ സഹായങ്ങള്‍ സ്വീകരിച്ച് പ്രലോഭനത്തിന്‍റെ നാനാ വഴികളിലൂടെ പരിശ്രമിച്ചിട്ടും നൂറു മഹല്ലും അഞ്ഞൂറു മദ്റസകളും സ്വന്തമായി അവകാശപ്പെടാന്‍ പോലുമില്ലാത്ത വിധം മുജാഹിദ് പ്രസ്ഥാനം വളര്‍ച്ച മുരടിച്ചതിന്‍റെ പിന്നിലെ ആദര്‍ശ ശക്തി സമസ്ത കോരള ജംഇയ്യത്തുല്‍ ഉലമയല്ലാതെ മറ്റൊന്നുമല്ല.

1943 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ അവസ്ഥയും മറിച്ചല്ല. പ്രസിദ്ധീകരണ രംഗത്തെ കച്ചവടക്കണ്ണും പുസ്തക വാണിഭ ശേഷിയും മാലോകരെ ബോധ്യപ്പെടുത്താനായതല്ലാതെ പ്രാസ്ഥാനിക രംഗത്ത് മുസ്ലിം കേരളത്തില്‍ സ്വാധീന ശക്തിയാകാന്‍ പ്രവര്‍ത്തന രംഗത്ത് ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും ജമാഅത്തിനായിട്ടില്ലല്ലോ? മതപരമായ ഒന്നിലും ഇവര്‍ക്ക് നിലപാടില്ലെന്ന് മാത്രമല്ല, ആകെയുള്ള രാഷ്ട്രീയ ഇസ്ലാമിനെ ഒരു നിലക്കും കൃത്യമായും സുസ്ഥിരതയോടെയും അവതരിപ്പിക്കാനുമാകുന്നില്ല. സമുദായത്തില്‍ സ്വാധീനമില്ലെന്നു മാത്രമല്ല, നാണക്കേടു വിട്ടൊഴിയുന്നുമില്ല.
ആദര്‍ശ വ്യതിയാനത്തിന്‍റെ വഞ്ചന നിറഞ്ഞ മുഖമൂടിയണിഞ്ഞ തബ്ലീഗ് ജമാഅത്തും കുഫ്രിയ്യത്തുമായി കടന്നുവന്ന ഖാദിയാനിസവും തൗഹീദില്‍ വിവിധ രീതിയില്‍ വെള്ളം ചേര്‍ത്ത് പലപേരുകള്‍ സ്വീകരിച്ച വ്യാജ ത്വരീഖത്തുകാരും കേവലം മഴപ്പാറ്റകള്‍ പോലെ വന്നു പോയതിനു പിന്നില്‍ നിഷ്കളങ്കതയുടെ നൂറുമേനി അവകാശപ്പെടാനാവുന്ന ആദര്‍ശ വിശുദ്ധിയുടെ ഈ നാലക്ഷരങ്ങള്‍ തന്നെയായിരുന്നു.
ആദര്‍ശഭൂമികയിലെ മണ്ണൊലിപ്പ് തടയാന്‍ മാത്രമുള്ള തടയണ ഈ വിധം കെട്ടിയതിനുശേഷം സമസ്തയുടെ ഊന്നല്‍ വിദ്യാഭ്യാസ രംഗത്തായിരുന്നു. പതിനാറാം സമ്മേളനത്തോടെ രൂപീകൃതമായ വിദ്യാഭ്യാസ ബോര്‍ഡിലൂടെ പ്രാഥമിക മതവിദ്യാഭ്യാസ രംഗത്ത് വിശ്വോത്തരമായി വേറിട്ടുനില്‍ക്കുന്ന മഹാനേട്ടമാണ് സമസ്ത സാധിച്ചെടുത്തത്. 9569 അംഗീകൃത മദ്റസകളും പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ഒരു ലക്ഷത്തിലധികം അധ്യാപകരും ജ്ഞാനമേഖലയില്‍ നിരതമാവുന്ന അനുപമ വിപ്ലവമാണ് ഇതിലൂടെ ഉണ്ടായത്. ബൗദ്ധിക വളര്‍ച്ചക്കനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍, പരീക്ഷകള്‍, പരിശോധനകള്‍ തുടങ്ങിയ അക്കാഡമിക് രംഗത്തെ വ്യവസ്ഥാപിത രീതികളെല്ലാം മദ്റസകളില്‍ സന്ദര്‍ഭോചിതം നടപ്പിലാക്കാന്‍ പ്രസ്ഥാനത്തിനു കഴിഞ്ഞു. 25,31,487 അഞ്ചാം ക്ലാസ് സര്‍ട്ടിഫിക്കറ്റുകളും 9,09,591 ഏഴാം ക്ലാസ് സര്‍ട്ടിഫിക്കറ്റുകളും 1,11,057 പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റുകളും 1834 പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളും 2015 വരെ വിതരണം ചെയ്യപ്പെട്ടു എന്നറിയുമ്പോഴാണ് മുസ്ലിം കേരളത്തിലെ ദശലക്ഷങ്ങള്‍ സമസ്തയോട് എത്ര കടപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യം വരിക.

