അനാഥശാല വിവാദം: കുട്ടിക്കടത്തെന്ന പേരില്‍ കേസെടുത്തതില്‍ തെറ്റില്ല, കേസ് സാമൂഹിക നീതിവകുപ്പിന്റെ നിര്‍ദേശ പ്രകാരം: ചെന്നിത്തല

തിരുവനന്തപുരം: മുസ്‌ലിം അനാഥാലയങ്ങളിലേക്ക്് സൗജന്യവിദ്യാഭ്യാസം തേടി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെത്തിയത് ‘കുട്ടിക്കടത്താക്കി ‘ ചിത്രീകരിച്ച് കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ അന്നത്തെ പൊലിസ് നടപടികളെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പറയുന്നത് പോലെ മാത്രമേ പൊലിസിന് പ്രവര്‍ത്തിക്കാനാകൂവെന്നും പൊലിസ് നടപടികളില്‍ ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തല തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

രളത്തിലേക്ക് സൗജന്യ വിദ്യാഭ്യാസത്തിനായെത്തിയ കുട്ടികളെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തതെന്നും സംഭവം കുട്ടിക്കടത്തല്ലെന്നും ചൂണ്ടിക്കാട്ടി ബീഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ആഭ്യന്തരവകുപ്പിന് ഈ വിഷയത്തില്‍ പരിമിതമായ റോളാണ് ഉണ്ടായിരുന്നത്. മറ്റു നടപടികളെല്ലാം സാമൂഹിക നീതി വകുപ്പാണ് സ്വീകരിച്ചത്. അന്ന് സാമൂഹികനീതി വകുപ്പ് നല്‍കിയ വ്യക്തമായ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അവരെ കുറ്റവിമുക്തരാക്കിയതെന്നും ചെന്നിത്തല പറഞ്ഞു. അന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രിയായ ഡോ.എം.കെ മുനീര്‍ ആ കാര്യത്തില്‍ വ്യക്തമായ ധാരണയോടെ സമര്‍പിച്ച റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ ഇപ്പോള്‍ കോടതി വിധിയുണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

2014 മെയ് 24,25 തിയതികളിലാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയ 606 കുട്ടികളെ കുട്ടിക്കടത്ത് ആരോപിച്ച് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ബീഹാര്‍,ഝാര്‍ഖണ്ട്, പശ്ചിമബാംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു കുട്ടികളെത്തിയത്. അന്ന് അനാഥാലയം പോലുളള സേവനങ്ങള്‍ അവിടെ പോയി ചെയ്യണമെന്നും കുട്ടികളെ ഇങ്ങോട്ടു കൊണ്ടുവന്നു ബുദ്ധിമുട്ടിക്കരുതെന്നും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പറഞ്ഞത് വിവാദമായിരുന്നു

Be the first to comment

Leave a Reply

Your email address will not be published.


*