അമവീ ഭരണകൂടത്തിന്‍റെ ഭരണമുന്നേറ്റങ്ങള്‍

അബ്ദുല്‍ റഊഫ്. എ.കെ നടമ്മല്‍പൊയില്‍

ഇസ്ലാമിക ചരിത്രത്തിലെ ശോഭനമായ അധ്യായമാണ് അമവി ഭരണകൂടം. മുആവിയ (റ) വിനാല്‍ അടിത്തറ പാകിയ ഖിലാഫത്താണ് അമവി ഭരണകൂടം. 92 വര്‍ഷം നിലനിന്ന ഈ ഭരണകൂടത്തിന്‍റെ നേതൃനിരയില്‍ 24 വര്‍ഷം മുആവിയ(റ) വിന്‍റെ കുടുംബവും 68 വര്‍ഷം മര്‍വ്വാന്‍റെ കുടുംബവുമായിരുന്നു. അുആവിയ (റ) വിന്ന് പുറമെ ഭരണകര്‍ത്താക്കളില്‍ പ്രാധാനികളാണ് അദേദഹത്തിന്‍റെ മകന്‍ യസീദ്, അബ്ദുല്‍ മലിക്, വലീദ്ബ്നു അബ്ദുല്‍ മലിക്ക് , സുലൈമാനുബ്നു അബ്ദുല്‍ മലിക്ക്, ഉമറുബ്നു അബ്ദില്‍ അസീസ്, ഹിശാമുബ്നു അബ്ദില്‍ മലിക്ക് എന്നിവര്‍. ജനങ്ങളെ ഭരിക്കണമെന്നാഗ്രഹിച്ച ഭരണാധികാരി മുആവിയ്യ(റ) ഹസന്‍ (റ) സ്ഥാനമൊഴിഞ്ഞയുടനെ അധികാരമേറ്റെടുക്കുകയും ജനങ്ങളോടു ബൈഅത്ത് ചെയ്യാനാവശ്യപ്പെടുകയും ചെയ്തു.

തെരെഞ്ഞെടുപ്പിലൂടെയല്ലാതെ അധികാരത്തിലെത്തിയ ആദ്യ ഖലീഫ കൂടിയാണദ്ദേഹം. ഇരുപത് വര്‍ഷത്തോളം ജനങ്ങളെ നയിച്ച അദ്ദേഹം രാജകീയ ജീവിതത്തില്‍ തല്‍പരനായിരുന്നുവെങ്കിലും നീതി പൂര്‍ണ്ണമായ ഭരണം തന്നെയായിരുന്നു കാഴ്ചവെച്ചത്. കാരണം അദ്ദേഹം തന്‍റെ വീക്ഷണഗതി വിശദീകരിക്കുന്നതിങ്ങനെയാണ്. ചാട്ടവാര്‍ മതിയായ സ്ഥലത്ത് ഞാന്‍ ഖണ്ഗം പ്രയോഗിക്കുകയില്ല നാവ് മതിയായിടത്ത് ചാട്ടവാറും പ്രയോഗിക്കുകയില്ല. നബി(സ്വ)യുടെ പേരമക്കളായ ഹസന്‍, ഹുസൈന്‍ (റ) എന്നിവരെ പണം കൊണ്ടും മറ്റും നിര്‍ലോഭമായി സഹായിച്ച മുആവിയ(റ) നദികള്‍ നിര്‍മിക്കുക. കുളം കുഴിക്കുക,എന്നീ ജനക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. അതോടൊപ്പം ഇസ്ലാമിക ലോകത്ത് കുതിരത്തപാല്‍ ഏര്‍പ്പെടുത്തിയതും അദ്ദേഹമായിരുന്നു.

