അസം പൗരത്വ പട്ടിക: പുറത്താക്കപ്പെട്ടവരില്‍ വിവേചനം പാടില്ല

ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് സമര്‍പ്പിക്കപ്പെട്ട അസം പൗരത്വത്തെ സംബന്ധിച്ച ഹരജി ദീര്‍ഘകാല ചര്‍വ്വിത ചര്‍വ്വണങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ശേഷം ഓഗസ്റ്റ് 31 ന് അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നു. 19,06,657 പേരെ പുറത്താക്കുകയും 3.11 കോടിയോളം വരുന്നവരെ ഉള്‍ക്കൊള്ളിക്കുകയും ചെയ്ത എന്‍.ആര്‍.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) യുടെ അന്തിമ പൗരത്വ പട്ടിക രാജ്യത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കരടു പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട 41 ലക്ഷം പേരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിച്ചാണ് അന്തിമ പട്ടിക പ്രസിദ്ധീകൃതമായിട്ടുള്ളത്. സ്വാതന്ത്ര്യാനന്തര ബംഗ്ലാദേശില്‍ നിന്നും അസമിലേക്ക് കുടിയേറിപ്പാര്‍ത്ത സര്‍വ്വരെയും പുറത്താക്കണമെന്ന തദ്ദേശ സംഘടനകളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്നാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊള്ളുന്നത്.
ഇന്ത്യപാക്ക് വിഭജനത്തിനു ശേഷം കിഴക്കന്‍ പാക്കിസ്ഥാനായിരുന്ന ഇന്നത്തെ ബംഗ്ലാദേശില്‍ നിന്നും ആഭ്യന്തര കലഹം മൂലം നിരവധിയാളുകള്‍ അസമില്‍ കുടിയേറിപ്പാര്‍ക്കുകയുണ്ടായി. ബംഗ്ലാദേശിലെ സാമൂഹിക അസ്വാരസ്യങ്ങള്‍ മൂര്‍ച്ഛിച്ചപ്പോഴെല്ലാം അസമിലേക്ക് അഭയാര്‍ത്ഥി പ്രവാഹവും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരുന്നു. അസമിന്‍റെ യഥാര്‍ത്ഥ പിന്തുണക്കാരെ തിരിച്ചറിയാത്ത രൂപത്തില്‍ വംശീയ സങ്കലനം രൂക്ഷമായപ്പോള്‍ 197985 കാലയാളവില്‍ വിദേശികളെ കണ്ടെത്തി അവരെ പുറത്താക്കണമെന്നും വോട്ടവകാശം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എ.എ.എസ്.യു / എ.എ.ജി.എസ്.പി എന്നീ സംഘടനകള്‍ ആറു വര്‍ഷം നീണ്ട പ്രക്ഷോഭം നടത്തുകയുണ്ടായി. തുടര്‍ന്ന് കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടന്ന കൂട്ടക്കൊലയില്‍ 3000 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ കൂട്ടക്കൊലയും തുടര്‍ച്ചയായുണ്ടായ കലാപങ്ങളും പൗരത്വ നിര്‍ണ്ണയത്തെ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുക്കാന്‍ കാരണമായി. അന്നു മുതല്‍ തുടങ്ങിയ എന്‍.ആര്‍.സിയുടെ അക്ഷീണ പ്രയത്നം 2013 ല്‍ പ്രതീക് ഹജേലയുടെ നേതൃത്വത്തില്‍ 52,000 ഉദ്യോഗസ്ഥര്‍ പൗരത്വ നിര്‍ണ്ണയ പ്രക്രിയ ത്വരിതപ്പെടുത്തുകയും ഒടുവില്‍ ഓഗസ്റ്റ് 31 ന് എന്‍.ആര്‍.സി അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.
നിലവില്‍ പുറത്താക്കപ്പെട്ടവരുടെ ഭാവി തീര്‍ത്തും ഇരുളടഞ്ഞതാണ്. അവര്‍ക്കായി പത്തോളം ഭീമന്‍ തടവുകേന്ദ്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു. അവര്‍ക്ക് തങ്ങളുടെ പൗരത്വം ഇനി തെളിയിക്കണമെങ്കില്‍ ബാലികേറാ മല താണ്ടേണ്ടതുണ്ട്. പക്ഷേ, പുറത്താക്കപ്പെട്ട 19 ലക്ഷത്തില്‍ തങ്ങളുടെ വോട്ടു ബേങ്കായ ബംഗാളി ഹൈന്ദവരെ പൗരത്വ ബില്ലിലൂടെ വീണ്ടും ഇന്ത്യന്‍ പൗരന്മാരാക്കി മാറ്റാന്‍ ഹൈന്ദവ സംഘടനകള്‍ ശ്രമിക്കുമെന്നതില്‍ പക്ഷാന്തരമില്ല.എന്നാല്‍ മതഭേധമന്യേ, പുറത്താക്കപ്പെട്ടവരെല്ലാം തികച്ചും അശക്തരും അതിജീവനത്തിന് പാട്പെടുന്നവരുമാണ്.എല്ലാവരേയും ഒരേ കണ്ണ് കൊണ്ട് കാണുന്നതിന് പകരം പ്രതിസന്ധിഘട്ടങ്ങളില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് സംതൃപ്തി അടയുന്നത് ശുഭകരമല്ല. തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് മേല്‍ക്കൂര പണിയേണ്ടവര്‍ സാമൂഹിക സംഘര്‍ഷങ്ങള്‍ മെനഞ്ഞ് മുതലെടുപ്പ് നടത്തുന്നത് അവസാനിപ്പിച്ച് ഭാരത മണ്ണില്‍ ജനിച്ചവരെയെല്ലാം ഒരേ കണ്ണോടെ കാണുകയും, അസമില്‍ പുറത്താക്കപ്പെട്ടവരുടെ അതിജീവനം സുഗമമാക്കുകയുമാണ് ചെയ്യേണ്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*