1959 ല്‍ ആരംഭിച്ച 5ാം ക്ലാസ് പരീക്ഷ 56 വര്‍ഷവും 1967 ല്‍ ആരംഭിച്ച ഏഴാം ക്ലാസ് പരീക്ഷ 48 വര്‍ഷവും 1995 ല്‍ ആരംഭിച്ച പത്താം ക്ലാസ് പരീക്ഷ 20 വര്‍ഷവും 2008 ല്‍ ആരംഭിച്ച +2 പരീക്ഷ 8 വര്‍ഷവും പിന്നിട്ടപ്പോഴുള്ള കണക്കാണിത്.
കേരളത്തിനകത്തും പുറത്തുമായി 9569 മദ്റസകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇവയുടെ സുഗമമായ അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ക്കായി 417 റെയ്ഞ്ചുകളിലായി തിരിച്ചിരിക്കുന്നു. നിരന്തര പരിശോധനകള്‍ക്കായി 107 ഇന്‍സ്പെക്ടര്‍മാരും അദ്ധ്യാപന പരിശീലനത്തിനായി 7 ട്യൂട്ടര്‍മാരും ഖുര്‍ആന്‍ പാരായണത്തില്‍ അദ്ധ്യാപകരെ കൂടുതല്‍ പ്രാവീണ്യമുള്ളവരാക്കുന്നതിനായി 10 ഖാരിഉകളും പ്രത്യേക സന്ദേശ വാഹകരായി 5 മുബല്ലിഗുമാരും മുഴുവന്‍ സമയ ഉദ്യോഗസ്ഥരായി സേവനം ചെയ്തു കൊണ്ടിരിക്കുന്നു.
സമസ്ത ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം നിലനിറുത്തുന്നതിലും വരും തലമുറയിലേക്ക് അതു കൈമാറുന്നതിലും പ്രബുദ്ധ മുസ്ലിം കേരളം പ്രകടിപ്പിച്ച കണിശതയുടെ നേര്‍ചിത്രം മദ്റസകള്‍ അംഗീകരിക്കാന്‍ തുടങ്ങിയതു മുതല്‍ ഓരോ വര്‍ഷവുമുണ്ടായ വളര്‍ച്ചയുടെ വിലയിരുത്തലില്‍ നിന്നു തന്നെ സുതരാം വ്യക്തമാകും.
അംഗീകരിക്കാന്‍ തുടങ്ങിയ 1956ല്‍ ഇത് 149 ആണെങ്കില്‍ 1961 ല്‍ 746 ഉം 1966 ല്‍ 1838 ഉം 1970 ല്‍ 2696 ഉം 1976 ല്‍ 3586 ഉം 1986 ല്‍ 5648 ഉം 1990 ല്‍ 6440 ഉം 1996 ല്‍ 7003 ഉം 2001 ല്‍ 7865 ഉം 2008 ല്‍ 8713 ഉം 2009 ല്‍ 8781 ഉം 2011 ല്‍ 9022 മായി 2015 ല്‍ 9569 ലെത്തി നില്ക്കുകയാണ്.

ഇതിനുപുറമെ പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം, ചെമ്മാട് ദാറുല്‍ ഹുദാ, മര്‍ക്കസ് വളാഞ്ചേരി, റഹ്മാനിയ്യ കടമേരി തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിസ്തൃതമായ രീതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഉന്നത മതപഠന സംരംഭങ്ങളും എം.ഇ.എ. എഞ്ചീനീയറിംഗ് കോളേജടക്കമുള്ള ഭൗതിക പഠനസംവിധാനങ്ങളും ഒരു ദിനപത്രവും ആറു പാക്ഷികങ്ങളുമടങ്ങുന്ന മാധ്യമ സംരഭവും ആദര്‍ശ കേരളത്തിന്‍റെസംശുദ്ധത കാത്തുസൂക്ഷിക്കുന്ന സമസ്തയുടെ വിളക്കുമാടങ്ങളാണ്.