അലി(റ)ന്ന് തന്‍റെ ഭരണകാലത്ത് ചില പ്രയാസങ്ങള്‍ കാരണം ഉസ്മാന്‍(റ)ന്‍റെ ഘാതകരെ കണ്ടെത്താനാവാതിരിക്കുകയും, ഈ പ്രയാസങ്ങളറിയാത്ത മുആവിയ പ്രതിഷേധമറിയിക്കുകയും അത് സംഘട്ടനമായി മാറുകയും ചെയ്തു. ഇതും തനിക്ക് ശേഷം സ്വന്തം മകന്‍ യസീദിനെ രാജാവായി പ്രഖ്യാപിച്ചതുമാണ് അുആവിയ യുടെ സല്‍പേരിനു പ്രഹരമേല്‍പ്പിച്ചത്. ഭരണം ഒരു വ്യക്തിയുടെയും അനന്തരസ്വത്തല്ല എന്ന ബോധമുള്‍കൊണ്ടവരായിരുന്നു ഖുലഫാഉ റാശിദുകള്‍. ഈ ബോധമുറച്ച ജനങ്ങള്‍ക്ക് യോഗ്യരെ തഴഞ്ഞു കൊണ്ടുളള ഈ പ്രഖ്യാപനം അത്ര രസിച്ചില്ല.

അതോടൊപ്പം ജനങ്ങള്‍ അദ്ദേഹത്തെ ബൈഅത്ത് ചെയ്തത് മെനഞ്ഞെടുത്ത ചില ആന്തരിക സമ്മര്‍ദങ്ങളുടെ ഫലമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വേഛകള്‍ നടപ്പിലാക്കിയ ക്രൂരനായിരുന്നു യസീദ് (ഹി.60-64). ജനങ്ങളോടു ബൈഅത്തു ചെയ്യാനായി കൂഫയിലേക്ക് പുറപ്പെട്ട നബി(സ്വ) യുടെ പേരമകന്‍ ഹുസൈന്‍(റ)വിനെയും സംഘത്തെയും കൊലചെയ്യാന്‍ ഇബ്നു സിയാദിന് വഴിയൊരുക്കിക്കൊടുത്തത് ഇദ്ദേഹമായിരുന്നു. അനേകം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും ചെയ്തത് ഇതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ തന്‍റെ ക്രൂര ചെയ്തികളാല്‍ പ്രജകളെ നന്നേ ബുദ്ധിമുട്ടിച്ച ഇദ്ദേഹമാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ക്രൂര ഭരണാധികാരി.

യസീദിന്‍റെ മരണത്തോടെ മുആവിയ(റ)വിന്‍റെ കുടുംബവാഴ്ച അവസാനിക്കുകയും ഉമയ്യാ കുടുംബത്തിലെ തന്നെ മര്‍വ്വാനുബ്നു ഹകമിന്‍റെ കുടുംബം അധികാരത്തിലേറുകയും ചെയ്തു. മദീനയിലെ പ്രമുഖ പണ്ഡിതന്മാരിലൊരാളായ മര്‍വ്വാന്‍റെ പുത്രന്‍ അബ്ദുല്‍ മലിക്(ഹി.65-68) തന്‍റെ 39 ാം വയസ്സില്‍ അധികാരമേറ്റെടുത്തു. അബ്ദുല്ലാഹിബ്നു സുബൈറിന്‍റെ ശേഷം ഇസ്ലാമിക ലോകത്തിന്‍റെ മുഴുവന്‍ ഭരണാധികാരിയായി അദ്ദേഹത്തിന് ഇറാഖും ഇറാനും കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഖവാരിജുകളുടെ കലാപങ്ങള്‍ നേരിടേണ്ടി വന്നു.

