അരാംകോ ആക്രമണത്തിന് പിന്നാലെ എണ്ണ വില കുതിക്കുന്നു, ഇന്ന് ഒരുവീപ്പക്ക് കൂടിയത് 800 രൂപ; മാറ്റം ഇന്ത്യന്‍ വിപണിയെയും ബാധിക്കും

റിയാദ്: സഊദി അരാംകോക്ക് കീഴിലെ ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ പ്ലാന്റില്‍ ഹൂതി ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ ഉല്‍പാദനം പകുതിയിലധികം കുറച്ചതോടെ എണ്ണവില കുതിച്ചുയരുന്നു. ഇന്ന് ഒരുവീപ്പക്ക് 11 യു.എസ് ഡോളറിലേറെ (800 രൂപയോളം) ആണ് ഒറ്റയടിക്ക് കൂടിയത്. നാലുമാസത്തെ റെക്കോര്‍ഡ് മറികടന്ന് 19 ശതമാനം വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്.
ശനിയാഴ്ചയാണ് സൌദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. 5.7 ദശലക്ഷം വീപ്പയുടെ കുറവാണ് ആക്രമണത്തിന് ശേഷം സൗദിയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ ഉണ്ടായത്. അതായത് ആഗോള വിപണിയില്‍ നേരിട്ടത് ആറ് ശതമാനം വരെ എണ്ണയുടെ കുറവ്. ഇതിന് പിന്നാലെയാണ് എണ്ണ വില 60 ഡോളറില്‍ നിന്നും 71ലേക്കെത്തിയത്. 28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം വില ഒറ്റയടിക്ക് ഉയര്‍ന്നത്. 20 ശതമാനത്തിലേറെ വിലയിങ്ങിനെ ഒറ്റയടിക്ക് വര്‍ധിക്കുന്നത് 28 വര്‍ഷത്തിന് ശേഷമാണ്. മുന്‍കാലങ്ങളില്‍ സഊദി അരാംകോയിലെ ആക്രമണം ആഗോളതലത്തില്‍ എണ്ണവിപണിയെ ബാധിച്ചിരുന്നു.
ശനിയാഴ്ചയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പ്ലാന്റിന് നാശനഷ്ടം സംഭവിച്ചിരുന്നു. എണ്ണയ്‌ക്കൊപ്പം വാതക ഉല്‍പാദനവും താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഉല്‍പാദനം പഴയനിലയിലെത്തിക്കാന്‍ കഴിയുമെന്ന് സഊദി അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു.
അതേസമയം, ആക്രമണം നടന്ന ശനിയാഴ്ച അന്താരാഷ്ട്ര വിപണിയിലെ എണ്ണവിതരണം സാധാരണനിലയില്‍ തന്നെ നടന്നുവെന്ന് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*