1954-ല്‍ രൂപീകൃതമായ എസ്.വൈ.എസും, 1959-ല്‍ രൂപീകൃതമായ ജംഇയ്യത്തുല്‍ മുഅല്ലിമീനും, 1976-ല്‍ രൂപീകൃതമായ എസ്.എം.എഫും, 1989-ല്‍ സംഘടിപ്പിക്കപ്പെട്ട എസ്.കെ.എസ്.എസ്.എഫും, 1993-ല്‍ രൂപീകൃതമായ എസ്.ബി.വി.യും തുടങ്ങി ജംഇയ്യത്തുല്‍ മുദര്‍രിസീന്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍, എംപ്ലോയീസ് അസോസിയേഷന്‍ എന്നിവയിലൂടെ ആദര്‍ശപ്രചരണത്തിന്‍റെ കറകളഞ്ഞ ചാനലുകള്‍, തൊണ്ണൂറിലെത്തിയ സമസ്തയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിറഞ്ഞുനില്‍ക്കുകയാണ്.
ആദര്‍ശ പ്രചാരണവും സമൂഹത്തിന്‍റെ കാലികാവബോധവും നിലനിറുത്തുന്നതിനായി പൊതുജനങ്ങളെ സംഘടിപ്പിക്കാന്‍ ആറു പതിറ്റാണ്ടു മുമ്പ് രൂപീകൃതമായ സുന്നീ യുവജന സംഘം കാലിക വിഷയങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തി നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും നടത്തിപ്പു ചുമതലകള്‍ ഏറ്റെടുത്തും കാമ്പയിനുകള്‍ സംഘടിപ്പിച്ചും ചടുലവും ശ്രദ്ധേയവുമായ ഇടപെടലുകള്‍ക്കു വേണ്ടി ബോധവല്‍കരണ ജാഥകള്‍ സംഘടിപ്പിച്ചും പ്രസിദ്ധീകരണ രംഗത്ത് ശ്രദ്ധ ചെലുത്തിയും എസ്. വൈ. എസ് അതിന്‍റെ പ്രവര്‍ത്തനം പ്രതി വര്‍ഷം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓരോ മദ്റസ പരിധിയും പ്രവര്‍ത്തന പരിധിയായി കണക്കാക്കി യൂണിറ്റുകള്‍ സ്ഥാപിച്ചാണ് ഇതു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. മൂന്നു ലക്ഷം അംഗത്വ കാര്‍ഡുകള്‍ വിതരണം ചെയ്തു പ്രാസ്ഥാനിക രംഗത്തു ശക്തമായ കുതിച്ചു ചാട്ടം നടത്താനുള്ള പദ്ധതികളാണ് സംഘടന ഇപ്പോള്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.

1959 ല്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത ഉയര്‍ത്തിപ്പിടിക്കുന്ന ഉദാത്ത അദ്ധ്യാപനങ്ങള്‍ സമുദായത്തില്‍ നില നിറുത്തുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച പ്രാസ്ഥാനിക പ്ലാറ്റ്ഫോമാണ്. മുഅല്ലിം സര്‍വ്വീസ് രജിസ്റ്റര്‍ എടുത്ത 88900 അദ്ധ്യാപകര്‍ ഇതിലെ ഔദ്യോഗിക ജനറല്‍ബോഡി അംഗങ്ങളാണ്. പതിനൊന്ന് ലക്ഷത്തിലധികം വരുന്ന മദ്റസ വിദ്യാര്‍ത്ഥികള്‍ക്ക് സുന്നത്തു ജമാഅത്തിന്‍റെ ആശയങ്ങള്‍ പകര്‍ന്നുകൊടുത്ത് അവരുടെ ജീവിതം സംശുദ്ധമാക്കുന്നതില്‍ ഈ അനുഗ്രഹീത സംഘ ശക്തിയുടെ പങ്ക് അനിഷേധ്യമാണ്.