എന്നാല്‍ തന്‍റെ പ്രമുഖ സൈന്യാധിപനായ മുഹലബ് ബ്നു അബീ സഫ്റയിലൂടെ കലാപങ്ങളൊതുക്കിയതും അവിസ്മരണീയ അധ്യായമാണ്. നബി(സ്വ) ആകാശാരോഹണം നടത്തിയ പാറമുകളില്‍ ഖുബ്ബത്തുസ്സഖ്റ പണിഞ്ഞ ഇദ്ദേഹത്തിന്‍റെ ഭരണകാല സ്മരണയില്‍ ചേര്‍ത്തുവെക്കേണ്ട ഒന്നാണ്. ഉത്തരാഫ്രിക്ക രണ്ടാമത് ജയിച്ചടക്കാനായതും മൂസബ്നു നുസൈറിനെ ഗവര്‍ണ്ണറായി നിയമിച്ചതും തഥൈവ. അബ്ദുല്‍ മലിക്കിന് ശേഷം ഭരണാധികാരിയായത് ഇസ്ലാമിനെ ലോകത്തന്‍റെ പലഭാഗത്തേക്കുമെത്തിച്ച വലീദുബ്നു അബ്ദുല്‍മലിക്കാണ്. അദ്ദേഹത്തന്‍റെ പ്രധന സൈന്യാധിപരിലൊരാളായ ഖുതൈബ സുറാഖയും സമര്‍ഖന്തും കീവും കാശ്ഗറും ജയിച്ചടക്കി ചൈനാ അതിര്‍ത്തിവരെ എത്തിയിരുന്നു. മറ്റു പ്രധാന സൈന്യാധിപരായ ഇബ്നു ഖാസിമിലൂടെ സിന്ധ് കീഴടക്കിയതും ത്വാരിഖ് ഇബ്നു സിയാദിലൂടെ സ്പെയ്ന്‍ പിടിച്ചടക്കിയതും ഇസ്ലാമിക ചരിത്രത്തിലെ ഖലീഫ ഉമര്‍(റ)ന്‍റെ കാലഘട്ടത്തെ തികട്ടിയെടുക്കുന്ന ഓര്‍മ്മകളാണ്.

ഈ കാലഘട്ടത്തില്‍ ഇസ്ലാമിക ഖിലാഫത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളുടെ (ഇറാഖ്, ഇറാന്‍, തുര്‍ഖിസ്ഥാന്‍)ഗവര്‍ണ്ണറായിരുന്നു വൈരുദ്ധ്യ സ്വഭാവത്തിനുടമയായ ഹജ്ജാജുബ്നു യൂസുഫ്. 20 വര്‍ഷത്തോളം ഗവര്‍ണ്ണര്‍ സ്ഥാനത്തിരുന്ന ഇദ്ദേഹമാണ് വലീദുബ്നു അബ്ദുല്‍മലിക്കിന്‍റെ വിജയങ്ങളിലെ പ്രധാന സൂത്രധാരന്‍. അറബി ലിപിക്ക് പുളളികള്‍, സ്വരചിഹ്നങ്ങള്‍ എന്നിവ നല്‍കിയതും അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ ക്രൂര മര്‍ദനങ്ങളില്‍ നിന്നു പ്രധാന പണ്ഡിതര്‍ വരെ മുക്തരായിരുന്നില്ല എന്നതും ഇതുനോട് കൂട്ടിവായിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ വൈരുദ്ധ്യ വ്യക്തിത്വം വ്യക്തമാകും. വലീദിനു ശേഷം അധികാരത്തിലേറിയത് മിഫ്താഹുല്‍ ഖൈര്‍ (ډയുടെ താക്കേല്‍) എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ സഹോദരന്‍ സുലൈമാനു ബനു മാലിക്കാണ്. കരയിലൂടെയും കടലിലൂടെയും ഒരേ സമയം സൈന്യങ്ങള്‍ നടത്തിയ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ഉപരോധമാണ് ഈ കാലത്തെ സുപ്രധാനമായ സംഭവം.

ഹജ്ജാജും മറ്റു ക്രൂര ഗവര്‍ണ്ണര്‍മാരും ചെയ്തു തീര്‍ത്ത അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചത് അദ്ദേഹത്തിലെ സമാധാന പ്രിയനെ കാണക്കുന്നു. തന്‍റെ കുടുംബാംഗങ്ങളുണ്ടായിരിക്കെ അല്ലെങ്കില്‍ വിമര്‍ശനങ്ങളുണ്ടാവുമെന്നിരിക്കെ അദ്ദേഹം പണ്ഡിതനായ ഉമറുബ്നു അബ്ദുല്‍ അസീസ് (റ) നെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത് അമവി ഭരണകാലത്തെ വേറിട്ടൊരു കാഴ്ചയാണ്. പണ്ഡിതനും തികഞ്ഞ ബുദ്ധിശാലിയുമായ ഉമറുബ്നു അബ്ദുല്‍ അസീസ് ഭരണാധികാരിയായ ഉടനെ തന്‍റെ ജീവത ശൈലിയെയും പ്രവര്‍ത്തനങ്ങളെയും ശുദ്ധികലശം നടത്തി. തുടര്‍ന്ന് അഴിമതിക്കാരും ക്രൂരമായ ഗവര്‍ണ്ണര്‍മാരെയും  മറ്റു നേതൃനിരയെയും പിരിച്ചുവിട്ട ഇദ്ദേഹം അവകാളികളെ തിരഞ്ഞു പിടിച്ചു സഹായിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ തന്നെ അദ്ദേഹത്തെ അമവി ഭരണകൂടത്തിലെ നിസ്തുല്യ വ്യക്തിത്വമാക്കുകയാണുണ്ടായത്.