അദ്ധ്യാപന രംഗത്ത് ശാസ്ത്രീയ നൂതന രീതികള്‍ സ്വീകരിക്കുന്നതിനായി, വിദ്യാഭ്യാസ ബോര്‍ഡ് വ്യവസ്ഥാപിതമായി നടത്തി വരുന്ന ട്രൈനിംഗിനു റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഖേനയാണ് മുഅല്ലിമുകള്‍ക്ക് അവസരം കൈവരുന്നത്. ലോവര്‍, ഹയര്‍, സെക്കണ്ടറി തലങ്ങളില്‍ ഇതിനകം യഥാക്രമം 17604, 3859, 309 അദ്ധ്യാപകര്‍ മുഅല്ലിം പരീക്ഷയില്‍ വിജയിച്ച സാക്ഷി പത്രങ്ങളുള്ളവരാണ്. ഇതിനു പുറമെ 36780 പേര്‍ ഹിസ്ബ് സര്‍ട്ടിഫിക്കറ്റും 26401 പേര്‍ ട്രൈനിംഗ് സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
അദ്ധ്യാപകരുടെ വിവിധ മേഖലയിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിനു രൂപയാണ് ഈ സംഘ സംവിധാനം പ്രതി വര്‍ഷം വിനിയോഗിച്ചു കൊണ്ടിരിക്കുന്നത്. വിവാഹം, പാര്‍പ്പിട നിര്‍മ്മാണം, ചികിത്സ, കിണര്‍ കക്കൂസ് സ്ഥാപിക്കല്‍, മരണാനന്തര ചടങ്ങ് എന്നീ ഇനത്തിലും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മറ്റു രീതിയിലും ഈ ക്ഷേമനിധി ലഭ്യമാണ്. കൂടാതെ, നിശ്ചിതമാനദണ്ഡങ്ങളോടെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് പെന്‍ഷന്‍ പോലും ഈ സംഘടന വിതരണം ചെയ്തു വരുന്നു.

1976 മുതലാണ് മഹല്ലുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായി ചിട്ടപ്പെടുത്തുന്നതിനും സുന്നീ മഹല്ല് ഫെഡറേഷന്‍ രൂപീകരിക്കപ്പെട്ടത്. മത ഭൗതിക വിദ്യാഭ്യാസ രംഗത്തും പ്രവര്‍ത്തന പരിചയ മേഖലയിലും വിവിധ നിലവാരത്തിലുള്ള മഹല്ലു ജമാഅത്തുകളെ തുല്ല്യ രീതിയില്‍ ഉയര്‍ന്ന നിലവാരത്തിലെത്തിച്ച് മഹല്ലുകളുടെ പ്രവര്‍ത്തനം ഏകീകരിക്കുകയും സമുദായാംഗങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം നിര്‍ദ്ദേശിക്കുകയും പള്ളികള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള ദര്‍സുകളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ഫെഡറേഷന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ചിലതാണ്. ആയിരത്തിലധികം മഹല്ലുകള്‍ ഇതിനകം ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അംഗത്വമെടുത്ത മഹല്ലുകള്‍ക്ക് വിവാഹ രജിസ്റ്ററടക്കമുള്ള ഔദ്യോഗിക രേഖകളെല്ലാം മഹല്ലു ഫെഡറേഷന്‍ ഏകീകരണ സ്വഭാവത്തോടെ തയ്യാറാക്കി നല്കി വരുന്നു.

1989 ല്‍ സംഘടിപ്പിക്കപ്പെട്ട എസ്. കെ. എസ്. എസ്. എഫ് സമസ്തയുടെ സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനും വിദ്യാര്‍ത്ഥി യുവജനങ്ങളുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ശ്ലാഘനീയമായ നേതൃത്വവും പങ്കും നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. കൃത്യമായ മാനദണ്ഡങ്ങളിലൂടെ മെമ്പര്‍ഷിപ്പ് വിതരണം ചെയ്ത്, ചിട്ടയോടെ പ്രവര്‍ത്തന തട്ടകങ്ങള്‍ വിഭജിച്ചും വിപുലമാക്കിയും പ്രശംസാര്‍ഹമായ പ്രവര്‍ത്തനമാണ് ഇത് നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിനും സമുദായത്തിനും ഒരുപോലെ നേട്ടമൊരുക്കുന്ന കാലിക സംരംഭങ്ങള്‍ ഓരോന്ന് ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോഴും പ്രതിയോഗികളടക്കമുള്ള ആര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കാതെ നോക്കാന്‍ സമസ്ത ജാഗ്രത പുലര്‍ത്തുന്നു എന്നതും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലടക്കം യാതൊന്നിലും കൃത്രിമത്വമോ തട്ടിപ്പോ ആരോപിക്കാന്‍ പഴുതില്ലാത്തവിധം സുതാര്യമാണെന്നതും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്വന്തം പേരുവെച്ച് റസീറ്റ്പോലും അടിക്കാതെ, ബാങ്ക് അക്കൗണ്ട് തുറക്കാതെ, വിദേശ ഫണ്ടോ വഴിവിട്ട ധനാഗമന മാര്‍ഗങ്ങളോ അവലംബിക്കാതെ സമസ്ത നടത്തുന്ന ഐതിഹാസിക പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് പരമ സാത്വികരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മഹാവിശുദ്ധിയുടെ ഏറ്റവും വലിയ തെളിവുകളും.
കൈമോശംവരാത്ത ഈ പൈതൃകം തന്നെയാണ് സമസ്തയുടെ ഏറ്റവും വലിയ സ്രോതസ്സും പ്രവര്‍ത്തന ഊര്‍ജ്ജവും. പേരിന്‍റെ പരിസരത്തുനിന്ന് അത്ഭുതത്തോടെ ഈ പ്രസ്ഥാനത്തെ നോക്കാമെങ്കില്‍ നദ്വത്തുല്‍ മുജാഹിദീനും തബ്ലീഗ് ജമാഅത്തിനും ജമാഅത്തെ ഇസ്ലാമിക്കും വിവിധ രൂപത്തിലറിയപ്പെട്ട ത്വരീഖത്തുകള്‍ക്കും കിട്ടാത്ത അംഗീകാരം കേരള മുസ്ലിംകളുടെ മനസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേടിയെടുത്തു. അഖിലേന്ത്യയുടെ പേരില്‍ കൗശലത്തോടെ രംഗത്തുവരുമ്പോഴും സമസ്ത എന്ന നാമം നിര്‍ലജ്ജയോടെ ഉപയോഗിക്കാന്‍ വിഘടിതള്‍ ധാര്‍ഷ്ട്യം കാണിക്കുന്നതും ഈ സംശുദ്ധത ചൂഷണം ചെയ്യാനുള്ള കുബുദ്ധിയുടെ ഭാഗമാണ്.
ആദരവും ആരാധനയും ഒന്നാകാതെ ജാഗ്രത പുലര്‍ത്തി അല്ലാഹു ആദരിച്ചവരെ ആദരിക്കാനും നിന്ദിച്ചതിനെ നിന്ദിക്കാനും പഠിപ്പിച്ച്, വിശ്വാസ-അനുഷ്ഠാന-ആചാരങ്ങളില്‍ പ്രവാചകരെയും സ്വഹാബത്തിനെയും മാതൃകയാക്കിയുള്ളജീവിതത്തിന് മുസ്ലിം കേരളത്തിന് അവസരമൊരുക്കിയത് ഈ സംശുദ്ധതയുടെ സ്വാധീനമാണ്.

തിരുകൊച്ചിയിലും കൊടുങ്ങല്ലൂരിലെ എറിയാട്ടും ഉയര്‍ന്നുപൊങ്ങിയ പുത്തനാശയത്തിന്‍റെ വിഷധൂളികള്‍ ഏല്‍ക്കാതെ, സ്ത്രീകള്‍ക്ക് ആരാധനകള്‍ക്ക് വേണ്ടി പ്രവേശനമനുവദിക്കാതെ, ഖുതുബ പരിഭാഷപ്പെടുത്താതെ, തറാവീഹിന്‍റെ എണ്ണം കുറക്കാതെയുള്ള പാരമ്പര്യ നിലപാട്, വിളിപ്പാടകലെയുള്ള ആദ്യമുസ്ലിം പള്ളിയില്‍, ചേരമാന്‍ മസ്ജിദില്‍ ഇന്നും നിലനില്‍ക്കുന്നുവെങ്കില്‍ ഈ കാത്തുവെപ്പിന്‍റെ ക്രഡിറ്റ് ഈ സംശുദ്ധ സംഘശക്തിക്ക് അവകാശപ്പെട്ടതാണ്. അതെ, അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ സമസ്ത അജയ്യമാണ്.

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*