പൊതുമുതല്‍ ചെലവഴിക്കുന്നതില്‍ അതീവ സൂക്ഷമത പാലിച്ച ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു രാജ്യത്തെ മുഴുവന്‍ അശരണരുടെയും ലിസ്റ്റുണ്ടാക്കി അവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ രാജവാഴ്ചയെ അവസാനിപ്പിച്ച് ആദ്യകാല ഖാലാഫത്ത് വ്യവസ്ഥ തിരിച്ചു കൊണ്ടുവരുമെന്ന ഭയന്ന ചില കുബുദ്ധികള്‍ അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നു. അന്ന് അദ്ദേഹത്തിന്‍റെ വയസ്സ് വെറും 39 മാത്രമായിരുന്നു. ഉമറുബ്നു അബ്ദില്‍ അസീസിന് ശേഷവും തുടര്‍ന്ന രാജവാഴ്ചാ വ്യവസ്ഥയില്‍ ഭരണാധികാരിയായെത്തിയത് വലീദിന്‍റെ മകന്‍ യസീദായിരുന്നുവെങ്കിലും പ്രഗത്ഭരായ അമവീ ഭരണകര്‍ത്താക്കളുടെ അവസാനത്തെ കണ്ണിയാണ് പിന്നീടു വന്ന ഹിശാമുബ്നു അബ്ദുല്‍ മലിക്. പൊതുഖജനാവില്‍ നിന്ന് തനിക്കുളള വിഹിതം അനുവദനീയമാണെന്നു നാല്‍പാതാളുകളെ സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമെ അദ്ദേഹം സ്വീകരിച്ചിരുന്നുളളൂ.

ഖുറാസാന്‍, തുര്‍ക്കിസ്ഥാന്‍, അര്‍മീനിയ, അസര്‍ബൈജാന്‍, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം കലാപങ്ങള്‍ തലപൊക്കിയിരുന്നെങ്കിലും അതൊന്നും അദ്ദേഹത്തെ ദുര്‍ബലനാക്കിയില്ല. മറിച്ച് അദ്ദേഹം അതിനെയെല്ലാം അടക്കിനിര്‍ത്തുകയാണുണ്ടായത്. റഷ്യയുടെ തെക്കു ഭാഗത്തും സിന്ധിലും ഏഷ്യാമൈനറിലും ഇസ്ലാം ശക്തിയാര്‍ജിച്ചത് ഇതേകാലത്തുതന്നെയായിരുന്നു. ഹിജ്റ രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനകാലങ്ങളില്‍ അമവി കുടുംബം അധികാര തര്‍ക്കങ്ങള്‍ക്കും ആഭ്യന്തര കലാപങ്ങള്‍ക്കുളള വേദിയായി മാറി.

കിട്ടിയ അവസരം കൈമുതലാക്കി കൊണ്ട് നബി(സ്വ)യുടെ പിതൃവ്യന്‍ അബ്ബാസിന്‍റെ സന്തതികളാണ് അധികാരത്തിനവകാശികള്‍ എന്നു വാദിച്ച അബ്ബാസികള്‍ ഭരണം പിടിച്ചടക്കുകയായിരുന്നു. അബുല്‍ അബ്ബാസെന്ന സഫ്ഫാഹി (രക്ത ദാഹി) ന്‍റെ നേതൃത്വത്തില്‍ സൈന്യം നാല് ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കുകയും ഭരണത്തിലേറുകയും ചെയ്തതോടെ അമവീ കുടുംബങ്ങളുടെ ഭരണം നിലം പതിക്കുകയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തെ രാജവാഴ്ച്ചാ വീഥിയിലേക്കാനയിച്ച അമവീ ഭരണ കാലത്ത് വര്‍ദ്ധിച്ചു വന്ന ആവശ്യങ്ങള്‍ക്കനുസൃതമായി ഭരണസംവിധാനത്തില്‍ പുതിയ ചില തസ്തികകള്‍ രൂപപ്പെടുത്തുകയുണ്ടായി. കിതാബത്ത, (ഭരണാധികാരിയുടെ എഴുത്തുകാരനാവല്‍, മുദ്രയടിക്കല്‍, എന്നീ ചുമതലകള്‍)ഹാജിബ്(പാറാവുകാരന്‍), ഖാദി (ജഡ്ജ്), സ്വഹിബുല്‍ ബരീദ്(പോസ്റ്റ് മാന്‍) എന്നിവയാണിവയില്‍ ചിലത്. സുസജ്ജമായ സൈന്യങ്ങളെ നിലനിര്‍ത്താനായതും കൃഷി, വ്യവസായം, കൈത്തൊഴില്‍ എന്നിവ അഭിവൃദ്ധിപ്പെടുത്താനായതും അമവീ ഭരണകൂടത്തിന്‍റെ നേട്ടങ്ങളായിരുന്നു.

സ്വേഛാപരമായ ഭരണം തുടരുമ്പോഴും വിദ്യാ കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടുവെന്നതും അമവീ ഭരണകൂടത്തന്‍റെ വ്യവസ്ഥാപിതമായ ഗമനത്തെ ഉള്‍ക്കൊളളിക്കുന്നതാണ്. പണ്ഡിതനും മഹത്തുക്കളും ഒരിക്കലും രാജവാഴ്ചയെ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ അടിത്തറയായി അംഗീകരിച്ചിരുന്നില്ല. മുസ്ലിംകള്‍ തന്നെ പരസ്പരം കൂട്ടക്കുരുതിക്ക് മുതിരുന്നതില്ലാതാക്കാന്‍ മാത്രമായിരുന്നു അവര്‍ അതിനു വഴങ്ങിയത്.

എന്നാല്‍, അനീതിക്കെതിരെ പോരാടുന്നതില്‍ ഇവര്‍ വിട്ടുവീഴ്ചക്കു തയ്യാറായിരുന്നില്ല. തന്മൂലം കഠിന ശിക്ഷകള്‍ അവര്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെ. തന്‍റെ പിന്‍ഗാമിയെ നിശ്ചയിച്ച രാജാവിനെതിരെ ശബ്ദിച്ച പ്രസിദ്ധ താബിഈ ആയ സഈദുബ്നു മുസയ്യിബിന് ജയില്‍വാസവും ചമ്മട്ടി പ്രഹരവും ഏറ്റുവാങ്ങേണ്ടി വന്നു. ചുരുക്കത്തില്‍, അമവി ഭരണ കൂടം സമൂഹത്തെ കെട്ടുറപ്പുളള ഭരണ സംവിധാനത്തിലേക്ക് നയിച്ചപ്പോള്‍ നിരക്ഷരരെ സാക്ഷരരാക്കുന്നതിലും പ്രധാന പങ്കുവഹിച്ച ഭരണകൂടമായിരുന്നു ഇത്. നീതി നിലനിര്‍ത്തിയ വ്യാഖ്യാതരായ ഭരണാധികാരികളുടെയും അല്ലെങ്കില്‍ ക്രൂരരും നീചരുമായ ഭരണാധിപന്മാരുടെയും തുക്കങ്ങളും ഒടുക്കങ്ങളും ചരിത്രവഴികളില്‍ നിന്നാവാഹിക്കലും അതിനനുസൃതമായി നീങ്ങലും ഒരോ വ്യക്തിക്കും അത്യാവശ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*